കൊച്ചി: വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനംചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ ആംസ്റ്റർ ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ പാർവതി മായ അറസ്റ്റിലായ വിവരമറിഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുപതിലേറെ പരാതിക്കാരാണ് പോലീസിനെ സമീപിച്ചിരിക്കുന്നത്.
പോളണ്ട്, അർമേനിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനംചെയ്ത് ലക്ഷക്കണക്കിന് രൂപ കൈക്കലാക്കി വഞ്ചിച്ചതായാണ് പരാതികൾ. തട്ടിപ്പിലൂടെ സമാഹരിച്ച പണത്തിൽ വലിയൊരു പങ്കും വിദേശ ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് സ്വീകരിച്ചത്.
മറ്റ് ജില്ലകളിലും ഇവർക്കെതിരെ സമാനമായ കേസുകൾ നിലവിലുണ്ടെന്നും കോടികളുടെ തട്ടിപ്പാണ് പ്രതികൾ നടത്തിയതെന്നുമാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. 2023 മുതൽ സാമൂഹിക മാധ്യമങ്ങളിലെ പരസ്യങ്ങളിലൂടെയാണ് ഇവർ ഇരകളെ വലയിലാക്കിയത്.
പരാതിക്കാർ പണം അയച്ചത് ദുബായിലെ അക്കൗണ്ടിലേക്കാണെന്നാണ് വിവരം. കൊച്ചിയിലെ ഓഫിസ് ഉൾപ്പെടെ സ്ഥാപനത്തിന്റെ വിവിധ ബ്രാഞ്ചുകൾക്ക് ആവശ്യമായ ലൈസൻസുകൾ ഉണ്ടായിരുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി.
സമൂഹിക മാധ്യമങ്ങളിൽ റോൾസ് റോയ്സ് അടക്കമുള്ള ആഡംബര കാറുകൾക്കൊപ്പം നിന്നും വിലകൂടിയ ആഭരണങ്ങൾ അണിഞ്ഞുമുള്ള പാർവതിയുടെ റീലുകൾ വൈറലാണ്. പണം തിരികെ ചോദിച്ച ഉദ്യോഗാർഥികളെ പാർവതിയും കൂട്ടാളികളും ഭീഷണിപ്പെടുത്തിയതായും പരാതികളുണ്ട്.
പാര്‍വതി മായയുടെ പങ്കാളി അനീഷ് മേനോനും കേസില്‍ പ്രതിയാണ്. ഇയാൾ ഉള്‍പ്പെടെയുള്ള നാല് പ്രതികളെ വിദേശത്തുനിന്ന് നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളാണ് അന്വേഷണ സംഘം ഊർജിതമാക്കിയത്. വിദേശത്തുനിന്ന് മടങ്ങിയെത്തിയ പാര്‍വതിയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്.












