കോട്ടയം: കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ ഉത്രട്ടാതി ഊരുചുറ്റു ജലോത്സവം വിപുലമായ ചടങ്ങുകളോടെ ഞായറാഴ്ച നടക്കും.
കോട്ടയം ജില്ലയിലെ ചരിത്രപ്രസിദ്ധമായ കുമാരനല്ലൂര്‍ ദേവീക്ഷേത്രവുമായി ബന്ധപ്പെട്ട് മീനച്ചിലാറ്റില്‍ അരങ്ങേറുന്ന ഉതൃട്ടാതി ഊരുചുറ്റ് വള്ളംകളി കേരളത്തിന്റെ തനതായ ആചാരപാരമ്പര്യങ്ങളില്‍ ശ്രദ്ധേയമായ ഒന്നാണ്.
ഓണനാളുകള്‍ക്ക് ശേഷം ചിങ്ങമാസത്തിലെ ഉതൃട്ടാതി നാളിലാണ് ഈ ജലോത്സവം നടക്കുന്നത്. മറ്റു വള്ളംകളികളില്‍നിന്ന് വ്യത്യസ്തമായി, ഇത് പ്രധാനമായും മത്സരത്തിനുവേണ്ടിയുള്ളതല്ല; ദേവീചൈതന്യത്തിന്റെ ഊരുചുറ്റലും ഭക്തജനങ്ങള്‍ക്ക് അനുഗ്രഹം നല്‍കുന്നതുമായ ഒരു ആചാരപരമായ ജലഘോഷയാത്രയാണ്.
ഈ വര്‍ഷം ദേവിയുടെ സിംഹവാഹനം വഹിക്കുന്നത് കേരളത്തിലെ പ്രമുഖ ചുണ്ടന്‍ വള്ളമായ ‘ശ്രീവിനായകന്‍ ചുണ്ടന്‍’ ആണ്. കൂടാതെ പ്രമുഖ ഒടിവള്ളങ്ങളും അകമ്പടി സേവിക്കും.
അഞ്ച് എന്‍.എസ്.എസ് കരയോഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ജലോത്സവം നടത്തുന്നത്.
ദേവി ചൈതന്യം സിംഹവാഹനത്തില്‍ ആവാഹിച്ച് രാവിലെ ക്ഷേത്രസന്നിധിയില്‍ നിന്നും വാദ്യമേളങ്ങളുടെയും മുത്തുകുടകളുടെയും ശംഖനാദത്തിന്റെയും കരവഞ്ചിയുടെയും അകമ്പടിയോടെ ആറാട്ടു കടവിലേക്ക് പുറപ്പെടും. മീനച്ചിലാറിന്റെ ഇരു കരകളിലുമുള്ള വിവിധ കടവുകളില്‍ ഭക്തജനങ്ങള്‍ ഒരുക്കുന്ന പറ വഴിപാടുകള്‍ സ്വീകരിച്ച ശേഷം വൈകുന്നേരത്തോടെ ആറാട്ടുകടവില്‍ തിരിച്ചെത്തുന്നതോടെ വള്ളംകളി സമാപിക്കും.
വള്ളംകളിയുടെ സുഗമമായ നടത്തിപ്പിനായി ഭക്തജനങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും, സ്പീഡ് ബോട്ട് പോലുള്ളവയില്‍ പോകുന്നവര്‍ വള്ളങ്ങളില്‍ നിന്നും കൃത്യമായ അകലം പാലിക്കണമെന്നും കമ്മറ്റി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
















