Kerala

‘മര്യാദയ്‌ക്ക് സംസാരിക്കണം’; കാന്തപുരത്തെ വിമര്‍ശിച്ചതില്‍ മുഖ്യമന്ത്രിക്ക് താക്കീതുമായി സമസ്ത മുഖപത്രം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോഴിക്കോട്: സ്ത്രീകളുടെ പൊതുരംഗ പ്രവേശനം സംബന്ധിച്ച് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ നടത്തിയ പ്രസ്താവനയെ തള്ളിയ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ താക്കീതുമായി സമസ്ത മുഖപത്രമായ ‘സുപ്രഭാതം’. ‘മര്യാദയ്‌ക്ക് സംസാരിക്കണം’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് സതീശന്റെ നിലപാടിനെതിരെ പത്രം തുറന്നടിച്ചിരിക്കുന്നത്.

കാന്തപുരത്തെ തള്ളിപ്പറഞ്ഞ വി ഡി സതീശന്റെ നിലപാടിന് കിട്ടുന്ന പിന്തുണ ഇസ്ലാമിക സ്ത്രീ സങ്കല്‍പ്പം എന്തെന്ന് മനസിലാക്കാത്തതിന്റെ തകരാറില്‍ നിന്നുള്ളതെന്നും മുഖപ്രസംഗം ആഞ്ഞടിക്കുന്നു. കുരുടന്‍ ആനയെ തൊട്ട അനുഭവമാണ് ഈ വിഷയത്തില്‍ വി ഡി സതീശനുള്ളതെന്നും മുഖപ്രസംഗത്തിലുണ്ട്. വി ഡി സതീശന് ഇസ്ലാമിക ചരിത്രത്തെക്കുറിച്ച് അറിയാത്തതിന്റെ കുഴപ്പമാണിതെന്നും മുഖപ്രസംഗം സൂചിപ്പിക്കുന്നു. വീട്ടകത്ത് ഒതുങ്ങേണ്ടവളല്ല സ്ത്രീയെന്നും ഇസ്ലാമിക ചരിത്രവും പ്രവാചകന്റെ ഭാര്യമാരുടെ തൊഴിലിനെക്കുറിച്ചുള്ള ചരിത്രവും ഇത് തന്നെ പറയുന്നുവെന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രതികരിച്ചിരുന്നത്.

എഡിറ്റോറിയലില്‍ നിന്നുള്ള ഭാഗങ്ങള്‍:

തിരുവനന്തപുരം കായിക്കരയിൽ, മുഖ്യമന്ത്രി വി.ഡി സതീശന്റെ വാഹനം തടഞ്ഞ് കയർത്ത് സംസാരിച്ച ചേന്തി അനിലിനോട് സതീശൻ പറഞ്ഞു: “മര്യാദക്ക് സംസാരിക്കണം” – ഉടനെ വന്നു, ചേന്തി അനിലിന്റെ മറുപടി: “മര്യാദക്ക് സംസാരിച്ചില്ലെങ്കിൽ നീ എന്തുചെയ്യും?”
കേവലം കോൺഗ്രസുകാരനോടല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയോടാണ് സംസാരിക്കുന്നതെന്ന് അനിൽ തിരിച്ചറിയുന്നത്, പിന്നീട് പണി കിട്ടിയപ്പോഴാണ്. മുഖ്യമന്ത്രിയെ കണ്ട് ക്ഷമാപണം നടത്താൻ തയാറാകുമ്പോഴ്‌ത്തേക്കും കാര്യങ്ങൾ കൈവിട്ട് പോയിരുന്നു.
ചേന്തിയെ കേട്ടവർക്ക് ഷോക് ആയെങ്കിലും മുഖ്യമന്ത്രിക്ക് അതത്ര ആഘാതം ഏൽപ്പിച്ചില്ലെന്ന് അവർക്ക് തോന്നി. കാര്യമുണ്ട്; കൊണ്ടും കൊടുത്തും തന്നെയാണ് വടശ്ശേരി ദാമോദരൻ മേനോൻ സതീശൻ, കേരള മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുന്നത്. പെരുന്നയിലെ നായരുമായോ കണിച്ചുകുളങ്ങരയിലെ തേവരുമായോ ഇടഞ്ഞു നോക്കിയവരുണ്ടാകാം. എന്നാൽ രണ്ടുപേരെയും ഒന്നിച്ചുവെല്ലുവിളിച്ചവരാരും കോൺഗ്രസ് രാഷ്‌ട്രീയത്തിൽ ഇല്ലം കണ്ട് മടങ്ങീട്ടില്ല – സതീശനല്ലാതെ.
അപ്പോൾ അദ്ദേഹത്തിന് കാന്തപുരം വലിപ്പമേറുമോ? ഇല്ലെന്നാവാം മറുപടി.

ഈ വിഷയം അന്തിച്ചർച്ചകളിലെത്തുമ്പോൾ, വി.ഡി സതീശന് കിട്ടുന്ന പിന്തുണ, ആ ഡിബേറ്റിലേക്ക്‌ വരുന്നവർ എന്താണ് ഇസ്‌ലാമിലെ സ്ത്രീ സങ്കൽപ്പമെന്ന് മനസ്സിലാക്കാത്തതിന്റെ തകരാറിൽ നിന്നുള്ളതാണ്. മുസ്‌ലിംകൾക്കിടയിലെ തന്നെ ചിലർ ഫീഡ് ചെയ്തു കൊടുത്ത, കുരുടൻ ആനയെ തൊട്ട അനുഭവവുമായാണ് വി. ഡി.എസ്‌ അതിന് മറുപടി ഉണ്ടാക്കിയത്.

സതീശൻ മുഖ്യമന്ത്രിയായാൽ കാക്ക മലർന്നുപറക്കുമെന്നതായിരുന്നു വെള്ളാപ്പള്ളിയുടെ ഉത്കണ്ഠയെങ്കിൽ സതീശൻ തിണ്ണ നിരങ്ങാത്തതായിരുന്നു സുകുമാരൻനായർക്ക് അസ്‌കിത ഉണ്ടാക്കിയത്. സതീശൻ വന്നാൽ കാക്കാമാർക്ക് ചിറക് വയ്‌ക്കുമെന്നായിരുന്നു ഇരുവരും കേരളീയ സമൂഹത്തിന് നൽകിയ മുന്നറിയിപ്പ്.

ശബരിമലയിലെ യുവതീ പ്രവേശനത്തെ എതിർത്ത സതീശൻ തന്നെയാണ് സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് ഇപ്പോൾ വാചാലനാകുന്നത്. ട്രിബ്യൂണലിൽ കേസ് നടക്കുമ്പോൾ തന്നെ മുനമ്പത്തേത് വഖ്ഫ് ഭൂമിയല്ല എന്ന് പ്രസ്താവിക്കുന്നത്. പരിശോധിക്കാൻ ഉപസമിതിയെ വച്ചിരിക്കെ തന്നെ ഒപ്പിട്ടുപോയതിനാൽ പി.എം ശ്രീ നടപ്പാക്കാതെ വയ്യ എന്ന് ആണയിടുന്നത്. തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിസ്ഥാനത്തേക്ക് കെ.സിയുടെ പേര് ഉയർന്നുവന്നില്ലായിരുന്നെങ്കിൽ ചെന്നിത്തലയോ സതീശനോ എന്നാവുമായിരുന്നു ചോദ്യം. സമരസപ്പെടലിന്റെ മഹാഗോപുരമായ ചെന്നിത്തലക്ക് നറുക്ക് വീഴുകയും ചെയ്യുമായിരുന്നു. സതീശൻ ദിവസം 75 പേജ് വായിക്കും. എന്നാൽ നോവൽ എഴുതീട്ടില്ല. താൻ ദിവസം എത്ര പേജ് വായിക്കുമെന്ന് രമേശ്‌ പറഞ്ഞിട്ടില്ല. പക്ഷെ, അദ്ദേഹം ഒരു നോവലെഴുതിയിട്ടുണ്ട്- നിയോഗം.