
തൃശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാലയിലെ വിവിധ തസ്തികകളിലെ ഒഴിവുകള്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ റിപ്പോര്‍ട്ട് ചെയ്യാതെ താത്കാലിക നിയമനങ്ങള്‍ നടത്തുന്നതായുള്ള ആരോപണങ്ങളില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കാര്‍ഷിക സര്‍വകലാശാല എംപ്ലോയീസ് സംഘ് എംപ്ലോയ്‌മെന്റ് ഡയറക്ടര്‍ക്ക് പരാതി നല്‍കി.
സര്‍വകലാശാലയിലെ ഒഴിവുകള്‍ നിയമാനുസൃതമായി റിപ്പോര്‍ട്ട് ചെയ്ത് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം ഉറപ്പാക്കുന്നതിനും, പിഎസ്‌സി ഉള്‍പ്പെടെയുള്ള നിയമാനുസൃത നിയമന സംവിധാനങ്ങളെ മറികടന്ന് താല്‍ക്കാലിക നിയമനങ്ങള്‍ നടത്തുന്നത് തടയുന്നതിനുമുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് പരാതിയെന്ന് സംഘ് ജനറല്‍ സെക്രട്ടറി അനൂപ് ശങ്കരപ്പിള്ള പറഞ്ഞു.
സര്‍വകലാശാലയുടെ ഉത്തരവില്‍ നിലവിലുള്ള ഒഴിവുകള്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും ദിവസവേതന, താത്കാലിക ജീവനക്കാരെ സംബന്ധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഈ നിര്‍ദേശം പൂര്‍ണമായി നടപ്പാക്കപ്പെടുന്നില്ലെന്നാണ് ആരോപണം.
സര്‍വകലാശാലയിലെ വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്നതില്‍ വ്യക്തത വരുത്തണമെന്നും, റിപ്പോര്‍ട്ട് ചെയ്യാത്ത ഒഴിവുകളുടെ മുഴുവന്‍ വിവരങ്ങളും പുറത്തുകൊണ്ടുവരണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ താത്കാലിക നിയമനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ നിയമസാധുതയും പരിശോധിക്കണമെന്നാണ് ആവശ്യം. സ്ഥിരം തസ്തികകളുമായി ബന്ധപ്പെട്ട ജോലികള്‍ പോലും ദിവസവേതന, കരാര്‍ ജീവനക്കാരെ ഉപയോഗിച്ച് നിര്‍വഹിക്കുന്ന സാഹചര്യങ്ങള്‍ സര്‍വകലാശാലയിലെ വിവിധ സ്ഥാപനങ്ങളില്‍ നിലനില്‍ക്കുന്നുവെന്നാണ് പരാതിയിലെ ആരോപണം. ഒരേ തസ്തികയില്‍ ഒരേ വ്യക്തിയെ ദീര്‍ഘകാലം തുടരുകയോ താത്കാലിക നിയമനം ആവര്‍ത്തിച്ച് പുതുക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ നിയമസാധുത പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ബന്ധുനിയമന ആരോപണത്തിലും അന്വേഷണം വേണം. സര്‍വകലാശാലയിലെ ചില തസ്തികകള്‍ പ്രത്യേക വ്യക്തികള്‍ക്ക് നിയമനം ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്ന തരത്തില്‍ മാറ്റിയെന്ന ആരോപണവും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഒരു സംഘടനാ നേതാവിന്റെ ഭാര്യക്ക് അനുകൂലമായി വെള്ളായണിയില്‍ ഉണ്ടായിരുന്ന ഒരു അസിസ്റ്റന്റ് തസ്തിക ഫോറസ്റ്റ് കോളജിലേക്ക് മാറ്റുകയും തുടര്‍ന്ന് പ്രസ്തുത തസ്തികയില്‍ നിയമനം നല്‍കുകയും ചെയ്തുവെന്ന ആരോപണമാണ് പ്രത്യേകം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷങ്ങളിലെ മുഴുവന്‍ ഒഴിവുകളും താത്കാലിക നിയമനങ്ങളും പരിശോധിക്കുക, എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ഒഴിവുകള്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യുക, 2026ലെ സര്‍വകലാശാലാ ഉത്തരവിന് ശേഷം നടത്തിയ നിയമനങ്ങള്‍ പരിശോധിക്കുക, നിയമവിരുദ്ധത കണ്ടെത്തിയാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. പ്രസിഡന്റ് അജി വി.എന്‍., ജനറല്‍ സെക്രട്ടറി അനൂപ് ശങ്കരപ്പിള്ള, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം സുജിത്ത് എ.ഡി എന്നിവരുടെ നേതൃത്വത്തിലാണ് എംപ്ലോയ്‌മെന്റ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്.