Kerala

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂട് നാലു ഡിഗ്രി സെല്‍ഷ്യസ് വരെകൂടാം

അള്‍ട്രാവയലറ്റ് വികിരണ തോതും ഉയരത്തില്‍, വൈദ്യുതി പ്രതിസന്ധിയും രൂക്ഷം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോട്ടയം: സംസ്ഥാനത്ത് താപനില ഉയരുന്ന സാഹചര്യത്തില്‍ ബുധനാഴ്ചവരെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രത മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ചൂട് മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാം. അള്‍ട്രാ വയലറ്റ് രശ്മികളുടെ വികിരണത്തോതും(യുവി സൂചിക) ഉയര്‍ന്നാണ്. സൂപ്പര്‍ എല്‍നിനോ പ്രതിഭാസം മൂലം മഴ മേഘങ്ങള്‍ കുറഞ്ഞതാണ് കേരളത്തിന് വലിയ ഭീഷണിയായത്. ഇതിനൊപ്പം സൂര്യരശ്മികള്‍ ലംബമായി പതിക്കുന്ന സമയവും ചൂട് വര്‍ധിപ്പിക്കുന്നു. ഇടവപ്പാതി കഴിഞ്ഞിട്ടില്ലെങ്കിലും തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതും ചൂട് ഉയരാന്‍ കാരണമാണ്.

ഇന്നലെ ഉച്ചക്ക് ഒരുമണി വരെയുള്ള കണക്കുകളനുസരിച്ച് സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ യുവി സൂചിക അപകടകരമായ നിലയിലാണ്. ഇടുക്കി ജില്ലയിലെ മൂന്നാറിലാണ് ഏറ്റവും ഉയര്‍ന്ന യുവി സൂചിക, 10. ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍, ചേര്‍ത്തല, തൃത്താല എന്നിവിടങ്ങളില്‍ ഒമ്പതു രേഖപ്പെടുത്തി. കൊട്ടാരക്കര, കോന്നി, ഒല്ലൂര്‍, പൊന്നാനി എന്നിവിടങ്ങളില്‍ എട്ടും കളമശ്ശേരി, ബേപ്പൂര്‍, മാനന്തവാടി എന്നിവിടങ്ങളില്‍ ഏഴും ആയിരുന്നു. തിരുവനന്തപുരം കിഴക്കേക്കോട്ട, കണ്ണൂര്‍ ധര്‍മ്മടം എന്നിവിടങ്ങളില്‍ ആറും കാസര്‍കോട് ഉദുമയില്‍ നാലും ആയിരുന്നു യുവി സൂചിക.