തിരുവനന്തപുരം: വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് തന്റേതായ ഇടം സിനിമയില്‍ കണ്ടെത്തിയ പ്രതിഭയാണ് ആര്‍. ശരത്. ചലച്ചിത്രകലയെയും സാമൂഹിക ജീവിതത്തെയും ഒരുപോലെ സ്‌നേഹിച്ച അപൂര്‍വ പ്രതിഭയാണ് വിടവാങ്ങിയത്. കലയോടും സംസ്‌കാരത്തോടുമുള്ള ആഴത്തിലുള്ള പ്രതിബദ്ധതയായിരുന്നു ആര്‍. ശരത്തിന്റെ ചിത്രങ്ങളുടെ മുഖമുദ്ര. പതിവ് വാണിജ്യ ചേരുവകളില്‍ നിന്ന് മാറി തികച്ചും ഗൗരവമുള്ള പ്രമേയങ്ങളെ സിനിമയാക്കുന്നതില്‍ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചു. മനുഷ്യബന്ധങ്ങളുടെയും സാമൂഹിക വിഷയങ്ങളുടെയും ആഴത്തിലുള്ള ആവിഷ്‌കാരങ്ങളായിരുന്നു അദ്ദേഹത്തിന്റെ ഓരോ സിനിമകളും.
ഒ. മാധവന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച്, പാരിസ്ഥിതിക പ്രശ്‌നങ്ങളും ആണവഭീഷണിയുടെ പശ്ചാത്തലവും ചര്‍ച്ച ചെയ്ത അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ‘സായാഹ്നം’ വന്‍ ശ്രദ്ധ നേടി. സംവിധായകനും തിരക്കഥാകൃത്തുമായുള്ള അദ്ദേഹത്തിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു ഇത്. മികച്ച സംവിധായകനുള്ള ഇന്ദിരാഗാന്ധി ദേശീയ പുരസ്‌കാരവും ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുമാണ് ഈ ചിത്രം വാരിക്കൂട്ടിയത്. 2001ലെ മ്യൂണിക്ക് അന്താരാഷ്‌ട്ര ചലച്ചിത്രമേള ഉള്‍പ്പെടെയുള്ള വേദികളില്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടു. ഗായകന്‍ ഉണ്ണിമേനോന്‍ നായകനായ, സെക്രട്ടേറിയറ്റില്‍ ജോലിചെയ്യുന്ന ദമ്പതികളുടെ കഥ പറഞ്ഞ ‘സ്ഥിതി’ 2003ലെ ബാങ്കോക്ക് അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചു. ചിത്രത്തിന്റെ സംഗീത സംവിധാനവും ഉണ്ണിമേനോന്‍ തന്നെയാണ് നിര്‍വഹിച്ചത്. ഗ്രാമീണ കേരളത്തിന്റെ പശ്ചാത്തലത്തില്‍ ഗ്രാമത്തിനു പുറത്ത് നിന്നെത്തുന്ന രണ്ട് യുവാക്കളുടെ കഥ പറഞ്ഞ ചിത്രമാണ് ‘ശീലാബതി’. ഗുരുതരമായ സാമൂഹിക തിന്മകളെയാണ് ചിത്രം തുറന്നുകാട്ടിയത്. നിരൂപക പ്രശംസയോടൊപ്പം ബോക്‌സ് ഓഫീസിലും ചിത്രം വിജയം നേടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കാണാതായ പെണ്‍കുട്ടികള്‍ക്കുള്ള സമര്‍പ്പണമായാണ് ശരത് ഈ ചിത്രത്തെ വിശേഷിപ്പിച്ചത്. ‘ശീലാബതി’ തായ്‌വാനിലെ ഏഷ്യ പസഫിക് ചലച്ചിത്രമേളയിലും പ്രീമിയര്‍ ചെയ്യപ്പെട്ടു.
ഇന്തോ-ചൈനീസ് സംയുക്ത സംരംഭമായി ശില്‍പഷെട്ടി നായികയായ ഹിന്ദി ചിത്രം ‘ദി ഡിസയര്‍ എ ജേര്‍ണി ഓഫ് എ വുമണ്‍’, മെക്‌സിക്കന്‍, ആംസ്റ്റര്‍ഡാം അന്താരാഷ്‌ട്ര ചലച്ചിത്രമേളകളില്‍ പുരസ്‌കാരങ്ങള്‍ നേടിയ ‘പറുദീസ’, ചാര്‍ളി ചാപ്ലിന്റെ അഭിനയജീവിതത്തിന്റെ ശതാബ്ദി ആഘോഷവേളയില്‍ ഒരുക്കിയ ‘ബുദ്ധന്‍ ചിരിക്കുന്നു’ (ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു) എന്നിവ അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസുകളില്‍ ചിലതാണ്. തന്റെ കരിയറില്‍ ഒന്‍പത് അന്താരാഷ്‌ട്ര പുരസ്‌കാരങ്ങളും ഒരു ദേശീയ പുരസ്‌കാരവും നാല് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുമാണ് ശരത് നേടിയിട്ടുള്ളത്.
ഫീച്ചര്‍ ചിത്രങ്ങള്‍ക്ക് പുറമേ നിരവധി ഡോക്യുമെന്ററികളിലൂടെയും ഹ്രസ്വചിത്രങ്ങളിലൂടെയും ആര്‍. ശരത് തന്റെ സര്‍ഗ്ഗശേഷി തെളിയിച്ചു. ഒഎന്‍വി കുറുപ്പിന്റെ കവിതയെ ആസ്പദമാക്കി ഒരുക്കിയ ഭൂമിക്കൊരു ചരമഗീതം, ഭോപ്പാല്‍ ദുരന്തത്തെക്കുറിച്ചുള്ള ബറീയല്‍ ഓഫ് ഡ്രീംസ് തുടങ്ങിയവ അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധത വിളിച്ചോതുന്ന സൃഷ്ടികളാണ്. ‘അച്ചിന്റെ കഥ’, ‘ചുമര്‍ചിത്രങ്ങള്‍’, ‘മഹാത്മാഗാന്ധി റോഡ്’ തുടങ്ങി നിരവധി ഷോര്‍ട്ട് ഫിലിമുകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
അന്താരാഷ്‌ട്രതലത്തില്‍ പ്രശംസ നേടിയ ‘ദി പെയിന്റഡ് എപിക്‌സ്’ എന്ന ഡോക്യുമെന്ററി ചിത്രീകരിക്കുന്നതിനിടയില്‍, കിലുനൂര്‍ ക്ഷേത്രത്തില്‍ നിന്ന് രാജാ രവിവര്‍മയുടെ അപൂര്‍വമായ ചില ചുമര്‍ചിത്രങ്ങള്‍ അദ്ദേഹം കണ്ടെത്തുകയുണ്ടായി. അതുവരെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കപ്പെടാത്ത ആ ചിത്രങ്ങള്‍ രവിവര്‍മ്മ ചിത്രങ്ങളുടെ ചരിത്രത്തിലെ വലിയൊരു നാഴികക്കല്ലായിരുന്നു. ഈ മേഖലയിലെ ഗവേഷണത്തിനായി 1996ല്‍ കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ ജൂനിയര്‍ ഫെലോഷിപ്പും അദ്ദേഹത്തെ തേടിയെത്തി. സിനിമയെ കേവലം വിനോദത്തിനപ്പുറം സമൂഹത്തോടുള്ള ശക്തമായ സംവാദമാക്കി മാറ്റിയ ആര്‍. ശരത്തിന്റെ ചലച്ചിത്രങ്ങളും മായാത്ത ഓര്‍മ്മകളും മലയാളമുള്ളിടത്തോളം കാലം നിലനില്‍ക്കും.
















