
തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് യൂണിറ്റിന് 30 രൂപ വരെ നൽകി പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി. ഇക്കാര്യം ചൂണ്ടിക്കാട്ടി കെഎസ്ഇബി ഇന്ന് സർക്കാരിന് കത്ത് നൽകും. പവർകട്ടും ലോഡ് ഷെഡിങ്ങും ഒഴിവാക്കാനാണ് ഈ തീരുമാനം. തിങ്കളാഴ്ച മുതല്‍ തന്നെ പുതിയ വൈദ്യുതി എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
കെ എസ് ഇ ബിക്ക് സാമ്പത്തിക സഹായം നൽകണമെന്ന ആവശ്യവും കെഎസ്ഇബി കത്തിൽ ആവശ്യപ്പെടും. നിലവില്‍ യൂണിറ്റിന് പരമാവധി 10 രൂപ വരെ വിലയ്‌ക്ക് വൈദ്യുതി വാങ്ങാനേ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ അനുമതിയുണ്ടായിരുന്നുള്ളൂ. എന്നാല്‍, അടിയന്തര സാഹചര്യം കണക്കിലെടുത്ത് കെഎസ്ഇബി സ്വയം ഈ തീരുമാനമെടുക്കുകയായിരുന്നു. മറ്റ് പല സംസ്ഥാനങ്ങളും ഉയര്‍ന്ന വില നല്‍കി വൈദ്യുതി വാങ്ങിയാണ് പ്രതിസന്ധി നേരിടുന്നതെന്ന് കെഎസ്ഇബി സര്‍ക്കാരിന് നൽകുന്ന കത്തിൽ ചൂണ്ടിക്കാട്ടും.
എൻടിപിസിയുടെ രത്നഗിരി പവർ പ്ലാന്റിൽ നിന്ന് യൂണിറ്റിന് 30 രൂപ നിരക്കിൽ 300 മെഗാവാട്ട് വൈദ്യുതി ഈ മാസം 30 വരെ ലഭ്യമാക്കും. ഒഡിഷയിൽ നിന്ന് യൂണിറ്റിന് 10 രൂപ നിരക്കിൽ 150 മെഗാവാട്ടും, ന്യൂക്ലിയർ പവർ കോർപ്പറേഷനിൽ നിന്ന് 150 മെഗാവാട്ടും വാങ്ങാൻ ധാരണയായിട്ടുണ്ട്. കൂടുതൽ വൈദ്യുതി ഉറപ്പാക്കാൻ ബിഹാർ, മഹാരാഷ്‌ട്ര, പഞ്ചാബ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വിതരണ കമ്പനികളുമായി ചർച്ച നടത്താൻ കെഎസ്ഇബി ഡയറക്ടർമാർ യാത്ര തിരിച്ചു.
സംസ്ഥാനത്ത് ഉപഭോഗം കുത്തനെ കൂടിയ ദിവസങ്ങളില്‍ 800 മെഗാവാട്ട് വരെ വൈദ്യുതിയാണ് പുറത്തുനിന്ന് കൂടുതലായി ആവശ്യമായി വരുന്നത്. ഇതില്‍ 600 മെഗാവാട്ട് ലഭ്യമാക്കാന്‍ സാധിച്ചാല്‍ ബാക്കി വരുന്ന കുറവ് തത്സമയ വിപണിയില്‍ നിന്നോ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ പരിഹരിക്കാനാകും.