
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലെ ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താനായി സ്ഥാപിച്ച നിർമ്മിത ബുദ്ധി (എ.ഐ) കാമറകളുടെ പ്രവർത്തനം കെല്‍ട്രോണ്‍ താല്‍ക്കാലികമായി നിർത്തിവെച്ചു. സർക്കാരില്‍ നിന്നും ലഭിക്കാനുള്ള കോടിക്കണക്കിന് രൂപയുടെ കുടിശ്ശിക വൈകിയതാണ് പദ്ധതിയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി ഏകദേശം 60 കോടിയോളം രൂപയാണ് സർക്കാർ കെല്‍ട്രോണിന് നല്‍കാനുള്ളത്.
മാസങ്ങളായി ഇതിന്റെ ഗഡുക്കള്‍ മുടങ്ങിയതോടെയാണ് പദ്ധതിയുമായി മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിയത്. ധനസഹായം ലഭിക്കാത്തതിനെത്തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ, വിവിധ കണ്‍ട്രോള്‍ റൂമുകളിലേക്കുള്ള ഇന്റർനെറ്റ് സേവനദാതാക്കള്‍ കണക്ഷനുകള്‍ വിച്ഛേദിച്ചു. ഇതിനുപുറമേ, ജീവനക്കാർക്ക് ശമ്പളം നല്‍കാൻ കഴിയാതെ വന്നതോടെ പദ്ധതിക്കായി നിയമിച്ചിരുന്ന നിരവധി കരാർ ജീവനക്കാരെയും കെല്‍ട്രോണ്‍ പിരിച്ചുവിട്ടു.
കാമറകളിലെ ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമുകളിലേക്ക് എത്താതായതോടെ നിയമലംഘനങ്ങള്‍ കണ്ടെത്താനും പിഴ ചലാൻ അയക്കാനുമുള്ള നടപടികള്‍ പൂർണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. കുടിശ്ശിക തുക സർക്കാർ അടിയന്തരമായി അനുവദിച്ചാല്‍ മാത്രമേ സേവനങ്ങള്‍ വീണ്ടും പുനഃസ്ഥാപിക്കാൻ സാധിക്കൂ എന്നാണ് കെല്‍ട്രോണ്‍ അധികൃതർ അറിയിച്ചിട്ടുള്ളത്.