തൃശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാലയില്‍ വിവിധ തസ്തികകളില്‍ ചട്ടങ്ങള്‍ മറികടന്ന് ദിവസവേതന, കരാര്‍ നിയമനങ്ങള്‍ തുടരുന്നതായും ബന്ധുനിയമനത്തിന് വഴിയൊരുക്കുന്ന നടപടികള്‍ നടക്കുന്നതായും ബിഎംഎസ് ആരോപിച്ചു. സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍വകലാശാല തന്നെ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്നതായും സംഘടന കുറ്റപ്പെടുത്തി.
ദിവസവേതനക്കാരെയും കരാര്‍ ജീവനക്കാരെയും പിരിച്ചുവിടുകയും നിലവിലുള്ള ഒഴിവുകള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ റിപ്പോര്‍ട്ട് ചെയ്ത് ചട്ടപ്രകാരമുള്ള നിയമന നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് നിര്‍ദേശിച്ച് സര്‍വകലാശാല രജിസ്ട്രാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഉത്തരവ് പുറപ്പെടുവിച്ച ഭരണസംവിധാനത്തിന്റെ നേതൃത്വത്തില്‍ തന്നെ അതിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത സാഹചര്യമാണിപ്പോഴെന്നാണ് ബിഎംഎസ് ആരോപണം. സര്‍വകലാശാല ആസ്ഥാന കാര്യാലയം ഉള്‍പ്പെടെയുള്ള ചില സ്ഥാപനങ്ങളിലാണ് ചട്ടവിരുദ്ധമെന്ന് ആരോപിക്കപ്പെടുന്ന താത്കാലിക നിയമനങ്ങള്‍ കൂടുതലായി നടക്കുന്നതെന്നാണ് സംഘടനയുടെ വാദം. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നിലവിലിരിക്കെ ഇത്തരം നിയമനങ്ങള്‍ തുടരുന്നത് ഗുരുതരമായ ഭരണവീഴ്ചയാണെന്നും ബിഎംഎസ് ചൂണ്ടിക്കാട്ടി.
ഉദ്യോഗാര്‍ത്ഥികളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു
പിഎസ്സി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ നിയമനത്തിനായി കാത്തിരിക്കുമ്പോള്‍, നിലവിലുള്ള ഒഴിവുകള്‍ ബന്ധപ്പെട്ട നിയമന ഏജന്‍സികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാതെ താത്കാലിക നിയമനങ്ങളിലൂടെ നികത്താനുള്ള ശ്രമം അംഗീകരിക്കാനാവില്ലെന്ന് ബിഎംഎസ് വ്യക്തമാക്കി.
സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ ഭാഗമായി ദിവസവേതന, കരാര്‍ ജീവനക്കാരെ ഒഴിവാക്കി വിജ്ഞാപനം പുറപ്പെടുവിച്ച് അഭിമുഖം നടത്തി പുതിയ നിയമനങ്ങള്‍ നടത്തുമെന്നാണ് ചില സ്ഥാപന മേധാവികള്‍ ബിഎംഎസ് നേതാക്കളെ അറിയിച്ചതെന്നും സംഘടന പറഞ്ഞു. എന്നാല്‍, നിയമനങ്ങള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാന്‍ ചില അധികാരികള്‍ ഇപ്പോഴും തയാറാകുന്നില്ലെന്നും ആരോപണമുണ്ട്. ഇതുമായി ബന്ധപ്പെട്ട് തൃശൂര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് അധികൃതരുമായി ബിഎംഎസ് നേതാക്കള്‍ നടത്തിയ അന്വേഷണത്തില്‍, സര്‍വകലാശാലയില്‍ നിന്ന് പ്രധാനപ്പെട്ട തസ്തികകളിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടുള്ള കത്തുകള്‍ ലഭിച്ചിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും സംഘടന വ്യക്തമാക്കി.
ബന്ധുനിയമന ആരോപണത്തിലും അന്വേഷണം വേണം
മുന്‍ സര്‍ക്കാരിന്റെ കാലയളവില്‍ സ്വാധീനമുള്ള ഒരു സംഘടനാ നേതാവിന്റെ ഭാര്യയ്ക്ക് അനുകൂലമായി വെള്ളായണി കാര്‍ഷിക കോളജില്‍ നിലവിലുണ്ടായിരുന്ന ഒരു അസിസ്റ്റന്റ് തസ്തിക മാറ്റി ഫോറസ്റ്റ് കോളജില്‍ സ്ഥാപിക്കുകയും തുടര്‍ന്ന് പ്രസ്തുത തസ്തികയില്‍ നിയമനം നല്‍കുകയും ചെയ്തുവെന്ന ഗുരുതരമായ ആരോപണവും ബിഎംഎസ് ഉന്നയിച്ചു. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നീതി ലഭ്യമാകുന്നതുവരെ സംഘടന പോരാട്ടം തുടരുമെന്ന് കേരള കാര്‍ഷിക സര്‍വകലാശാല എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി അനൂപ് ശങ്കരപ്പിള്ള, ബിഎംഎസ് സംസ്ഥാന സമിതി അംഗം കെ.വി. അച്ച്യുതന്‍, പാണഞ്ചേരി മേഖല സെക്രട്ടറി ദയാനന്ദന് എന്നിവര്‍ അറിയിച്ചു.
നിയമനങ്ങളുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പരിശോധിച്ച് അനധികൃതമോ ചട്ടവിരുദ്ധമോ ആയ നിയമനങ്ങള്‍ ഉണ്ടെങ്കില്‍ അവ റദ്ദാക്കുകയും, നിലവിലുള്ള ഒഴിവുകള്‍ അടിയന്തരമായി പിഎസ്സിക്കും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനും റിപ്പോര്‍ട്ട് ചെയ്യുകയും വേണമെന്ന് ബിഎംഎസ് ആവശ്യപ്പെട്ടു. വിഷയത്തില്‍ കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ അടിയന്തരമായി ഇടപെട്ട് സുതാര്യവും നിയമാനുസൃതവുമായ നിയമന സംവിധാനം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
















