Kerala

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: കണ്ണൊന്നടഞ്ഞാല്‍, നമ്മളില്‍ ആലസ്യം വളര്‍ന്നാല്‍ മറ്റാരെങ്കിലും ചെയ്യട്ടെ എന്ന് കരുതിയിരുന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളര്‍ന്ന് വരുമെന്ന് ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍. വിശ്വസേവാഭാരതിയുടെ നേതൃത്വത്തില്‍ എളമക്കര മാധവനിവാസ് സ്വര്‍ഗീയ മാധവ്ജി മന്ദിരത്തില്‍ നടന്ന സേവാ കുംഭ് 2026 സമാപന സഭയില്‍ സേവാസന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സേവാപ്രസ്ഥാനങ്ങള്‍ ഇല്ലാതായാല്‍ രാജ്യം ചൂഷണത്തിനിരയാകും. ദേശവിരുദ്ധരുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് പിന്നീട് നാം പ്രവര്‍ത്തിക്കേണ്ടിവരും. ഒത്താശക്കനുസരിച്ച് നിലനില്‍ക്കേണ്ടതായിവരും. ഏതൊരു കാര്യത്തിലും ഏറ്റെടുക്കുക എന്ന പ്രവര്‍ത്തനം നാം എപ്പോഴും ചെയ്യുക. ഏറ്റെടുക്കുന്ന ഓരോന്നും ദേശത്തിന്റെ ശാക്തീകരണമാണെന്ന് എപ്പോഴും ഓര്‍ക്കുക. നാടിനെ വിശ്വഗുരുവാക്കുന്ന പ്രവര്‍ത്തനങ്ങളാണ് നാം ഓരോരുത്തരും ചെയ്യുന്നതെന്നും ഈശ്വരസേവ തന്നെയാണ് ഓരോ സേവാഭാരതി പ്രവര്‍ത്തകരും ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോടിക്കണക്കിന് രൂപയുടെ പ്രവര്‍ത്തനങ്ങളാണ് സേവാഭാരതി ചെയ്തുകൊണ്ടിരിക്കുന്നത്. എന്നിരുന്നാലും നാം ചെയ്യുന്നതിലും എത്രയോ ഇരട്ടിയാണ് സമാജത്തിന്റെ ആവശ്യം എന്നതും നാം തിരിച്ചറിയേണ്ടതുണ്ട്. എത്രയോ പേരിലേക്ക് നാം എത്തുന്നു എന്നതിനൊപ്പം എത്രയോ പേരിലേക്ക് നാം എത്തുന്നില്ല എന്നതും നിലനില്‍ക്കുന്നുണ്ട്. അപ്പോഴും നമ്മുടെ ഉത്സാഹവും ആത്മാര്‍ത്ഥതയും കൊണ്ട് എത്താനാകും എന്നും, ഇനിയും ഒത്തിരി ചെയ്യാന്‍ സേവാഭാരതിക്ക് കഴിയും എന്നും അദ്ദേഹം പറഞ്ഞു.

പ്രവാസി ക്ഷേമസമിതി സ്ഥാപക അധ്യക്ഷനും നിലവില്‍ രക്ഷാധികാരിയും കേസരി വാരികയുടെ ഡയറക്ടറുമായ
ടി.വി. വേണുഗോപാലിനെ മധു എസ്. നായര്‍ ആദരിക്കുന്നു

ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത കാര്യകാരി സദസ്യന്‍ എ.ആര്‍. മോഹന്‍ ഭാവിപ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. വിശ്വസേവാഭാരതി ട്രസ്റ്റ് അംഗം പി.എസ്. സുരേഷ് ബാബു നന്ദി പറഞ്ഞു. വിദ്യാഭ്യാസം, ഭവനം തുടങ്ങി വിവിധ മേഖലകളില്‍ സേവാഭാരതിയുടെ കൈത്താങ്ങ് ലഭിച്ച ഗുണഭോക്താക്കള്‍ അവരുടെ അനുഭവങ്ങള്‍ ചടങ്ങില്‍ പങ്കുവച്ചു.

 

Recent Posts