കോട്ടയം: പകല്‍ സമയത്തെ കത്തുന്ന ചൂടില്‍ വിയര്‍ത്ത് കോട്ടയം. ജില്ലയില്‍ പകല്‍ താപനില 35 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം കോട്ടയത്ത് 34.6 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. സാധാരണ താപനിലയെക്കാള്‍ 3.8 ഡിഗ്രി വരെ അധികമായിരുന്നു ചൂട്.
ആഗസ്ത് ആദ്യ ആഴ്ചയില്‍ മഴയും പ്രളയവും ബാധിച്ച പ്രദേശത്തെ കനത്ത ചൂട് വീണ്ടുമൊരു പ്രളയത്തിന്റെ മുന്നറിയിപ്പാണോയെന്നും ജനങ്ങള്‍ ആശങ്കപ്പെടുന്നു. രാവിലെ 9 കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ പൊള്ളിപ്പോകുന്ന അവസ്ഥയാണ് ഏതാനും ദിവസങ്ങളായിട്ട്. മൂന്ന് മണികഴിഞ്ഞാലും ചൂടിന് ശമനമില്ല. പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെയാണ് അവസ്ഥയെന്നാണ് നിത്യേന യാത്ര ചെയ്യുന്നവര്‍ പറയുന്നത്.
വാഹനങ്ങള്‍ 10 മിനിറ്റ് വെയിലില്‍ നിറുത്തിയാല്‍ പിന്നെ സ്റ്റിയറിംഗില്‍ പോലും പിടിക്കാനാവില്ല. സീറ്റില്‍ ഇരിക്കാനുമാവില്ല. റോഡിലിറങ്ങുന്ന യാത്രക്കാരും നിര്‍മ്മാണ രംഗത്തുള്ള തൊഴിലാളികളും കടുത്ത ചൂടിന്റെ പ്രയാസം നേരിടുകയാണ്. ഓണം വരെ മഴയുണ്ടായിരുന്നു. മഴ നിലച്ചിട്ട് രണ്ടാഴ്ച പോലുമായിട്ടില്ല. പക്ഷേ, കടുത്ത വേനലിന് സമാനമായിട്ടുള്ള സൂര്യരശ്മികളാണ് പതിക്കുന്നത്. പ്രളയത്തില്‍ നിറഞ്ഞൊഴുകിയ നദികളിലെല്ലാം ജലനിരപ്പ് താഴ്ന്നു. മണ്ണിന്റെ നനവും നഷ്ടപ്പെട്ടു.
സണ്‍സ്‌ക്രീന്‍ നിര്‍ബന്ധം
സണ്‍സ്‌ക്രീന്‍ പുരട്ടാതെ പുറത്തിറങ്ങരുതെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. മുന്‍പ് സൗന്ദര്യ സംരക്ഷണത്തിന് മാത്രമായിരുന്നു സണ്‍സ്‌ക്രീന്‍ എങ്കില്‍ ഇപ്പോള്‍ മരുന്ന് പോലെ ഉപയോഗിക്കേണ്ട അവസ്ഥയാണ്.
ചൂടിനൊപ്പം മഴയ്‌ക്കും സാധ്യത
പകല്‍ ചൂട് ശക്തമാകുന്നതിനിടയില്‍ അടുത്ത ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴയ്‌ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. 11ന് കോട്ടയം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ മഴ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. 11 മുതല്‍ 3 വരെ ജാഗ്രത രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെ നേരിട്ടുള്ള വെയില്‍ പരമാവധി ഒഴിവാക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യണമെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു. കുട്ടികളും പ്ര ായമായവരും പുറത്ത് പോകുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണം.
















