ഹൈറേഞ്ച് വികസനവും പരിസ്ഥിതി പാഠങ്ങളും: പ്രൊഫ. ഗാഡ്ഗില്‍ മുന്നറിയിപ്പ് നല്‍കിയത് മറ്റൊന്നല്ല നേപ്പാളിലെ മലനിരകളില്‍ വികസനത്തിന്റെ പേരില്‍ കെട്ടിപ്പൊക്കിയവയെല്ലാം ഒറ്റയടിക്ക് ഒലിച്ചുപോയതും വികസനം മണ്ണിലടിയിലായതും അപ്രതീക്ഷിതമായി ഉണ്ടാകുന്ന ദുരന്തങ്ങളുടെ വ്യാപ്തി വെളിപ്പെടുത്തുന്നതാണ്. 131 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കണമെന്ന് തമിഴ്നാട് ആവശ്യപ്പെടുമ്പോള്‍, കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന് വേണ്ടി പ്രതികരിക്കാതിരിക്കാന്‍ കേരള സര്‍ക്കാരിന് കഴിയില്ല.
15 കൂറ്റന്‍ അണക്കെട്ടുകളുള്ള ഇടുക്കി ജില്ലയില്‍ മലയിടിച്ചും പാറപൊട്ടിച്ചുമുള്ള വികസനത്തിന് നിയന്ത്രണം വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മേഘവിസ്ഫോടനവും മിന്നല്‍പ്രണയവും പോലെ ഹൈറേഞ്ചുകളില്‍ പ്രകൃതി നടത്തിയ സംഹാരതാണ്ഡവങ്ങള്‍ നാം മറക്കാറായിട്ടില്ല. വികസനം പാടേ ഉപേക്ഷിക്കണമെന്നല്ല, മറിച്ച് പരിസ്ഥിതിക്ക് താങ്ങാവുന്നതിന് അപ്പുറമുള്ള വികസനം അപകടകരമാണ് എന്നാണ് നേപ്പാളിന്റെ അനുഭവം വ്യക്തമാക്കുന്നത്.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍:
ശാസ്ത്രീയമായ സമീപനം: കുന്നിന്റെ ചരിവും മണ്ണിന്റെ ഘടനയും പാരിസ്ഥിതിക സന്തുലിതാവസ്ഥയും കണക്കിലെടുത്ത് മാത്രമേ ഹൈറേഞ്ചുകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താവൂ.
നിര്‍മ്മാണ നിയന്ത്രണങ്ങള്‍: ഇടനാടുകളിലും തീരദേശങ്ങളിലും നടത്തുന്നതുപോലെയുള്ള കൂറ്റന്‍ കെട്ടിടങ്ങള്‍, പാലങ്ങള്‍, അണക്കെട്ടുകള്‍ എന്നിവ ഹൈറേഞ്ചില്‍ നിര്‍മ്മിക്കുന്നത് ഒഴിവാക്കണം. ശാസ്ത്രീയമായ രീതിയില്‍ മാത്രമേ റോഡുകള്‍ വെട്ടാവൂ.
വനവും പാറമലകളും: ഹൈറേഞ്ചുകളിലെ വനങ്ങളും പാറമലകളും സംരക്ഷിക്കപ്പെടേണ്ടത് അത്യന്താപേക്ഷിതമാണ്.
ചരിവും വെള്ളത്തിന്റെ ശക്തിയും മണ്ണിന്റെ ഭാരവും പാറകളുടെ ചലനവും മനുഷ്യന്‍ നിശ്ചയിക്കുന്ന അതിരുകളിലൂടെ മാത്രം ഒഴുകില്ലെന്ന് നേപ്പാളിലെ പ്രകൃതിദുരന്ത ദൃശ്യങ്ങള്‍ തെളിയിക്കുന്നു. വികസനമല്ല, മനുഷ്യജീവനാണ് പ്രധാനം. ശാസ്ത്രസത്യങ്ങള്‍ വിളിച്ചുപറഞ്ഞതിന്റെ പേരില്‍ അന്തരിച്ച പി.ടി. തോമസിനെപ്പോലുള്ളവര്‍ ജനരോഷത്തിന് ഇരയാകേണ്ടി വന്നതും ഇതേ കേരളത്തിലാണ്.
കര്‍ഷകരുടെയും വികസനത്തിന്റെയും പേരില്‍ രാഷ്‌ട്രീയ-മതമാഫിയാ ശക്തികള്‍ ഉയര്‍ത്തുന്ന വാദങ്ങളില്‍ വീഴാതെ, ഹൈറേഞ്ച് വികസനത്തിലും മുല്ലപ്പെരിയാര്‍ വിഷയത്തിലും വസ്തുതാപരമായും ശാസ്ത്രീയമായും ഇടപെടാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണം. പ്രകൃതി നല്‍കുന്ന ഈ സൂചനകള്‍ കണ്ടില്ലെന്ന് നടിച്ചാല്‍ വരുംതലമുറ നമ്മോട് പൊറുക്കില്ല. ഈ ഭൂമി അവര്‍ക്കും കൂടി അവകാശപ്പെട്ടതാണ്. അത് കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്തം നാം ഓരോരുത്തര്‍ക്കുമുണ്ട്.
(കേരള നേച്ചര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റാണ് ലേഖകന്‍)
















