ന്യൂഡൽഹി ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ. ‘ചാന്ദ്‌നി വൈറ്റനിംഗ് ക്രീം’, ‘ഗോരി ബ്യൂട്ടി ക്രീം’ എന്നിവയാണ് ഇന്ത്യ നിരോധിച്ചത്. ഇത്തരം അനധികൃത സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളുടെ വിൽപ്പനയെക്കുറിച്ച് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ അടുത്തിടെ പൊതുജനാരോഗ്യ മുന്നറിയിപ്പും . CDSCO നോട്ടീസിൽ പരാമർശിച്ചിരിക്കുന്ന രണ്ട് ഉൽപ്പന്നങ്ങൾ ‘ചാന്ദ്‌നി വൈറ്റനിംഗ് ക്രീം’, ‘ഗോരി ബ്യൂട്ടി ക്രീം’ എന്നീ വൈറ്റ്നിംഗ് ക്രീമുകളാണ്. ഇവ രണ്ടും പാകിസ്ഥാനിലാണ് നിർമ്മിക്കുന്നത്.
ഈ ക്രീമുകളിൽ നിശ്ചിത പരിധിക്കപ്പുറം “അമിത അളവിൽ ഘന ലോഹങ്ങൾ” അടങ്ങിയിട്ടുണ്ടെന്ന് ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ പറഞ്ഞു. ഈ ക്രീമുകളുടെ ഉപയോഗം വിഷാംശമുണ്ടാക്കുകയും, ഗുരുതരമായ ആരോഗ്യ അപകടമുണ്ടാക്കുകയും ചെയ്യും.
“അംഗീകൃതമല്ലാത്ത സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഉപയോഗത്തിനെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പ് – ഉപഭോക്താക്കൾ ഉപയോഗിക്കുന്ന സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ പൊതുജനങ്ങൾക്ക് സുരക്ഷിതമായിരിക്കണം. 1940 ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടും 2020 ലെ സൗന്ദര്യവർദ്ധക നിയമങ്ങളും അനുസരിച്ചാണ് അവയുടെ നിർമ്മാണവും ഇറക്കുമതിയും നിയന്ത്രിക്കുന്നത്.
സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾക്കുള്ള മാനദണ്ഡങ്ങൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) പുറപ്പെടുവിക്കുന്നു. വിൽപ്പനയ്‌ക്കും വിതരണത്തിനുമായി സൗന്ദര്യവർദ്ധക വസ്തുക്കൾ നിർമ്മിക്കുന്നതിന്, സംസ്ഥാന ലൈസൻസിംഗ് അതോറിറ്റിയിൽ നിന്ന് ലൈസൻസ് ആവശ്യമാണ്. സൗന്ദര്യവർദ്ധക വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിന്, നിർദ്ദിഷ്ട നിയമങ്ങൾ അനുസരിച്ച് ഉൽപ്പന്നങ്ങൾ കേന്ദ്ര ലൈസൻസിംഗ് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തിരിക്കണം” എന്ന് സർക്കാർ നോട്ടീസിൽ പറയുന്നു.
“പാകിസ്ഥാനിൽ നിർമ്മിച്ച ‘ഗോരി ബ്യൂട്ടി ക്രീം’, ‘ചാന്ദ്‌നി വൈറ്റനിംഗ് ക്രീം’ എന്നിവ വാങ്ങരുതെന്ന് ഉപഭോക്താക്കൾക്ക് നിർദ്ദേശമുണ്ട്. കൂടാതെ, നിർമ്മാണ ലൈസൻസ് നമ്പർ, നിർമ്മാതാവിന്റെ വിശദാംശങ്ങൾ, ബാച്ച് നമ്പർ, നിർമ്മാണ തീയതി, കാലാവധി തീയതി, രജിസ്ട്രേഷൻ നമ്പർ (ഇറക്കുമതി ചെയ്ത സൗന്ദര്യവർദ്ധക വസ്തുക്കളുടെ കാര്യത്തിൽ) എന്നിവ ഉൾക്കൊള്ളുന്ന സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ മാത്രമേ വാങ്ങാനും ഉപയോഗിക്കാനും ആളുകളോട് നിർദ്ദേശിക്കുന്നു,” നോട്ടീസിൽ പറയുന്നു.
















