India

നേപ്പാൾ പ്രളയം: 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭിച്ചു; 18 പേരുമായി സംസാരിക്കാനായെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: മിന്നൽപ്രളയം വൻനാശം വിതച്ച നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമായി തുടങ്ങിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നിലവിൽ 48 ഓളം മലയാളികൾ മേഖലയിലുണ്ടെന്നാണ് വിവരം. ഇതിൽ 32 പേരുടെ വിവരങ്ങളാണ് ഇതുവരെ മുഖ്യമന്ത്രിയുടെ ഓഫീസിലും നോർക്കയിലുമായി ലഭിച്ചത്. സംസ്ഥാന സർക്കാർ പുറത്തുവിട്ട ഹെൽപ്പ് ലൈൻ നമ്പറുകൾ വഴിയാണ് നേപ്പാളിലുള്ളവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടത്. 32 മലയാളികളുടെ വിവരങ്ങൾ ലഭിച്ചു.

നോർക്ക വഴി 20 പേരുടെ വിവരങ്ങൾ ലഭിച്ചു. 18 പേരുമായി നേരിട്ട് സംസാരിക്കാൻ സാധിച്ചു. ഇവർ സുരക്ഷിതരാണെന്നും നിലവിൽ മറ്റ് ബുദ്ധിമുട്ടുകളില്ലെന്നും അറിയിച്ചിട്ടുണ്ട്. 14 പേരുമായി നിലവിൽ സംസാരിക്കാൻ സാധിച്ചിട്ടില്ല. പ്രളയബാധിത മേഖലകളിൽ വാർത്താവിനിമയ സംവിധാനങ്ങൾ തകരാറിലായതാണ് ഇവരുമായി ബന്ധപ്പെടാൻ സാധിക്കാത്തതിന് കാരണമെന്നാണ് വിലയിരുത്തൽ.

വിനോദസഞ്ചാരികളും കൈലാസ മാനസരോവർ തീർത്ഥാടകരുമാണ് പ്രളയ മേഖലയിലുള്ള മലയാളി സംഘത്തിൽ ഭൂരിഭാഗവും. ദുരന്തമേഖലയിൽ കുടുങ്ങിക്കിടക്കുന്ന മുഴുവൻ ആളുകളുടെയും വിവരങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും നേപ്പാളിലെ ഇന്ത്യൻ എംബസിക്കും കൈമാറിയിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

 

Recent Posts