കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടിക്കേസില്‍ മറഞ്ഞിരുന്നു ചരടുവലിച്ചിരുന്ന വില്ലന്‍ പുറത്തായതോടെ ഇ ഡി അന്വേഷണം അന്തിമ ഘട്ടത്തിലേക്ക്. മന്ത്രിയായിരുന്ന കാലത്ത് റിയാസിന്റെ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു ഹവാല ഇടപാടുകളെന്ന ഞെട്ടിക്കുന്ന കാര്യമാണ് പുറത്തുവന്നത്. ഇ ഡി ഡിജിപിക്കയച്ച കത്തിലാണ് ഇക്കാര്യങ്ങള്‍.റിയാസിന്റെ സ്റ്റാഫ് അംഗങ്ങളും സുഹൃത്തുക്കളുമായിരുന്നു ഇതിന് ചുക്കാന്‍ പിടിച്ചത്.
ഹവാല കടത്തിനായി മാത്രം 16 അംഗ വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയെന്നാണ് ഇ ഡി ചൂണ്ടിക്കാട്ടുന്നത്. റിയാസിന്റെ സുഹൃത്ത് വാരിസിന്റെ മൊബൈല്‍ ഫോണിലെ പരിശോധനയിലാണ് ‘നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം’ വാട്സ് ആപ്പ് ഗ്രൂപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ലഭിച്ചത്. റിയാസിന്റെ സ്റ്റാഫ് അംഗങ്ങളും ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ ഒരു നമ്പര്‍ സേവ് ചെയ്തിരിക്കുന്നത് ‘മിനിസ്റ്റര്‍ റിയാസ്’ എന്ന പേരിലാണ്. ഇതിനു
പുറമേ ‘മിഥുന്‍ കിച്ചു റിയാസ് സെക്രട്ടറി’, ‘വിപിന്‍ മിനിസ്റ്റര്‍ സെക്രട്ടറി’ എന്നീ പേരുകളിലും നമ്പറുകളുണ്ടെന്നാണ് ഇ ഡി കണ്ടെത്തല്‍. റിയാസിന്റെ ഓഫീസുമായി ബന്ധപ്പെട്ടവരുടെ ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പെട്ടിരുന്നത് അതീവ ഗുരുതരമായി കാണുന്നു.
ഗ്രൂപ്പ് രൂപീകരണ ലക്ഷ്യം, ഹവാല ഇടപാടുകളുമായുള്ള ബന്ധം, ഗ്രൂപ്പിലെ അംഗങ്ങള്‍, ഫോണ്‍ നമ്പരുകള്‍, ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവ ഇ ഡി പരിശോധിക്കുന്നു. ഹവാല ഇടപാടുകാരനെന്ന് സംശയിക്കുന്ന സുബൈറിന്റെ നമ്പരും ഇതിലുണ്ട്. വാരിസിന്റെ മൊബൈല്‍ ഫോണില്‍ സുബൈറിന്റെ നമ്പര്‍ ‘ഹവാല’ എന്ന പേരിലാണ് സേവ് ചെയ്തിരിക്കുന്നത്. 2024 ജൂണ്‍- ജൂലൈകളില്‍ റിയാസില്‍ നിന്ന് ലഭിച്ച നിര്‍ദേശ പ്രകാരം അപരിചിതരായ ചിലര്‍ തന്റെ ഓഫീസില്‍ പണമെത്തിച്ചതായും പണം ഹവാല ഏജന്റ് സുബൈര്‍ വഴി അഞ്ച് തവണകളായി ദുബായ്‌യിലെ വി.പി. ഫൈജാസിന് അയച്ചു കൊടു ത്തതായും വാരിസ് മൊഴി നല്കിയെന്ന് ഇ ഡി കത്തില്‍ പറയുന്നു. ഇത് ഏകദേശം 1.2 കോടി രൂപ വരും. ഫൈജാസ്, സുബൈര്‍ എന്നിവരുമായുള്ള ചാറ്റുകളുടെ പ്രിന്റൗട്ടുകള്‍ തെളിവായി ഇ ഡി ഹാജരാക്കി.
മേയ് 27ന് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പിണറായി വിജയനൊപ്പം വീണ താമസിച്ച വാടക വീട്ടിലെ ഇ ഡിയുടെ റെയ്ഡിലാണ് അതിപ്രധാനമായ ചുവന്ന ഡയറി കണ്ടെടുത്തത്. വീണ എഴുതിയിട്ടുള്ള റെഡ് ബുക്കിലെ ഒന്‍പത് പേജുകളുടെ പകര്‍പ്പ് പോലീസ് മേധാവിക്കുള്ള റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്.
മറ്റൊരു കടലാസില്‍ വീണയുടെ ഭര്‍ത്താവ് റിയാസിന്റെ അടുപ്പക്കാര്‍ക്കു പണം നല്കിയതിന്റെ വിവരവുമുണ്ട്. ഫൈജാസ്, നിഖില്‍, വാരിസ്, ഷൈജല്‍ എന്നീ പേരുകളാണ് പ്രധാനമായുള്ളത്. വിദേശത്തുള്ള ചില ബാങ്കുകളുടെ പേരും അക്കൗണ്ട് നമ്പരുമുണ്ട്. തുകയുടെ കണക്ക് ദിര്‍ഹത്തിലാണ് എഴുതിയിരിക്കുന്നത്. 2024ല്‍ നാല് തവണ വീണ ദുബായ് സന്ദര്‍ശിച്ചതിന്റെ യാത്രാ വിവരങ്ങളും അവിടെ താമസവുമായി ബന്ധപ്പെട്ട രേഖകളും ഇ ഡിക്ക് ലഭിച്ചതായാണ് അറിയുന്നത്. ജനുവരി 29, മേയ് മൂന്ന്, ജൂലൈ രണ്ട്, നവംബര്‍ 28 എന്നീ ദിവസങ്ങളിലായിരുന്നു യാത്രകള്‍. ദുബായ്‌യിലെ ഹോട്ടലുകളില്‍ താമസിച്ച രേഖകളും ലഭിച്ചു. വീണയും റിയാസും ദുബായ്‌യിലേക്ക് ഒരുമിച്ച് പോയത് കള്ളപ്പണം വെളുപ്പിക്കാനായിരുന്നെന്ന് ഇ ഡി പറയുന്നു. വീണയ്‌ക്കു ദുബായ്‌യില്‍ വസ്ത്ര വ്യാപാരത്തിനെന്ന പേരില്‍ ബിനാമി കമ്പനി സ്ഥാപിക്കുകയായിരുന്നു ലക്ഷ്യമത്രെ. ഇ ഡി ചോദ്യം ചെയ്യലില്‍ ഹവാല ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങളെല്ലാം വീണ സമ്മതിച്ചിരുന്നു.
















