തിരുവനന്തപുരം: വര്‍ക്കല ബ്ലോക്ക് പഞ്ചായത്തിലെ ഓറ്റൂര്‍ ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ഷൈല തന്റെ വിജയമുറപ്പിക്കുന്ന പ്രവര്‍ത്തനമാണ് കാഴ്ചവയ്‌ക്കുന്നത്. കഴിഞ്ഞ ദിവസം ഒറ്റൂര്‍ നോബിള്‍ സ്‌കൂളില്‍ നടന്ന ബിജെപി കണ്‍വെന്‍ഷനിലെ ജനപങ്കാളിത്തം ഇതു തെളിയിക്കുന്നതാണ്. സിപിഎം വിട്ടുവന്ന നിരവധി പ്രവര്‍ത്തകര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തിരുന്നു. ഷൈലയുടെ വലംകൈയായി സ്മിതാ സുന്ദരേശനും നിരവധി പഴയ സിപിഎം പ്രവര്‍ത്തകരും ഒപ്പമുണ്ട് എന്ന പ്രത്യേകത കൂടി ഈ തെരഞ്ഞെടുപ്പിനുണ്ട്.
വര്‍ക്കലയിലെ പ്രമുഖ സിപിഎം നേതാവ് സ്മിത സുന്ദരേശന്‍ ബിജെപിയില്‍ ചേര്‍ന്ന് നിയമസഭയിലേക്ക് മത്സരിക്കാന്‍ വേണ്ടി രാജിവച്ചതിനെ തുടര്‍ന്ന് ഒറ്റൂര്‍ ഡിവിഷനില്‍ വന്ന ഒഴിവിലേക്കാണ് ആര്‍. ഷൈല മത്സരിക്കുന്നത്. ഷൈലയും സിപിഎം വിട്ട് ബിജെപിയുടെ സജീവ പ്രവര്‍ത്തകയായ വ്യക്തിയാണ്.
മുന്‍ കേന്ദ്രമന്ത്രിയും, ബിജെപി ദേശീയ നേതാവും, കഴക്കൂട്ടം എംഎല്‍എയുമായ വി. മുരളീധരന് കൈകൊടുത്ത് ആശിര്‍വാദവും വാങ്ങി ആര്‍. ഷൈല(56) മത്സരത്തിന്റെ ചൂടിലേക്ക് ഇറങ്ങിക്കഴിഞ്ഞു.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വി. മുരളീധരന്‍ മത്സരിച്ചപ്പോള്‍ ബിജെപിക്ക് 48 ശതമാനം വോട്ട് ലഭിച്ച പഞ്ചായത്താണ് ഒറ്റൂര്‍ ഗ്രാമ പഞ്ചായത്ത്. ശോഭാ സുരേന്ദ്രന്‍ മത്സരിച്ചപ്പോഴും ഒറ്റൂര്‍ പഞ്ചായത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
പഞ്ചായത്തിലെ 9 വാര്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് വര്‍ക്കല ബ്ലോക്ക് പഞ്ചായത്തിലെ ഒറ്റൂര്‍ ഡിവിഷന്‍. നിലവില്‍ ബിജെപിക്ക് 4 വാര്‍ഡുകളില്‍ മെമ്പര്‍മാരുണ്ട്. 3 വാര്‍ഡുകള്‍ സിപിഎമ്മും 2 വാര്‍ഡുകള്‍ കോണ്‍ഗ്രസുമാണ് ഭരിക്കുന്നത്. ബിജെപിക്ക് ശക്തമായ അടിത്തറയും വേരോട്ടവുമുള്ള പഞ്ചായത്തുകളില്‍ ഒന്നാണ് ഒറ്റൂര്‍.
വര്‍ക്കല, ആറ്റിങ്ങല്‍ നിയമസഭാ മണ്ഡലത്തില്‍ സിപിഎമ്മിന്റെ അഴിമതിയും സ്വജന പക്ഷപാതത്തിലും വലിയൊരു വിഭാഗത്തിന് ശക്തമായ എതിര്‍പ്പുണ്ട്. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും സിപിഎമ്മിന് ഈ രണ്ടു മണ്ഡലങ്ങളിലും വോട്ട് കുറഞ്ഞുവരുന്ന കാഴ്ചയാണ് കണ്ടുവരുന്നത്.
ആര്‍. ഷൈല പൊതുരംഗത്ത് നിറസാന്നിധ്യമായിരുന്ന വ്യക്തിയാണ്. 2010 -15 ല്‍ പഞ്ചായത്ത് മെമ്പര്‍ സ്ഥാനം അലങ്കരിച്ചതിന് പുറമേ, ഒറ്റൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം എന്ന നിലയിലും, കഴിഞ്ഞ 8 വര്‍ഷക്കാലം ഒറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ ചെയര്‍പേഴ്‌സണായും പ്രവര്‍ത്തിച്ച പരിചയവുമുണ്ട്. ഭര്‍ത്താവും രണ്ട് മക്കളും ഉള്‍പ്പെടുന്നതാണ് ഷൈലയുടെ കുടുംബം. ബിജെപി സംസ്ഥാന ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തില്‍ ഷൈലയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം സജീവമായി കഴിഞ്ഞു.
















