ഇന്ത്യയിൽ ഇപ്പോൾ സമാധാനം അനുഭവപ്പെടുന്നില്ലെന്ന മുതിർന്ന ബോളിവുഡ് നടൻ സഞ്ജയ് ദത്തിന്റെ പ്രസ്താവന കടുത്ത ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവച്ചിരുന്നു . സോഷ്യൽ മീഡിയയിലെ ശേഖർ സുമന്റെ ‘ശേഖർ ടോണിറ്റ്’ എന്ന ടോക്ക് ഷോയിലായിരുന്നു സഞ്ജയ് ദത്തിന്റെ പ്രസ്താവന . ഇക്കാര്യത്തിലിപ്പോൾ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സഞ്ജയ് ദത്ത് .
“ഏതെങ്കിലും വ്യക്തിയുടെയോ സമൂഹത്തിന്റെയോ സംഘടനയുടെയോ വികാരങ്ങളെ വ്രണപ്പെടുത്തുകയോ അപമാനിക്കുകയോ അനാദരവ് കാണിക്കുകയോ ചെയ്യുക എന്നത് എന്റെ ഉദ്ദേശ്യമല്ല. എന്റെ പരാമർശങ്ങൾ ലഘുവായ , നർമ്മം നിറഞ്ഞതുമായ ഒരു സംഭാഷണത്തിന്റെ ഭാഗമായിരുന്നു.
ഈ പരാമർശങ്ങൾക്ക് പിന്നിലെ ഉദ്ദേശ്യം ‘മുന്നാഭായി’ സിനിമകളിൽ കാണപ്പെടുന്ന നർമ്മത്തിനും വിരോധാഭാസത്തിനും സമാനമാണ്. നിർഭാഗ്യവശാൽ, എന്റെ പരാമർശങ്ങൾ ആ യഥാർത്ഥ ഉദ്ദേശ്യത്തിന്റെ സന്ദർഭത്തിൽ നിന്ന് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു,” എന്ന് സഞ്ജയ് ദത്ത് പറഞ്ഞു.
ഗാന്ധിജയന്തി ദിനത്തിലാണ് ‘ശേഖർ ടുനൈറ്റ്’ പരിപാടിയിൽ സഞ്ജയ് ദത്ത് പങ്കെടുത്തത്. രാജ്യത്തെ നിലവിലെ സാഹചര്യത്തെക്കുറിച്ച് സംസാരിച്ച സഞ്ജയ് ദത്ത് രാജ്യത്ത് ഇപ്പോൾ “സമാധാനം” കാണാൻ കഴിയുന്നില്ലെന്ന് പറയുകയും ചെയ്തു.
ഈ രാജ്യത്തെ ജനങ്ങൾ വളരെ നല്ലവരാണ്. ഇവിടെ സമാധാനം ഉണ്ടാകണം. പക്ഷേ, ഇപ്പോൾ നമ്മുടെ രാജ്യത്ത് ആ സമാധാനം അനുഭവിക്കാൻ എനിക്ക് കഴിയുന്നില്ല. നമ്മൾ ഇന്ത്യക്കാർ വലിയ മനസ്സുള്ളവരും ആതിഥ്യമര്യാദയിൽ വിശ്വസിക്കുന്നവരുമാണ്. നമ്മൾ ധാരാളം നൽകിയിട്ടുണ്ട്, എപ്പോഴും അങ്ങനെയായിരിക്കണം. ആ ദിവസങ്ങൾ ഉടൻ തിരിച്ചുവരാൻ ഞാൻ ശിവനോട് പ്രാർത്ഥിക്കുന്നു, – എന്നായിരുന്നു സഞ്ജയ് ദത്ത് പറഞ്ഞത്.
















