കൊച്ചി: പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനി തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ ഇതേ കമ്പനിയിലെ മറ്റൊരു തൊഴിലാളി അറസ്റ്റിലായി. ബിഹാര്‍ സ്വദേശി മുഹമ്മദ് ഷാഹിലിനെയാണ് പെരുമ്പാവൂര്‍ പൊലിസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച വൈകുന്നേരം ആണ് കൊലപാതകം നടന്നത്.ബിഹാര്‍ സ്വദേശി മുഹമ്മദ് ജാഹിറാണ് കൊല്ലപ്പെട്ടത്. ജോലി സംബന്ധിച്ച് മുഹമ്മദ് ഷാഹിലും മുഹമ്മദ് ജാഹിറും തമ്മില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാഗ്വാദങ്ങളും കയ്യാങ്കളിയും നടന്നതിനെ തുടര്‍ന്നുളള വിരോധമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
മരിച്ച മുഹമ്മദ് ജാഹിര്‍ പ്രതിയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും കഴിഞ്ഞ ദിവസവും സമാനമായ സംഭവമുണ്ടായിരുന്നുവെന്നും പൊലിസ് പറഞ്ഞു. ഞായറാഴ്ച ജോലി ചെയ്യുന്നതിനിടെ കിടന്ന് ഉറങ്ങുകയായിരുന്ന മുഹമ്മദ് ജാഹിറിനെ പ്രതി കയ്യില്‍ കിട്ടിയ കമ്പിപ്പാര ഉപയോഗിച്ച് നെറ്റിയിലും മുഖത്തും ശക്തമായി അടിച്ചു. ഗുരുതര പരിക്കേറ്റ ജാഹിര്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചതായാണ് വിവരം.
















