തിരുവനന്തപുരം: ആക്രമണകാരികളായ തെരുവുനായകള്‍ക്ക് ദയാവധം അനുവദിച്ചുകൊണ്ടുള്ള തദേശവകുപ്പ് മാർഗനിർദേശം പുറത്തിറക്കി. സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി. തദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാർ ചെയർമാനായ കമ്മറ്റിയാകും ഇതുസംബന്ധിച്ച് തീരുമാനമെടുക്കുക. ഇതുപ്രകാരം ഗുരുതര രോഗമുള്ള നായകളെയും പേവിഷബാധയേറ്റവരെയും ദയാവധത്തിന് വിധേയമാക്കാം.
ചികിത്സിച്ചു മാറ്റാനാകാത്ത രോഗമുള്ളവ, ജീവൻ നിലനിർത്താനാകാത്ത വിധം ഗുരുതരമായി പരുക്കേറ്റവ, പേവിഷബാധയേറ്റവ, അതിക്രമണ സ്വഭാവമുള്ളതോ ആളുകളെ ആക്രമിച്ചതോ ആയ നായ്‌ക്കള്‍ എന്നിവയെ ദയാവധത്തിനി വിധേയമാക്കാം. ദയാവധത്തിന് അനുമതി നല്‍കുന്നതിനായി ഓരോ തദ്ദേശ സ്ഥാപനത്തിലും ഏഴംഗ സമിതിയെ ചുമതലപ്പെടുത്തും.
തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ അനിമൽ ബർത്ത് കൺട്രോൾ ( എ ബി സി ) മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങളെ ഉൾപ്പെടുത്തി തെരുവുനായ മാനേജ്മെന്റ് കമ്മിറ്റികൾ രൂപീകരിക്കാനും നിർദ്ദേശമുണ്ട്. തെരുവുനായ നിയന്ത്രണം, ദയാവധം നടപ്പിലാക്കൽ, പ്രാദേശിക തലത്തിലുള്ള നിരീക്ഷണം തുടങ്ങിയവയുടെ പൂർണ്ണ ഉത്തരവാദിത്വം ഈ സമിതിക്കായിരിക്കും. അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷരായിരിക്കും ഈ സമിതിയുടെ ചെയർപേഴ്സൺ ആയി വരിക. പ്രസ്തുത സമിതിയുടെ കൃത്യമായ രേഖാമൂലം ഉള്ള ശുപാർശയുടെ അടിസ്ഥാനത്തിൽ മാനുഷിക രീതിയിൽ മാത്രമേ ദയാവധം നടപ്പിലാക്കാവൂ.
അംഗീകൃത വെറ്റിനറി സർജൻ ആകണം ദയാവധം നടപ്പിലാക്കേണ്ടത്. ദയാവധത്തിനായി സോഡിയം പെന്റോബാർബെറ്റിൽ, തയോപെനന്റാൽ സോഡിയം എന്നിവ മാത്രമേ ഞരമ്പ് വഴി കുത്തിവയ്‌ക്കാൻ പാടുള്ളൂ എന്നും നിബന്ധനയിൽ പറയുന്നു. അക്രമാസക്തമായി പെരുമാറുന്ന തെരുവ് നായ്‌ക്കളെ ആവശ്യമായ മരുന്നുകൾ നൽകി ശാന്തമാക്കി മാത്രമേ വാഹനങ്ങളിൽ കയറ്റി കൊണ്ടുപോകാൻ പാടുള്ളൂ. യാതൊരു കാരണവശാലും മറ്റു നായകളുടെ സാന്നിധ്യത്തിലോ, അവയ്‌ക്ക് മുന്നിൽ വച്ചോ ദയാവധം ചെയ്യാൻ പാടില്ല എന്നും നിഷ്കർഷിച്ചിട്ടുണ്ട്.
ദയാവധം നടത്തുന്നതുമായി ബന്ധപ്പെട്ട ചിലവുകൾ അതാത് തദ്ദേശ സ്ഥാപനങ്ങളാണ് വഹിക്കേണ്ടത്. എല്ലാ തദ്ദേശസ്ഥാപനങ്ങളും ദയാവധവുമായി ബന്ധപ്പെട്ട പ്രത്യേകം രജിസ്റ്റർ സൂക്ഷിക്കണം. നായയെ എവിടെ നിന്ന് പിടികൂടി, ഫോട്ടോ, ദയാവധം ചെയ്യാനുള്ള കാരണം തുടങ്ങിയവ ഈ രജിസ്റ്ററിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം.














