മുസഫറാബാദ്: പാക് അധിനിവേശ ജമ്മു കശ്മീരിലെ (പിഒകെ) പ്രതിഷേധം ഒത്തുതീര്‍പ്പിലേക്കെത്തിക്കാനുള്ള നീക്കത്തിന് തിരിച്ചടി. പാക് സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്ക് തയാറാണെന്ന് വ്യക്തമാക്കിയെങ്കിലും 13 ഉപാധികള്‍ അംഗീകരിക്കണമെന്ന കര്‍ശന നിലപാടുമായി ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി (ജെഎഎസി) രംഗത്ത്.
കര്‍ഫ്യൂ പിന്‍വലിക്കുക, ഇന്റര്‍നെറ്റ് പുനസ്ഥാപിക്കുക, അറസ്റ്റിലായ പ്രതിഷേധക്കാരെ മോചിപ്പിക്കുക, സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍.
പാക് സുരക്ഷാസേനയുടെ നടപടിക്കെതിരായ പ്രതിഷേധം വിവിധ മേഖലകളിലേക്ക് വ്യാപിച്ചതിന് പിന്നാലെയാണ് ജെഎഎസി ചര്‍ച്ചയ്‌ക്കുള്ള ഉപാധികള്‍ പ്രഖ്യാപിച്ചത്. മുസഫറാബാദ്, റാവല്‍ക്കോട്ട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പ്രതിഷേധം ശക്തമായിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വലിയ ജനപങ്കാളിത്തമാണ് വിവിധ റാലികളില്‍ ഉണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
















