ന്യൂദല്‍ഹി: ജന്തര്‍മന്തറില്‍ സിജെപി സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയില്‍ പോയ രഞ്ജിന് ഹരിദാസ് ഇപ്പോള്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചും സിജെപിയെ വീണ്ടും പിന്തുണച്ചും രംഗത്തെത്തിയിരിക്കുകയാണ്. ഇതോടെ ഒക്ടോബര്‍ രണ്ടിന് മോദി സര്‍ക്കാരിനെതിരെ സിജെപി ഒക്ടോബര്‍ 2ന് ആരംഭിക്കുന്ന ജയില്‍ നിറയ്‌ക്കല്‍ സമരത്തിലും രഞ്ജിനി ഹരിദാസ് പങ്കെടുക്കുത്ത് ജയിലില്‍ പോകുമെന്നും ഉറപ്പായി.
പക്ഷെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ച് രഞ്ജിനി ഹരിദാസ് പുറത്തുവിട്ട വീഡിയോയില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ വിമര്‍ശിക്കുന്നതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. പത്ത് മാസത്തില്‍ 14 തവണ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്നും മൂന്ന് കോടി പേരെ വോട്ടര്‍പട്ടികയില്‍ എന്തിനാണ് മാറ്റിനിര്‍ത്തിയത്? എന്നുമുള്ള ചോദ്യങ്ങളാണ് രഞ്ജിനി ഹരിദാസ് ചോദിക്കുന്നത്. പിന്നീട് എനിക്ക് ഇതേക്കുറിച്ചൊന്നും അറിയില്ല എന്നും രഞ്ജിനി ഹരിദാസ് പറയുന്നു. വ്യക്തമായി കാര്യങ്ങള്‍ അറിയാതെയാണ് രഞ്ജിനി ഈ പ്രശ്നത്തില്‍ വീണ്ടും അഭിപ്രായപ്രകടനം നടത്തിയിട്ടുള്ളത് എന്ന് വ്യക്തമാണ്.
രഞ്ജിനിഹരിദാസ് പറഞ്ഞ 10 മാസത്തിനിടയില്‍ 14 വിജോയിപ്പുകള്‍ എന്നതില്‍ കഴമ്പുണ്ടോ?
ഇക്കാര്യത്തില്‍ മൂന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും സംയുക്തമായി യോഗം ചേര്‍ന്ന് കൃത്യമായി വിശദീകരണം നടത്തിയിരുന്നു. ഇതില്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് വിയോജിപ്പ് പ്രകടിപ്പിക്കാന്‍ എല്ലാ അവകാശവും ഉണ്ട്. 14 തവണ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും എല്ലാം തീരുമാനങ്ങളും കൈക്കൊണ്ടിട്ടുള്ളത് മൂന്ന് പേരുടെയും സമ്മതത്തോടെയാണെന്നും വാര്‍ത്താക്കുറിപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ അടയാളപ്പെടുത്തിയ വിയോജിപ്പുകളെ പര്‍വ്വതീകരിച്ച് കാണിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ഇക്കാര്യം പറയുന്നുണ്ട് : അംഗങ്ങള്‍ രേഖപ്പെടുത്തിയ ചില ആഭ്യന്തര വിയോജനകുറിപ്പുകൾക്ക് ‘ഇന്ത്യൻ എക്സ്പ്രസ്’ പ്രാധാന്യം നൽകുന്നു. അതേ സമയം ഇക്കാലയളവില്‍ ഈ മൂന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളും ഒരേ സ്വരത്തില്‍ എടുത്ത നൂറായിരം തീരുമാനങ്ങളെക്കുറിച്ച് ഇന്ത്യന്‍ എക്സ്പ്രസ് ഒന്നും മിണ്ടുന്നില്ല. ഇവര്‍ മൂന്നും പേരും ഇക്കാലയളവില്‍ ഒന്നിച്ചെടുത്ത തീരുമാനങ്ങൾ, നിർദ്ദേശങ്ങൾ, നടപടികൾ എന്നിവയെ ഇന്ത്യന്‍ എക്സ്പ്രസ് അവഗണിച്ചുവെന്ന് തെരഞ്ഞടുപ്പ് കമ്മീഷൻ അവരുടെ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
ഇക്കാലയളവില്‍ ഏകദേശം 40 പുതിയ നടപടികൾ കൊണ്ടുവരികയും വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ പൂർണ്ണ കമ്മീഷൻ ഏകകണ്ഠമായി എടുത്ത തീരുമാനങ്ങളുടെ ഫലമായിരുന്നു ഇവയെല്ലാം. എന്നാല്‍ ചില കാര്യങ്ങളിലെ വിയോജിപ്പുകള്‍ മാത്രം ഇന്ത്യന്‍ എക്സ്പ്രസ് പെരുപ്പിച്ച് കാട്ടുകയായിരുന്നു.
രഞ്ജിനീ, മൂന്ന് കോടിയല്ല, കരട് വോട്ടര്‍പട്ടികയില്‍ നിന്നും നീക്കിയത് 13.3 കോടി പേരെയാണ്
രഞ്ജിനി ഹരിദാസ് പറഞ്ഞത് മൂന്ന് കോടി പേരെ വോട്ടര്‍പട്ടികയില്‍ നിന്നും നീക്കിയെന്നതാണ്. വാസ്തവത്തില്‍ കരട് വോട്ടര്‍പട്ടികയില്‍ നിന്നും 13.3 കോടി പേരെ നീക്കിയിരുന്നു. ഇതിന് കാരണമെന്താണെന്ന് രഞ്ജിനി ഹരിദാസിനറിയില്ല. ആദ്യമായി ഒരു കാര്യം. ഇന്ത്യയില്‍ ഒരു അതിതീവ്ര വോട്ടര്‍പട്ടിക പരിശോധന നടക്കുന്നത് 2003ന് ശേഷം ഇതാദ്യമായാണ്. കോണ്‍ഗ്രസ് ഇന്ത്യ ഭരിച്ച 2004 മുതല്‍ 2014 വരെ അതിതീവ്രവോട്ടര്‍ പരിശോധന നടന്നിട്ടില്ല. ഇപ്പോള്‍ ബിജെപി സര്‍ക്കാരാണ് 2025ല്‍ വീണ്ടും അതിതീവ്രപുനപരിശോധന നടത്തുന്നത്. ഇനി 13.3 കോടി വോട്ടര്‍മാരെ എന്തുകൊണ്ടാണ് വോട്ടര്‍പട്ടികയില്‍ നിന്നും നീക്കിയത്? മരിച്ചുപോയവര്‍, ഒരു പ്രദേശത്ത് നിന്നും വേറൊരു പ്രദേശത്തേക്ക് താമസം മാറ്റിയവര്‍ എന്നിവരെയാണ് തുടക്കത്തില്‍ മാറ്റിയത്. അതുപോലെ വിവിധ സംസ്ഥാനങ്ങളില്‍ വോട്ടുള്ളതിനാല്‍ ഒന്നിലധികം വോട്ടുകള്‍ നീക്കി പലര്‍ക്കും ഒരു വോട്ട് മാത്രമാക്കിയ കേസിലും ഏകദേശം 1.1 കോടി പേരെയെങ്കിലും വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. സാമാന്യധാരണയില്ലാതെ രഞ്ജിനി ഹരിദാസിനെപ്പോലുള്ളവര്‍ ഇത്തരം വ്യാജപ്രചാരണങ്ങള്‍ നടത്തുന്നത് അമ്പരപ്പിക്കുകയാണ്. ഇങ്ങിനെ വരുമ്പോള്‍ പണം വാങ്ങിയാണോ രഞ്ജിനി ഹരിദാസ് ഇത്തരം പ്രചാരവേലയ്‌ക്ക് ഇറങ്ങിയതെന്ന് സംശയിച്ചാലും തെറ്റ് പറയാനാവില്ല.
















