കൊച്ചി: ആസൂത്രണ ബോർഡിലേക്ക് നടന്ന പരീക്ഷയുടെ മൂല്യനിർണയത്തിൽ നടന്ന ക്രമക്കേടിൽ പി.എസ്.സിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. 58 ചോദ്യങ്ങൾ മൂല്യനിർണയം നടത്താത്തത് ഗുരുതരമാണ്. ഇത് അഴിമതിയല്ലേയെന്നും കോടതി ചോദിച്ചു. പി.എസ്.സിയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കണം. യുവാക്കളുടെ പ്രതീക്ഷയാണ് പി.എസ്.സി. അതിനെ തകർക്കുന്ന നടപടികൾ അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി വിമർശിച്ചു.
അന്വേഷണം തടയണമെന്ന പി.എസ്.സിയുടെ ഹർജി പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ വിമർശനം. അന്വേഷണം തടയണമെന്ന വാദം ശരിയല്ല. പി.എസ്.സിയ്‌ക്ക് എതിരേ ഒന്നും അന്വേഷിക്കരുതെന്നാണോ നിലപാടെന്ന് കോടതി ചോദിച്ചു. അന്വേഷണം തടയണമെന്ന പി.എസ്.സിയുടെ ഹർജി നിലനിൽക്കില്ല. ഗുരുതര ആരോപണമാണ് പി.എസ്.സി.ക്കെതിരേ ഉയർന്നിരിക്കുന്നതെന്നും കോടതി പറഞ്ഞു. വാദംകേൾക്കുന്നതിന് അടുത്ത വ്യാഴാഴ്ചത്തേക്ക് ഹർജി മാറ്റി.
മൂല്യനിർണയത്തിലെ വീഴ്ച ക്ലറിക്കൽ പിഴവാണെന്നായിരുന്നു പി.എസ്.സിയുടെ വാദം. എന്നാൽ, ഇത് ആസൂത്രിതമായി നടത്തിയ കുറ്റകൃത്യമാണെന്ന് സർക്കാർ അഭിഭാഷകൻ മറുവാദം ഉന്നയിച്ചു. പരീക്ഷയിലെ ചോദ്യങ്ങൾ മൂല്യനിർണയം നടത്താതിരുന്നത് ക്ലറിക്കൽ പിഴവാണെന്ന് പറയാനാവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
പിഎസ്സി ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയിട്ടും ചോദ്യംചെയ്യലിന് ഹാജരാകാത്ത സാഹചര്യം സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്തുകൊണ്ടാണ് അവർക്കെതിരേ കർശന നടപടികൾ സ്വീകരിക്കാത്തതെന്ന് കോടതി ചോദിച്ചു. പി.എസ്.സി. അന്വേഷണവുമായി സഹകരിക്കുകയല്ലേ വേണ്ടതെന്ന് കോടതി ചോദിച്ചു.
















