കൊച്ചി: വാല്മീകി രാമായണം കേവലം പുരാണകഥ മാത്രമല്ല, വിവിധ സാഹചര്യങ്ങളില്‍ എങ്ങനെ ശരിയായ ജീവിതമാര്‍ഗം തെരഞ്ഞെടുക്കണം, എങ്ങനെ പ്രാവര്‍ത്തികമാക്കണം എന്നത് കൂടിയാണെന്ന് ചിന്മയ വിശ്വ വിദ്യാപീഠം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സുദര്‍ശന്‍ ചിപ്ലുങ്കര്‍.
ജന്മഭൂമി ‘വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ എക്രോസ് ഭാരത് ആന്‍ഡ് ബിയോണ്ട്’ ത്രിദിന ദേശീയ കോണ്‍ക്ലേവില്‍ ധര്‍മ്മം പ്രവര്‍ത്തനത്തില്‍ – വാല്മീകി രാമായണത്തിലെ ജീവിത മൂല്യങ്ങളുടെ പര്യവേക്ഷണം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാമന്‍ സ്വന്തം ജീവിതത്തിലൂടെ പകര്‍ന്നു നല്‍കിയ നീതി, കടമ, സത്യനിഷ്ഠ, ഉത്തരവാദിത്തം, കരുണ, ആത്മനിയന്ത്രണം, മറ്റുള്ളവരോടുള്ള ബഹുമാനം തുടങ്ങിയവ എന്നും കൂടെക്കൂട്ടാന്‍ പറ്റുന്ന ജീവിതമൂല്യങ്ങള്‍ കൂടിയാണ് എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
ധാര്‍മിക മൂല്യച്യുതികള്‍ ഇന്ന് നമ്മുടെ സമൂഹത്തില്‍ ധാരാളമായി നിലനില്‍ക്കുന്നു. അത്തരത്തിലൊരു സന്ദര്‍ഭത്തിലാണ് നമ്മുടെ രാമായണ കോണ്‍ക്ലേവില്‍ ഇത്തരമൊരു വിഷയം ചര്‍ച്ച ചെയ്യപ്പെടുന്നതെന്ന് ശോധ് ദേശീയ കണ്‍വീനര്‍ ആര്‍. ഇന്ദുചൂഡന്‍ പറഞ്ഞു. മോഡറേറ്റര്‍ ആയി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ ഭാവി വാഗ്ദാനങ്ങള്‍ക്ക് കരുത്ത് പകരുന്ന ഒരു കാലാംശം ആവട്ടെ ഇതെന്ന് ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















