കൊല്ലം : സ്‌കൂട്ടറില്‍ കറങ്ങിനടന്ന് പെണ്‍കുട്ടികളെ കടന്നുപിടിച്ച് ഉപദ്രവിച്ച ശേഷം രക്ഷപ്പെടുന്ന യുവാവ് പിടിയില്‍. നെടുവത്തൂരില്‍ കോഴിക്കട നടത്തുന്ന പുത്തൂര്‍ ആലയ്‌ക്കല്‍ ജംക്ഷനു സമീപം ചെറുമങ്ങാട് കുഴിയില്‍ പുത്തന്‍വീട്ടില്‍ ലിജോ ജോസഫ് (33) ആണ് പിടിയിലായത്.
ഹെല്‍മറ്റും മാസ്‌ക്കും ധരിച്ച് നീല സ്‌കൂട്ടറില്‍ എത്തി കഴിഞ്ഞ നാലു മാസത്തിനിടെ കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ ഭാഗങ്ങളിലായി 12 ഓളം പെണ്‍കുട്ടികളെ ഉപദ്രവിച്ചതായി പ്രതി സമ്മതിച്ചതായി അന്വേഷണസംഘം പറഞ്ഞു. ശൂരനാട്, കിഴക്കേ കല്ലട സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തിയുള്ള കേസുകള്‍ നിലവിലുണ്ട്. കാല്‍നടയായോ സൈക്കിളിലോ പോകുന്ന സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ എത്തുമ്പോഴാണ് ആക്രമണത്തിനിരയായത്.
സ്‌കൂട്ടറിന്റെ നമ്പര്‍ പ്ലേറ്റ് ചെളി തേച്ച് മറച്ചും ഒരുഭാഗം ഒടിച്ച നിലയിലും റജിസ്‌ട്രേഷന്‍ നമ്പര്‍ കാണാത്ത തരത്തിലാണ് ഇയാള്‍ യാത്ര ചെയ്യുന്നത്.
















