ഒട്ടാവ: എൻഐഎ (ദേശീയ അന്വേഷണ ഏജൻസി) ഭീകരനായി പ്രഖ്യാപിച്ച ഹർദീപ് സിങ് നിജ്ജാറിനെ കാനഡയിൽ വധിച്ചതിന് പിന്നിൽ താനും സംഘവുമാണെന്ന് അവകാശപ്പെട്ട് ഗുണ്ടാത്തലവൻ ഗോൾഡി ബ്രാർ. കൊലപാതകം നടന്ന് മൂന്ന് വർഷത്തിന് ശേഷമാണ് ലോറൻസ് ബിഷ്ണോയി സംഘവുമായി ബന്ധമുള്ള സതീന്ദർജീത് സിങ് എന്ന ഗോൾഡി ബ്രാറിന്റെ വെളിപ്പെടുത്തൽ പുറത്തുവരുന്നത്.
കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകയായ രുചി വാലിയാണ് സമൂഹമാധ്യമങ്ങളിലൂടെ ശബ്ദരേഖ പുറത്തുവിട്ടത്. രാജ്യാന്തര തലത്തിൽ ഗുണ്ടാസംഘങ്ങളെ അമർച്ച ചെയ്യാൻ ലക്ഷ്യമിട്ടുള്ള ഓപ്പറേഷൻ ഹാർഡ്ബോളിന്റെ ഭാഗമായാണ് ഈ ശബ്ദരേഖകൾ ലഭിച്ചതെന്നാണ് റിപ്പോർട്ട്.
പഞ്ചാബിലെ ഫരീദ്‌കോട്ടിൽ നിന്നുള്ള സതീന്ദർജീത് സിംഗ് എന്ന ഗോൾഡി ബ്രാർ, ഖലിസ്ഥാൻ ഭീകരൻ പരംജിത് സിംഗ് പമ്മയുമായി സംസാരിക്കുന്നതാണ് ഓഡിയോ ക്ലിപ്പിലുള്ളത്. നിജ്ജാറിനെ താനും കൂട്ടാളികളും ചേർന്നാണ് കൊലപ്പെടുത്തിയതെന്ന് ബ്രാർ ഓഡിയോയിൽ അവകാശപ്പെടുന്നു. യുവാക്കളെ മയക്കുമരുന്ന് വിൽപ്പനയ്‌ക്ക് ഉപയോഗിച്ചതാണ് നിജ്ജാറിനെ കൊലപ്പെടുത്താൻ കാരണമെന്നും ഇയാൾ ആരോപിക്കുന്നു.
“16-17 വയസ്സുള്ള യുവാക്കളെ മയക്കുമരുന്ന് വിൽക്കാൻ പരിശീലിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്തവർ… യുവാക്കളെ ഭീഷണിപ്പെടുത്തി മയക്കുമരുന്ന് വിൽപ്പനയ്‌ക്കും വിവരദാതാക്കളാകാനും നിർബന്ധിച്ചവർ… നിജ്ജാർ ഇവരെ പിന്തുണയ്‌ക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തു. ആവശ്യമായപ്പോൾ ഉപയോഗിക്കാനായിരുന്നു ഇത്, ഓരോരുത്തരും അവരുടെ പ്രവൃത്തികളുടെ അനന്തരഫലങ്ങൾ നേരിടേണ്ടിവരും,” ബ്രാർ പറയുന്നതായി ഓഡിയോയിൽ കേൾക്കാം
ബ്രാറിന്റെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 50,000 ഡോളർ വരെ പാരിതോഷികം നൽകുമെന്ന് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഓഡിയോ പുറത്തുവന്നിരിക്കുന്നത്. ലോറൻസ് ബിഷ്‌ണോയിയുടെ ഗ്യാങ്ങുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ബ്രാർ ‘ഓപ്പറേഷൻ ഹാർഡ് ബോൾ’ നടപടിയുടെ ഭാഗമായി അന്വേഷണ ഏജൻസികളുടെ റഡാറിലായിരുന്നു.
കാനഡ പൗരനായ ഹർദീപ് സിംഗ് നിജ്ജാർ 2023 ജൂൺ 18നാണ് ബ്രിട്ടീഷ് കൊളംബിയയിലെ ഒരു ഗുരുദ്വാരയ്‌ക്ക് പുറത്തുവെച്ച് കൊല്ലപ്പെട്ടത്. അന്നത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, നിജ്ജാറിന്റെ കൊലപാതകത്തിൽ ഭാരതത്തിന് പങ്കുണ്ടെന്നതിന് വിശ്വസനീയമായ തെളിവുകൾ കാനഡയ്‌ക്ക് ലഭിച്ചിട്ടുണ്ടെന്ന് ആരോപിച്ചിരുന്നു. ഇതോടെ ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര തർക്കം രൂക്ഷമായി.
നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളെയും ഭാരതം തള്ളി. കഴിഞ്ഞ മാസം റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് നിജ്ജാറിന്റെ കൊലപാതകവുമായി ഭാരത സർക്കാർ ഉദ്യോഗസ്ഥരെ ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അറിയിച്ചിരുന്നു. നിലവിൽ ഇരു രാജ്യങ്ങളും ബന്ധം മെച്ചപ്പെടുത്താനും മുന്നോട്ടുപോകാനുമുള്ള ശ്രമത്തിലാണ്.
ബ്രാറിനെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഭാരതത്തില്‍
2022 ഡിസംബർ 12ന് ബ്രാറിനെതിരെ ജാമ്യമില്ലാ വാറണ്ടും 2022 ജൂൺ 15ന് ലുക്ക് ഔട്ട് സർക്കുലറും പുറപ്പെടുവിച്ചിരുന്നു.
















