
കൊച്ചി: പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് പട്ടികജാതി സംവരണം നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാതത്വങ്ങളെയും പരമോന്നത നീതിപീഠത്തിന്റെ വിധികളെയും വെല്ലുവിളിക്കുന്നതാണെന്ന് വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍. പട്ടികജാതി വിഭാഗങ്ങളുടെ ഭരണഘടനാപരമായ അവകാ ശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള നീക്കം ഒരു കാരണവശാലും അംഗീകരിക്കാനാവില്ല.
ഭാരതത്തിന്റെ ഭരണഘടനയുടെ അനുച്ഛേദം 341 പ്രകാരം ഒരു സമുദായത്തെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്താനോ ഒഴിവാക്കാനോ ഉള്ള അധികാരം പാര്‍ലമെന്റിന് മാത്രമാണ്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇതില്‍ യാതൊരു അധികാരവുമില്ലെന്നിരിക്കെ, രാഷ്‌ട്രീയ പ്രീണനത്തിനായി മുഖ്യമന്ത്രി ഇത്തരം പൊള്ളയായ പ്രഖ്യാപനങ്ങള്‍ നടത്തുന്നത് കൈയടി നേടാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണ്. 1950ലെ ഭരണഘടനാ (പട്ടികജാതി) ഉത്തരവ് പ്രകാരം ഹിന്ദു, സിഖ്, ബുദ്ധ മതവിഭാഗങ്ങള്‍ക്ക് മാത്രമാണ് ഈ പരിരക്ഷ അനുവദിച്ചിട്ടുള്ളത്. ഹിന്ദു മതത്തില്‍ നിന്ന് മാറിയവര്‍ക്ക് പട്ടികജാതി പദവിക്ക് അര്‍ഹതയില്ലെന്ന് സൂസായ് കേസ് ഉള്‍പ്പെടെയുള്ള വിധിന്യായങ്ങളില്‍ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
ചില സംഘടിത മതശക്തികളുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി യഥാര്‍ത്ഥ പട്ടികജാതി ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ നിയമപോരാട്ടങ്ങള്‍ക്കും ജനകീയ പ്രക്ഷോഭങ്ങള്‍ക്കും വിഎച്ച്പി നേതൃത്വം നല്‍കുമെന്നും, നിയമം പഠിച്ചിട്ടുള്ള മുഖ്യമന്ത്രി ഭരണഘടനാ വിരുദ്ധമായ പ്രസ്താവന പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.