
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയനും മകള്‍ വീണ വിജയനും ഭര്‍ത്താവ് മുന്‍മന്ത്രിയും എംഎല്‍എയുമായ മുഹമ്മദ് റിയാസിനുമെതിരെ ഇ ഡി ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മാസപ്പടി കേസ് ഒരു കമ്പനിയുമായി ബന്ധപ്പെട്ടതാണ്. അതിനാല്‍ പാര്‍ട്ടി ഇടപെടേണ്ട കാര്യമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. പ്രതിപക്ഷ ഉപനേതൃ പദവിയുമായി ബന്ധപ്പെട്ട് ഇടഞ്ഞു നില്‍ക്കുന്ന സിപിഐക്ക് സിപിഎമ്മിനെ സമ്മര്‍ദത്തിലാക്കാനുള്ള പിടിവള്ളിയാണ് കേസിനെ സംബന്ധിച്ച് ഇത്രയും വിവാദങ്ങള്‍ ഉണ്ടായിട്ടും ഒന്നും അറിയില്ലെന്ന് സിപിഐ പറയുന്നത്.
ഇത് സംബന്ധിച്ച് എന്തെങ്കിലും വരികയാണെങ്കില്‍ അപ്പോള്‍ പ്രതികരിക്കാമെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇ ഡി കേസും അന്വേഷണവും രാഷ്‌ട്രീയലക്ഷ്യത്തോടെയാണെന്ന് സിപിഎം നേതാക്കളും എല്‍ഡിഎഫിലെ സിപിഐ ഒഴികെയുള്ള ഘടക കക്ഷികളും വ്യക്തമാക്കുമ്പോഴാണ് ബിനോയ് വിശ്വത്തിന്റെ വിരുദ്ധ നിലപാട്. കോഴിക്കോട് നടക്കുന്ന സിപിഎം വിശാല സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃപദവിയെ പറ്റി ചര്‍ച്ച ചെയ്യിപ്പിക്കുന്നതിന് കൂടിയുള്ള നീക്കത്തിന്റെ ഭാഗവുമാണ് സിപിഐയുടെ നിലപാട്. യുഡിഎഫ് സര്‍ക്കാര്‍ നൂറ് ദിവസം പിന്നിട്ടപ്പോള്‍ ഭരണപരാജയം ചൂണ്ടിക്കാട്ടി സമരത്തിന് എല്‍ഡിഎഫില്‍ തീരുമാനം ഉണ്ടായെങ്കിലും സിപിഐയുടെ വിരുദ്ധ നിലപാടില്‍ ഇതുവരെ കാര്യമായ സമരപരിപാടികള്‍ ഒന്നും നടത്താന്‍ സാധിച്ചില്ല. ഇ ഡി കേസിനെക്കാള്‍ പ്രതിപക്ഷ ഉപനേതൃ സ്ഥാനമാണ് സിപിഐ യോഗത്തില്‍ ചര്‍ച്ചയായത്.