കോഴിക്കോട് :മാസപ്പടിക്കേസിലും വീണ ടിയുടെ അനധികൃത പണമിടപാടുകളിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതോടെ പ്രതിരോധത്തിലായ സി പി എം എങ്ങനെയും അണികളുടെയും പൊതുജനങ്ങളുടെയും കണ്ണില്‍ പൊടിയിടാനുളള ശ്രമത്തിലാണ്.ഇതിനായി ഇന്ന് വൈകിട്ട് മുതലക്കുളം മൈതാനത്ത് നടത്തിയ വിശദീകരണ യോഗത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പങ്കെടുത്തു.എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ലക്ഷ്യം പിണറായി വിജയനും മുഹമ്മദ് റിയാസുമാണെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞത്.
സി പി എമ്മിനെ ഭയപ്പെടുത്തി നിറുത്താമെന്ന് ഇ ഡിയും മാദ്ധ്യമങ്ങളും കരുതേണ്ട.മാദ്ധ്യമത്തണലില്‍ അല്ല സി പി എം വളര്‍ന്നത്.മാദ്ധ്യമങ്ങള്‍ മൂലധന ശക്തികള്‍ക്ക് കീഴടങ്ങിയെന്നും ആരോപിക്കുന്നു. ഇ ഡിയുടെ 95 ശതമാനം കേസുകളും പ്രതിപക്ഷത്തിന് എതിരെയാണെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.
അന്വേഷണ കാര്യങ്ങള്‍ പറഞ്ഞ് ഇ ഡി വാര്‍ത്താക്കുറിപ്പ് ഇറക്കുന്നത് വിചിത്ര നടപടിയാണെന്നാണ് എം വി ഗോവിന്ദന്‍ പറയുന്നത്. ഇ ഡി പടച്ചുണ്ടാക്കിയതാണ് ഹവാല ആരോപണമെന്നാണ് ആക്ഷേപം. സി പി എമ്മിന് അതില്‍ ഒരു കാര്യവും ഇല്ല. പാര്‍ട്ടിനേതാക്കള്‍ക്കെതിരെ വന്നാല്‍ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്റെ മകള്‍ വീണ ടിയുമായി ബന്ധപ്പെട്ട് കോടികളുടെ അനധികൃത ഇടപാടുകളാണ് ഇ ഡി കണ്ടെത്തിയത്.ഇതിലെ ചില വിവരങ്ങള്‍ വാര്‍ത്താക്കുറിപ്പായി പുറത്തുവിട്ടതിനെ എം വി ഗോവിന്ദനും പിണറായിയും വിമര്‍ശിക്കുന്നു.ഇ ഡി മുമ്പും വാര്‍ത്താക്കുറിപ്പ് ഇറക്കുമായിരുന്നെന്ന വിവരം മറച്ചു വച്ചാണ് ഈ കുറ്റപ്പെടുത്തല്‍. ഇ ഡിയുടെ വെബ്‌സൈറ്റിലേ വിവരങ്ങള്‍ വെളിപ്പെടുത്തൂ എന്നാണ് ഈ നേതാക്കളുടെ വാദം. എന്നാല്‍ ഇ ഡി വെബ്‌സൈറ്റില്‍ പത്രക്കുറിപ്പ് നല്‍കുന്ന വിഭാഗത്തിലാണ് വാര്‍ത്താക്കുറിപ്പുകള്‍ വരിക എന്ന സാമാന്യ ബോധം പോലും ഈ നേതാക്കള്‍ക്കില്ല എന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന ദയനീയ സ്ഥിതിയും ഇവിടെ കാണാന്‍ കഴിയും.
















