Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

കോൺഗ്രസ് ദേശീയ നേതൃത്വം മതമൗലികവാദികളുടെ മുന്നിൽ പൂർണ്ണമായും മുട്ടുമടക്കിക്കഴിഞ്ഞു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്താൻ നോക്കിയാൽ, ബിജെപി അതിനെ പല്ലും നഖവും ഉപയോഗിച്ച് ചെറുത്തുതോൽപ്പിക്കും.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ഇ.കെ. വിഭാഗം സമസ്തയുടെ മുഖപത്രത്തിലെ ‘മുഖ്യമന്ത്രി മര്യാദയ്‌ക്ക് സംസാരിക്കണം’ എന്ന തലക്കെട്ടിലുള്ള ലേഖനം കേരളത്തിലെ അപകടകരമായ രാഷ്‌ട്രീയ സാഹചര്യത്തിന്റെ ഏറ്റവും പുതിയ തെളിവാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി. കെ കൃഷ്ണദാസ്. മുസ്ലിം ലീഗും ജമാഅത്തെ ഇസ്‌ലാമിയും സമസ്തയെ മറയാക്കി മുഖ്യമന്ത്രിക്ക് നേരെ ഭീഷണി മുഴക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇ.കെ. വിഭാഗം സമസ്തയും മുസ്ലിംലീഗും തമ്മിലുള്ള ബന്ധം കേരളത്തിലെ രാഷ്‌ട്രീയത്തിൽ എല്ലാവർക്കും അറിയാവുന്നതാണ്. അതുകൊണ്ടുതന്നെ സമസ്തയിലൂടെ മുസ്ലിംലീഗ് മുഖ്യമന്ത്രിയെ നേരിട്ട് ഭീഷണിപ്പെടുത്തുന്ന സാഹചര്യമാണുണ്ടായിരിക്കുന്നത്. ഒരു ജനാധിപത്യ രീതിയിൽ അധികാരത്തിലെത്തിയ സർക്കാരിന്റെ മുഖ്യമന്ത്രിയോടാണ് ‘മര്യാദയ്‌ക്ക് സംസാരിക്കണം’ എന്ന് ഭരണ മുന്നണിയിലെ പ്രമുഖ ഘടകകക്ഷിയുടെ പിന്തുണയുള്ള മതസംഘടന പറയുന്നത്. ഇത് കേവലം ഒരു വിമർശനമല്ല; മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്ന സമീപനമാണ്.

ഭരണത്തിന്റെ നിയന്ത്രണം രാഷ്‌ട്രീയ നേതൃത്വത്തിൽ നിന്ന് മതമൗലികവാദ സംഘടനകളിലേക്ക് മാറ്റാനുള്ള ശ്രമമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇത്തരം രാഷ്‌ട്രീയം ജനാധിപത്യത്തിന് മാത്രമല്ല, മതേതരത്വത്തിനും സാമൂഹിക സമരസതയ്‌ക്കും കേരളത്തിന്റെ ഭാവിക്കും വലിയ ഭീഷണിയാണ്. മുഖ്യമന്ത്രിയുമായി ബിജെപിക്ക് ശക്തമായ രാഷ്‌ട്രീയ വിയോജിപ്പുണ്ട്. കോൺഗ്രസിന്റെ രാഷ്‌ട്രീയത്തോടും ബിജെപിക്ക് വിയോജിപ്പുണ്ട്. എന്നാൽ അതിന്റെ പേരിൽ ഒരു ജനാധിപത്യ സർക്കാരിന്റെ മുഖ്യമന്ത്രിയെ മതസംഘടനകൾ ഭീഷണിപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ല. ഇത്തരം അപകടകരമായ രാഷ്‌ട്രീയത്തെ ബിജെപി പല്ലും നഖവും ഉപയോഗിച്ച് എതിർക്കും.

കാന്തപുരം വിഭാഗത്തിൽ നിന്നുണ്ടായ പ്രസ്താവനയ്‌ക്കു പിന്നാലെയാണ് ഇ.കെ. വിഭാഗവും ഇപ്പോൾ ശക്തമായി രംഗത്തുവന്നിരിക്കുന്നത്. അതിനാൽ ഇത് ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ല. ഒരേ തിരക്കഥയുടെ ഭാഗമായി കേരളത്തിന്റെ ഭരണത്തിലും രാഷ്‌ട്രീയത്തിലും മതമൗലികവാദ ശക്തികളുടെ ഇടപെടൽ ശക്തമാകുന്നതിന്റെ സൂചനയാണിത്.

യൂട്യൂബർ അബ്ദുൽ ബാസിലിനെതിരെ പോലീസ് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് എംഎൽഎ ഫിറോസ് പരസ്യമായി രംഗത്തെത്തിയതും ഇതേ രാഷ്‌ട്രീയത്തിന്റെ ഭാഗമാണ്. മുഖ്യമന്ത്രിയെ സമസ്തയിലൂടെയും മുസ്ലിംലീഗിലൂടെയും സമ്മർദ്ദത്തിലാക്കുന്നു; അതേസമയം ആഭ്യന്തരമന്ത്രിയെ അതേ മന്ത്രിസഭയിലെ എംഎൽഎ പരസ്യമായി സമ്മർദ്ദത്തിലാക്കുന്നു. ഇതിലൂടെ സംസ്ഥാനത്ത് ഭരണത്തിന്റെ യഥാർത്ഥ നിയന്ത്രണം ആരുടെ കൈകളിലേക്കാണ് പോകുന്നതെന്ന ചോദ്യം ഉയരുകയാണ്.

ഇത്രയും ഗുരുതരമായ സാഹചര്യം ഉണ്ടായിട്ടും കോൺഗ്രസ് പ്രതികരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. കാന്തപുരത്തിന്റെ പ്രസ്താവനയെക്കുറിച്ചും ‘മുഖ്യമന്ത്രി മര്യാദയ്‌ക്ക് സംസാരിക്കണം’ എന്ന സമസ്തയുടെ നിലപാടിനെക്കുറിച്ചും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനോട് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ‘ഞങ്ങളുടെ നയം പിന്നീട് വ്യക്തമാക്കാം’ എന്നായിരുന്നു മറുപടി.

മതസംഘടനകളെ ഭയന്ന് കോൺഗ്രസ് മൗനം പാലിക്കുകയാണ്. ഇതാണ് കോൺഗ്രസിന്റെ ഇരട്ടത്താപ്പ്. ഒരു ഭാഗത്ത് മനുസ്മൃതിക്കെതിരെ സംസാരിക്കുകയും അത് കത്തിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്യുന്ന കോൺഗ്രസ് നേതാക്കൾ, മറുഭാഗത്ത് സമീപകാലത്ത് ഉയർന്നുവന്ന സ്ത്രീവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ പ്രസ്താവനകളിൽ മൗനം പാലിക്കുകയാണ്.

കാന്തപുരത്തിന്റെ പ്രസ്താവന കേവലം സ്ത്രീവിരുദ്ധ പ്രസ്താവനയായി മാത്രം കാണാനാകില്ല. അത് മതരാഷ്‌ട്രവാദത്തിന്റെ അപകടകരമായ രാഷ്‌ട്രീയത്തിലേക്കുള്ള സൂചനയാണ്. അതിന്റെ തുടർച്ചയായാണ് ഇപ്പോൾ വിവിധ മതസംഘടനകളുടെ ഇടപെടലുകളും സമ്മർദ്ദങ്ങളും പുറത്തുവരുന്നത്. മതമൗലികവാദ രാഷ്‌ട്രീയം ശക്തിപ്പെടുന്നിടത്ത് വികസനവും സാമൂഹിക സമരസതയും മതേതരത്വവും ദുർബലപ്പെടും. കേരളത്തെ ഇത്തരം രാഷ്‌ട്രീയത്തിന്റെ ശവപ്പറമ്പാക്കി മാറ്റാൻ ബിജെപി അനുവദിക്കില്ല. ‘നേഷൻ ഫസ്റ്റ്’ എന്ന നിലപാടാണ് ബിജെപിയുടേത്. രാഷ്‌ട്രത്തിന്റെ ഐക്യവും അഖണ്ഡതയും സാമൂഹിക സമരസതയും സംരക്ഷിക്കുക എന്നതാണ് പ്രധാനം.

ഇത്തരമൊരു രാഷ്‌ട്രീയത്തെ സാധാരണ കോൺഗ്രസ് പ്രവർത്തകർക്കും ആത്മാഭിമാനമുള്ള കോൺഗ്രസ് നേതാക്കൾക്കും അംഗീകരിക്കാനാകുമോ എന്ന് അവർ തന്നെ ചിന്തിക്കണം. മതസംഘടനകളുടെ സമ്മർദ്ദത്തിന് മുന്നിൽ കോൺഗ്രസ് നേതൃത്വം മൗനം പാലിക്കുന്നതിനെക്കുറിച്ച് കോൺഗ്രസ് പ്രവർത്തകർ ആത്മപരിശോധന നടത്തണം. അതോടൊപ്പം, യുഡിഎഫിനെ അധികാരത്തിലെത്തിക്കാൻ വോട്ട് ചെയ്ത കേരളത്തിലെ ജനങ്ങളും ഈ അപകടകരമായ രാഷ്‌ട്രീയത്തെക്കുറിച്ച് ആത്മപരിശോധന നടത്തണം. ഭരണത്തെ നിയന്ത്രിക്കേണ്ടത് ജനാധിപത്യമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരാണ്; മതമൗലികവാദ സംഘടനകളല്ല.

മുഖ്യമന്ത്രിക്ക് ബിജെപി പിന്തുണ നൽകുന്നു എന്നല്ല ഇതിന്റെ അർത്ഥം. ഭീഷണിപ്പെടുത്തുന്ന രാഷ്‌ട്രീയത്തെയാണ് ബിജെപി എതിർക്കുന്നത്. മുഖ്യമന്ത്രിയോട് മാത്രമല്ല, ആഭ്യന്തരമന്ത്രിയോടും മന്ത്രിസഭയിലെ മറ്റ് അംഗങ്ങളോടും സമ്മർദ്ദം ചെലുത്തുന്ന ഈ രാഷ്‌ട്രീയ പ്രവണത അംഗീകരിക്കാൻ ആവില്ല എന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.

പി. ജയരാജന്റെ പ്രസ്താവനയ്‌ക്ക് മറുപടി
പി. ജയരാജന്റെ പ്രസ്താവനയെ ബിജെപി വലിയ ഗൗരവത്തിൽ കാണുന്നില്ല. കണ്ണൂരിൽ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ സമാന്തര ശോഭായാത്ര സംഘടിപ്പിച്ച ചരിത്രമുള്ളയാളാണ് പി. ജയരാജൻ. എന്നാൽ ജനങ്ങൾ അതിനെ അംഗീകരിച്ചില്ല; സിപിഎം പ്രവർത്തകർ പോലും ആ പരിപാടിയുമായി സഹകരിച്ചില്ല.

ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കാനുള്ള അവകാശം മാർക്സിസ്റ്റ് പാർട്ടിക്ക് ഉണ്ടോ എന്നതാണ് ആദ്യം അവർ സ്വയം ചോദിക്കേണ്ടത്. വേണമെങ്കിൽ കംസ ജയന്തി ആഘോഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതാണ് അവർക്ക് കൂടുതൽ അനുയോജ്യമെന്നും പി. കെ. കൃഷ്ണദാസ് പരിഹസിച്ചു.

Recent Posts