Kerala

സംസ്ഥാനത്തിന് നേരിയ ആശ്വാസമായി കേന്ദ്ര വിഹിത ഇനത്തില്‍ 150 മെഗാവാട്ട് വൈദ്യുതി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം:വൈദ്യുതി പ്രതിസന്ധിക്കിടെ സംസ്ഥാനത്തിന് നേരിയ ആശ്വാസമായി കേന്ദ്ര വിഹിത ഇനത്തില്‍ 150 മെഗാവാട്ട് വൈദ്യുതി ഇന്ന് രാത്രി മുതല്‍ ലഭിക്കും. സംസ്ഥാന സര്‍ക്കാരിന്റെ കത്ത് പരിഗണിച്ചാണ് ഇത്. ഡിസംബര്‍ 31 വരെ 150 മെഗാവാട്ട് ലഭിക്കും. 120 മെഗാവാട്ട് അനുമതി തേടിയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്‍കിയത്.

കെഎസ്ഇബിയ്‌ക്കൊ വൈദ്യുതി വകുപ്പിനോ വലിയ സാമ്പത്തിക പ്രയാസം ഉണ്ടാകുന്നില്ല. എന്നാല്‍ 150 മെഗാവാട്ട് കൊണ്ട് പ്രതിസന്ധി പൂര്‍ണമായി പരിഹരിക്കാന്‍ കഴിയില്ല. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ വൈദ്യുതി വകുപ്പ് എല്ലാ ശ്രമങ്ങളും തുടരുന്നതിനിടെയാണ് കേന്ദ്ര വിഹിതം നേരിയ ആശ്വാസമായി എത്തുന്നത്.

വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ അടിയന്തര പരിഹാരമാര്‍ഗങ്ങള്‍ ആരായുകയാണ് കെഎസ്ഇബിയും സംസ്ഥാനസര്‍ക്കാരും. ഉത്തരേന്ത്യയില്‍ അപ്രതീക്ഷിതമായി മഴ ലഭിച്ചതോടെ അവിടുന്ന് വൈദ്യുതി വാങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി.

ഇതിന് പുറമെയാണ് നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം. ഈ മാസം 30 വരെ 300 മെഗവാട്ട് വൈദ്യുതി ഒരു യൂണിറ്റിന് 30 രൂപ നല്‍കി വാങ്ങാനാണ് നീക്കം.

Recent Posts