കൊച്ചി: മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ നായകനാകുന്ന ‘ഓപ്പറേഷൻ ഗംഗ’ പ്രഖ്യാപനം മുതൽ ശ്രദ്ധ നേടിയിരിക്കുകയാണ്. മികച്ച താരനിരയ്‌ക്കൊപ്പം സമീപകാല ഇന്ത്യൻ ചരിത്രത്തിലെ നിർണായകമായൊരു രക്ഷാദൗത്യത്തെ ആസ്പദമാക്കിയുള്ള വിപുലമായ പ്രമേയമാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത.
ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സിനിമയ്‌ക്ക് കൂടുതൽ ആധികാരികതയും മികവും ഉറപ്പാക്കുന്നതിനായി വിവിധ മേഖലകളിലെ വിദഗ്ധരെയും അണിയറപ്രവർത്തകരുടെ ഭാഗമാക്കുന്നുണ്ട്.
സൈനിക ഉപദേഷ്ടാവായി സ്ക്വാഡ്രൺ ലീഡർ വർലിൻ പൻവാറും ചിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്. സൈനിക മേഖലയിലെയും പോരാട്ട തന്ത്രങ്ങളിലെയും അവരുടെ പരിചയസമ്പത്ത് ചിത്രത്തിന്റെ ആവിഷ്കാരത്തിന് കൂടുതൽ ആധികാരികത പകരും.
2022ലെ റഷ്യ–യുക്രെയ്ൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ‘ഓപ്പറേഷൻ ഗംഗ’, യുക്രെയ്‌നിൽ കുടുങ്ങിയ ആയിരക്കണക്കിന് ഇന്ത്യക്കാരെയും വിദ്യാർഥികളെയും സുരക്ഷിതമായി നാട്ടിലെത്തിച്ച കേന്ദ്രസർക്കാരിന്റെ രക്ഷാദൗത്യത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ്. ഇതിവൃത്തത്തിന്റെ വിശാലതയ്‌ക്കൊപ്പം യഥാർഥ സൈനിക നടപടികൾക്ക് നൽകുന്ന പ്രാധാന്യവും ചിത്രത്തെ ശ്രദ്ധേയമാക്കുന്നു. ധീരത, തന്ത്രം, അതിജീവനം എന്നിവയ്‌ക്ക് പ്രാധാന്യം നൽകുന്ന ശക്തമായ ചലച്ചിത്രാവിഷ്കാരമായാണ് ‘ഓപ്പറേഷൻ ഗംഗ’ ഒരുങ്ങുന്നത്.
വിഷ്ണു മോഹനാണ് സംവിധാനം ചെയ്യുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമാണം. പ്രഗത്ഭരായ അണിയറപ്രവർത്തകരുടെ സാന്നിധ്യവും ചിത്രത്തിന്റെ പ്രത്യേകതയാണ്. ‘ധുരന്ധർ’, ‘കിൽ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആക്ഷൻ ഡയറക്ടർ സീ യങ് ഓ, ‘ഗോട്ട്’, ‘മെയ്യഴകൻ’, ‘അമരൻ’, ‘കത്തനാർ’ തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ച പ്രൊഡക്‌ഷൻ ഡിസൈനർ രാജീവൻ, ‘പുഷ്പ’ ഒന്നും രണ്ടും ഭാഗങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകൻ മിറോസ്ലാവ് കുബ ബ്രോസെക് എന്നിവരാണ് സാങ്കേതിക വിഭാഗത്തിലുള്ളത്.
പാൻ-ഇന്ത്യൻ ചിത്രമായ ‘ധുരന്ധറി’ന്റെ വിജയത്തിന് ശേഷം ശാശ്വത് സച്ച്‌ദേവ് ആണ് ‘ഓപ്പറേഷൻ ഗംഗ’യുടെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. 2027ൽ ചിത്രം റിലീസ് ചെയ്യാനാണ് നിലവിലെ തീരുമാനം.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമിക്കുന്നത്. മോഹൻലാൽ നായകനാകുന്ന ചിത്രത്തിൽ അർജുൻ രാംപാൽ, ഭാഗ്യശ്രീ ബോർസെ, പാർത്ഥിപൻ, ആദിൽ ഹുസൈൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
















