കൊച്ചി: പൊതുജന ബോധം ഉണര്‍ത്തുന്നതില്‍ ജന്മഭൂമിയുടെ പങ്ക് മഹത്തരമാണെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. അടിയന്തരാവസ്ഥാകാലത്ത് ജന്മഭൂമി നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. വിജയകരമായ യാത്രയില്‍ ജന്മഭൂമിയെ അഭിനന്ദിക്കുന്നു. ജന്മഭൂമിയുടെ പങ്ക് സംസ്‌കാരം, പൈതൃകം, പാരമ്പര്യം എന്നിവ മനസിലാക്കുന്നതിന് ജന്മഭൂമി വേദി നല്‍കിയിട്ടുണ്ട്. രാമകഥ ഏഷ്യ മുഴുവന്‍ സഞ്ചരിച്ചു. നേപ്പാള്‍ ശ്രീലങ്ക, കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലും രാമായണം പ്രചാരത്തിലുണ്ട്. ജനസംഖ്യയുടെ 90 ശതമാനം മുസ്ലീങ്ങളായ ഇന്തോനേഷ്യയിലും രാമായണം പ്രചാരത്തിലുണ്ട്. രാജസ്ഥാനിലെ മേവാത്തില്‍ മുസ്ലീം യോഗികള്‍ രാമകഥ പാടുന്ന ഒരു പാരമ്പര്യമുണ്ട്. കേരളത്തിലെ മാപ്പിള രാമായണവും ഈ പാരമ്പര്യത്തിന്റെ മനോഹരമായ ഉദാഹരണമാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
ഉദ്ഘാടന ചടങ്ങില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് ‘പ്രസര’ യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാജ്‌നാഥ് സിങ് നിര്‍വഹിച്ചു. ഉത്തരാഖണ്ഡില്‍ നടന്ന ഏഷ്യാ പസഫിക് ഇന്റര്‍നാഷണല്‍ യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് ഇരട്ട വെങ്കല മെഡല്‍ നേടിയ എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥി ക്രിസ്റ്റ വര്‍ഗീസിനെ കേന്ദ്രമന്ത്രി രാജ്നാഥ്‌സിങ് ആദരിച്ചു.
















