
തിരുവനന്തപുരം: മംഗലാപുരത്തെ പാലക്കാട് ഡിവിഷനില്‍ നിന്നും വേര്‍പെടുത്താനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍.
പാലക്കാട് റെയില്‍വേ ഡിവിഷനില്‍നിന്ന് മംഗലാപുരം സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള ബോര്‍ഡിന്റെ തീരുമാനം ഏകപക്ഷീയമാണെന്നും വളരെ പ്രധാനപ്പെട്ട മംഗലാപുരം ജംഗ്ഷന്‍ ഒഴിവാക്കിയാല്‍ പാലക്കാട് ഡിവിഷന്റെ വരുമാനം ഗണ്യമായി കുറയുകയും ഇത് ഡിവിഷന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്ന് സര്‍ക്കാര്‍ വിലയിരുത്തി.
അടിയന്തരമായ പ്രശ്‌നപരിഹാരം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കും. സംസ്ഥാനത്തെ എം.പിമാരുടെ കൂടി സഹകരണത്തോടെ തീരുമാനം പുനപരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ചെലുത്തുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പത്രക്കുറിപ്പില്‍ അറിയിച്ചു.