കോട്ടയം : കാലിഫോര്‍ണിയയില്‍ രണ്ട് മലയാളി യുവതികള്‍ കൊല്ലപ്പെടാനിടയായ സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലുള്ള അനില ഈരാറ്റുപേട്ട മൂന്നിലവ് താഴക്കവയലില്‍ സ്വദേശിനിയാണ്. മാറാമറ്റം വീട്ടില്‍ ഡോ.ബേബിയുടെയും ജോളിയുടെയും മകള്‍. ഒന്നിച്ച് ഓണം ആഘോഷിക്കുകയും സിനിമയ്‌ക്ക് പോവുകയും ചെയ്ത രണ്ട് അടുത്ത സുഹൃത്തുക്കളെ എന്ത് പ്രകോപനത്തിന്റെ പേരിലാണ് അനില കൊലപ്പെടുത്തിയതെന്ന് ഇനിയും ഈ നാട്ടുകാര്‍ക്ക് മനസിലായിട്ടില്ല. ജോലി നഷ്ടപ്പെട്ടു എന്ന കാരണം കൊണ്ട് ഡിപ്രഷനില്‍ ആവുകയും കൊല നടത്തുകയും ചെയ്തുവെന്നും അവര്‍ക്ക് വിശ്വസിക്കാനായിട്ടില്ല. സ്ഥലത്തെ അറിയപ്പെടുന്ന കുടുംബമാണ് അനിലയുടേത്. വലിയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉള്ളതായി നാട്ടുകാര്‍ക്കറിയില്ല. ഭരണങ്ങാനം അല്‍ഫോന്‍സാ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠിച്ച അനില എന്‍ജിനീയറിങ് ബിരുദധാരിയാണ്. നാലുവര്‍ഷംമുമ്പ് അമേരിക്കയിലേക്ക് പോയ അവര്‍ ഭര്‍ത്താവിനും കുഞ്ഞിനുംഒപ്പം സന്തോഷകരമായി ജീവിക്കുന്നു എന്നാണ് നാട്ടുകാര്‍ കരുതിയിരുന്നത്. നാട്ടിലുള്ളപ്പോള്‍ നല്ല രീതിയിലാണ് മറ്റുള്ളവരോട് പെരുമാറിയിരുന്നത്.
തൃശ്ശൂര്‍ മുടിക്കോട് പാണഞ്ചേരി സ്വദേശിനി അഞ്ജന (35) തിരുവനന്തപുരം സ്വദേശിനിയും കോട്ടയം കുറിച്ചി പള്ളത്തറ ജേക്കബിന്റെ ഭാര്യയുമായ ആന്‍ (35) എന്നിവരെയാണ് അനില കൊലപ്പെടുത്തിയതായി പറയുന്നത്.
















