
കൊച്ചി: അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ഡോ എം കെ റാമിനെ അറസ്റ്റ് ചെയ്തതിലെ വീഴ്ചയിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ. ഡോ. റാമിന് രക്ഷപ്പെടാന്‍ സാഹചര്യമൊരുക്കിയ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. റാമിനെ നടപടിക്രമങ്ങള്‍ പാലിക്കാതെ അറസ്റ്റ് ചെയ്തതിനെതിരെ മാതാപിതാക്കള്‍ നല്‍കിയ ഉപഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
സുധീർ കല്ലന്റെ നേതൃത്വത്തിൽ പ്സ്പോ പ്രതിയെ രക്ഷിക്കാനാണ് ശ്രമിച്ചതെന്ന് നേരത്തെ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് ഡിവൈഎസ്‌പിക്കെതിരെ നടപടിയെടുക്കാനും നിർദേശിച്ചിരുന്നു. വിവിധ വിഷയങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വേഗത്തില്‍ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ച സാഹചര്യത്തില്‍, ഈ കേസില്‍ വീഴ്ച വരുത്തിയെന്ന് വ്യക്തമാകുന്ന ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാത്തത് ഇരട്ടത്താപ്പാണെന്നും കോടതി നിരീക്ഷിച്ചു.
ഇപ്പോഴും സർവീസിൽ തുടരുന്നത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്ന് ഹൈക്കോടതി വിമർശിച്ചിച്ചിരുന്നു. എഡിജിപി എം ആർ അജിത് കുമാർ അടക്കമുള്ളവരെ സസ്‌പെൻഡ് ചെയ്തപ്പോൾ എന്തുകൊണ്ട് സുധീറിനെതിരെ ഒരു നടപടിയും ഉണ്ടായില്ലെന്നായിരുന്നു കോടതിയുടെ ചോദ്യം.
ഡിവൈ എസ് പി സര്‍വീസില്‍ തുടരുന്നത് ആഭ്യന്തരവകുപ്പിന്റെ ഗുരുതര വീഴ്ചയാണെന്ന് ജസ്റ്റിസ് എ ബദറുദ്ദീന്‍ അഭിപ്രായപ്പെട്ടു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിടുമെന്നും കോടതി വ്യക്തമാക്കി. കേസ് പരിഗണിക്കുന്നതിനിടെ ഡിവൈ എസ് പി ഇപ്പോഴും സര്‍വീസില്‍ തുടരുന്നുണ്ടോയെന്ന് കോടതി ചോദിച്ചു. തുടരുകയാണെന്ന് അറിയിച്ചതോടെയാണ് കോടതിയുടെ വിമര്‍ശനം.