News

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഇസ്ലാമാബാദ്: സനാതന ധർമ്മ പ്രവർത്തന സ്ഥാപനമായ ഇസ്‌കോണിലെ മുതിർന്ന മുൻ സംന്യാസിയും ബംഗ്ലാദേശിലെ ഹിന്ദു സംസ്‌കാര പ്രവർത്തകനുമായ ചിൻമയ് കൃഷ്ണദാസിന് രണ്ട് കേസുകളിൽ ജാമ്യം ലഭിച്ചു. എന്നാൽ ഇനിയും ജയിൽ മോചിതനാകുന്നില്ല. രണ്ട് കേസുകൾകൂടിയുണ്ടെന്നതാണ് കാരണം.

ബംഗ്ലാദേശ് സമ്മിളിയോ സനാതനി ജാഗരൺ ജോട്ടിന്റെ വക്താവാണ് ചിൻമയ്. ഇദ്ദേഹം സമർപ്പിച്ച രണ്ട് വ്യത്യസ്ത ജാമ്യ ഹർജികൾ പരിഗണിച്ച ശേഷം ജസ്റ്റിസ് കെ.എം. സാഹിദ് സർവാർ, ജസ്റ്റിസ് ഷെയ്ഖ് അബു താഹർ എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച് ഇന്നലെ (06-09-2026) ജാമ്യം അനുവദിച്ചു.

2024 നവംബർ 26 ന് ചാറ്റോഗ്രാമിലെ കോട്‌വാലി പോലീസ് സ്‌റ്റേഷനിൽ നശീകരണ പ്രവർത്തനങ്ങൾ, പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണത്തെ തടസ്സപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ചിൻമയ്‌ക്ക് എതിരേ കേസുകൾ രജിസ്റ്റർ ചെയ്തത്.
കൊലപാതകം, രാജ്യദ്രോഹം എന്നിവയുൾപ്പെടെ ആറ് കേസുകളിൽ ചിൻമയിയെ പ്രതിയാക്കിയിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അപൂർവ കുമാർ ഭട്ടാചാര്യ പറഞ്ഞു. 2024 നവംബർ 25 മുതൽ അദ്ദേഹം ജയിലിലാണ്.
ഹൈക്കോടതിയിൽ നിന്നും കീഴ്‌ക്കോടതികളിൽ നിന്നും അഞ്ച് കേസുകളിൽ ചിൻമയ് ജാമ്യം നേടിയിട്ടുണ്ടെന്ന് അഭിഭാഷകൻ വിശദീകരിച്ചു, എന്നാൽ രാജ്യദ്രോഹ കേസിൽ ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതിയുടെ അപ്പലേറ്റ് ഡിവിഷൻ നേരത്തെ സ്‌റ്റേ ചെയ്തിരുന്നു.

2024 നവംബർ 25 ന് ധാക്കയിൽ വെച്ച് ചിൻമയിയെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് ചാറ്റോഗ്രാം കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെത്തുടർന്ന് ജയിലിലേക്ക് അയയ്‌ക്കുകയും ചെയ്യുകയായിരൃന്നു. ഡിസംബർ 11 ന്, കേസിൽ അതേ കോടതി വീണ്ടും ജാമ്യം നിഷേധിച്ചു.

ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തിൽ നിന്ന് നേരത്തെ അദ്ദേഹത്തിന്റെ അറസ്റ്റ് വൻ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.

മുൻ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന്റെ പതിനെട്ട് മാസത്തെ ഭരണകാലത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ, പ്രത്യേകിച്ച് ഹിന്ദുക്കൾക്കെതിരെ, അക്രമം വർദ്ധിച്ചതിന് രാജ്യം സാക്ഷ്യം വഹിച്ചു, ഭരണകക്ഷിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ഭരണത്തിൻ കീഴിൽ ഇത്തരം സംഭവങ്ങൾ തുടർന്നുവെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.

ചിൻമയിയുടെ തുടർച്ചയായ തടവുശിക്ഷയെ ‘അപമാനകരം’ എന്നും ‘സർക്കാർ സ്‌പോൺസർ ചെയ്യുന്ന പീഡനം’ എന്നും വടക്കേ അമേരിക്കയിലെ ഹിന്ദുക്കളുടെ സംഘടന (സിഒഎച്ചഎൻഎ) അപലപിച്ചു.

‘ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങളുടെ അടിസ്ഥാന സുരക്ഷയ്‌ക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടി പ്രചാരണം നടത്തിയ ഒരു ഹിന്ദു സന്യാസി ഇപ്പോൾ ഏകദേശം 2 വർഷമായി ജയിലിലാണ്. സർക്കാർ സ്‌പോൺസർ ചെയ്യുന്ന പീഡനത്തിന്റെ ഉദാഹരണമാണിത്. അദ്ദേഹം ഇതിനകം പോലീസ് കസ്റ്റഡിയിലായിരിക്കെ നടന്ന ഒരു കൊലപാതകത്തിൽ അദ്ദേഹത്തെ പ്രതിയാക്കിയിരിക്കുകയാണ്, സിഒഎച്ചഎൻഎ തിങ്കളാഴ്ച എക്‌സിൽ പോസ്റ്റിലൂടെ പ്രതികരിച്ചു.

‘അറസ്റ്റ് ചെയ്യപ്പെടുന്ന സമയത്ത്, ഒരു നോബൽ സമ്മാന ജേതാവായിരുന്നു ബംഗ്ലാദേശ് ഭരിച്ചിരുന്നത്. ഇന്ന് തെരഞ്ഞെടുക്കപ്പെട്ട സർക്കാരാണ് അധികാരത്തിലുള്ളത്. എന്നാൽ ആര് ഭരിച്ചാലും, ബംഗ്ലാദേശി ഹിന്ദുക്കൾക്കെതിരായ പീഡനം ഒരിക്കലും അവസാനിക്കുന്നില്ല. ന്യൂനപക്ഷ ജനസംഖ്യ 1951ൽ ആകെ ജനസംഖ്യയുടെ 22 ശതമാനം ആയിരുന്നത് ഇന്ന് 8 ശതമാനമായി എന്നും പോസ്റ്റിൽ വിശദീകരിക്കുന്നു.

Recent Posts