തിരുനാവായ ; അടുത്ത വർഷത്തെ മഹാമാഘ മഹോത്സവം ജനുവരി 15 മുതൽ മാർച്ച് 6 വരെയുള്ള ദിവസങ്ങളിൽ തിരുനാവായയിൽ നടക്കും. മകരസംക്രമത്തിൽ തുടങ്ങി ശിവരാത്രി ദിനത്തിലാണ് മഹോത്സവം സമാപിക്കുക . ഇതിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി സംഘാടകർ പറഞ്ഞു. അരക്കോടി ഭക്തരെയാണ് 2027ലെ കുംഭമേളയ്‌ക്ക് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു . പരിപാടികളുടെ വിശദ വിവരങ്ങൾ സെപ്റ്റംബർ അവസാനത്തോടെ തയാറാക്കും. നാസിക് കുംഭമേളയും ഹരിദ്വാർ അർധ കുംഭമേളയും ഇതേ സമയത്താണു നടക്കുന്നത്.
നാസികിലും, ഹരിദ്വാറിലും എത്തുന്ന ഭക്തർക്കു തിരുനാവായയിലെത്താൻ റെയിൽവേ സ്പെഷൽ ട്രെയിനുകൾ അനുവദിക്കും. കഴിഞ്ഞ കുംഭമേളയ്‌ക്ക് 2 സ്പെഷൽ ട്രെയിനുകളാണ് അനുവദിച്ചിരുന്നതെങ്കിൽ ഇത്തവണ പത്തിലേറെയുണ്ടാകും. പുഴയിൽ ഒരുക്കുന്ന യജ്ഞശാലയിലേക്ക് കടക്കാൻ ഇത്തവണ 3 പാലങ്ങൾ നിർമിക്കും. തിരുനാവായ നവാമുകുന്ദ ക്ഷേത്രത്തിനു മുൻവശത്തും പിൻവശത്തും കടവിനു മുന്നിലും പാലങ്ങളുണ്ടാക്കും.
തിരുനാവായ യോഗത്തെ രാജ്യാന്തര വൈദിക ഗുരുകുലമാക്കുമെന്ന് ജുനാ അഘാഡ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി പറഞ്ഞു. തിരുനാവായ യോഗത്തിൽ ദീർഘകാലമായി അധ്യയനം മുടങ്ങിക്കിടക്കുകയാണ്. പാരമ്പര്യ രീതിയിലുള്ള വേദാധ്യായനവും ഇവിടെ തുടങ്ങും.











