Editorial

മുല്ലപ്പെരിയാറിലെ ‘ജലബോംബ്’ നിര്‍വീര്യമാക്കിയേ മതിയാവൂ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട് വീണ്ടും തനിനിറം കാട്ടുന്നു. പുതിയ അണക്കെട്ട് വേണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്നാട് ഒരിക്കല്‍ക്കൂടി നിരസിച്ചിരിക്കുകയാണ്. പുതിയ അണക്കെട്ടിന്റെ മുഴുവന്‍ ചെലവും കേരളം വഹിക്കാമെന്നും, സ്ഥലവും രൂപകല്പനയും തമിഴ്നാടിന് തീരുമാനിക്കാമെന്നും കേരളാ മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞെങ്കിലും, തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് അതിനോട് യോജിച്ചില്ല.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ മഹാബലിപുരത്ത് ചേര്‍ന്ന ദക്ഷിണ മേഖലാ കൗണ്‍സിലില്‍ ആണ് സതീശന്‍ ഈ നിലപാട് അറിയിച്ചത്. കോടതി വിധിയുടെ അടിസ്ഥാനത്തിലാകണം നടപടികളെന്നും, കാവേരി നദീജല തര്‍ക്കത്തില്‍ സുപ്രീംകോടതി വിധിയും ്രൈടബ്യൂണല്‍ തീരുമാനവും നടപ്പാക്കണമെന്നുമാണ് വിജയ് ആവശ്യപ്പെട്ടത്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തണമെന്ന തമിഴ്നാടിന്റെ ആവശ്യം വിജയ് ആവര്‍ത്തിച്ചു. പ്രശ്നം ചര്‍ച്ചയിലൂടെയും സമവായത്തിലൂടെയും പരിഹരിക്കാന്‍ തമിഴ്നാട് സര്‍ക്കാരിന് താല്പര്യമില്ലെന്നാണ് ഇതില്‍ നിന്ന് മനസ്സിലാകുന്നത്.

അതേസമയം, ജലം പങ്കിടുന്നത് സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ അമിത് ഷാ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ അംഗീകരിച്ചു. ഭാരതത്തിലെ വലിയ നദികളെ ബന്ധിപ്പിച്ചിരുന്നെങ്കില്‍ അടുത്ത നൂറുവര്‍ഷത്തേക്ക് രാജ്യത്ത് ജലക്ഷാമം നേരിടേണ്ടി വരില്ലായിരുന്നുവെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. പരസ്പര ചര്‍ച്ചയിലൂടെയും, വിവിധ മന്ത്രാലയങ്ങളിലൂടെയും ദക്ഷിണ സംസ്ഥാനങ്ങളിലെ ജല തര്‍ക്കങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്ന നിര്‍ദ്ദേശവും അമിത് ഷാ മുന്നോട്ടു വച്ചു. വാജ്പേയ് സര്‍ക്കാരിന്റെ കാലത്ത് കാവേരി നദീജലം പങ്കിടുന്നത് സംബന്ധിച്ച് കര്‍ണാടകയും തമിഴ്നാടും തമ്മിലുണ്ടായ സംഘര്‍ഷം അന്നത്തെ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് മുന്‍കയ്യെടുത്ത് പരിഹരിച്ചതാണ്, അമിത് ഷായുടെ വാക്കുകള്‍ ഓര്‍മ്മപ്പെടുത്തുന്നത്. ജലസമ്പത്ത് രാജ്യത്തിന്റേതാണെന്ന ദേശീയ കാഴ്ചപ്പാട് ചില സംസ്ഥാനങ്ങള്‍ക്ക് ഇല്ലാത്തതാണ് തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ തടസ്സമാകുന്നത്.

മുല്ലപ്പെരിയാറില്‍ കേരളത്തിന് നിരന്തരം തിരിച്ചടിയുണ്ടാവാന്‍ കാരണം സംസ്ഥാനം ഭരിച്ചവര്‍ തന്നെയാണ്. അണക്കെട്ടിന്റെ ഉടമസ്ഥത സംബന്ധിച്ചും, ജലനിരപ്പ് എത്രയാവണം എന്നതു സംബന്ധിച്ചുമുള്ള കേസുകളില്‍ കേരളം ഭരിച്ച ഇടതു-വലത് മുന്നണി സര്‍ക്കാരുകള്‍ ഗുരുതര അനാസ്ഥയാണ് കാണിച്ചത്. അതേസമയം തമിഴ്നാട്ടിലെ സര്‍ക്കാരുകള്‍ രാഷ്‌ട്രീയ ഭേദം മറന്ന് ഇക്കാര്യത്തില്‍ ഒരേ നിലപാട് സ്വീകരിക്കുകയും ചെയ്തു. ബ്രിട്ടീഷുകാരുടെ കാലത്ത് ഒപ്പുവച്ച പാട്ടക്കരാര്‍ കാലാവധി കഴിഞ്ഞിട്ടും തമിഴ്നാടിന് അനുകൂലമായി പുതുക്കി നല്‍കിയത് സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. രാഷ്‌ട്രീയ താല്‍പ്പര്യം മുന്‍നിര്‍ത്തി എടുത്ത ഈ തീരുമാനം കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം മരണവാറണ്ടായി. കേരളത്തിലെ ഭരണാധികാരികള്‍ക്ക് ബോധോദയം ഉണ്ടായപ്പോഴേക്കും സമയം വൈകിപ്പോയിരുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ട് കാലഹരണപ്പെട്ടതാണെന്ന് ആദ്യം അംഗീകരിക്കേണ്ടതുണ്ട്. അണക്കെട്ടിലെ വിള്ളലുകളും ചോര്‍ച്ചയും പലപ്പോഴും വാര്‍ത്തയായിട്ടുള്ളതാണ്. ഇടയ്‌ക്കിടെ നടത്തുന്ന ‘ബലപ്പെടുത്തലുകള്‍’ അണക്കെട്ടിന്റെ ആയുസ്സ് വര്‍ദ്ധിപ്പിക്കില്ല. ഇക്കാര്യങ്ങള്‍ കോടതിയെ ധരിപ്പിക്കേണ്ട ഉത്തരവാദിത്വം കേരളത്തിനാണ്. ഈ ഉത്തരവാദിത്വം നിറവേറ്റിയില്ല. മാത്രമല്ല, മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയാല്‍ ഇടുക്കി അണക്കെട്ട് തടഞ്ഞുകൊള്ളും എന്ന അടിസ്ഥാനമില്ലാത്ത വാദഗതിയെ ശക്തമായി എതിര്‍ക്കുന്നതിലും കേരളം പരാജയപ്പെട്ടു. അണക്കെട്ടിനുമേലുള്ള അവകാശം സംബന്ധിച്ച് നമ്മള്‍ കോടതിയില്‍ അവതരിപ്പിക്കാന്‍ പോകുന്ന വാദമുഖങ്ങള്‍ അപ്പപ്പോള്‍ തമിഴ്നാട് സര്‍ക്കാരിന് ചോര്‍ന്നുകിട്ടിയെന്നാണ് പറയപ്പെടുന്നത്. കേന്ദ്ര പരിസ്ഥിതി മന്ത്രിമാരായി പ്രവര്‍ത്തിച്ച തമിഴ്നാട്ടില്‍ നിന്നുള്ളവരെ കേരളം അന്ധമായി വിശ്വസിക്കുകയും ചെയ്തു.

തമിഴ്നാട് എന്തൊക്കെ അവകാശവാദങ്ങള്‍ ഉന്നയിച്ചാലും കേരളം അംഗീകരിക്കാന്‍ പാടില്ലായിരുന്നു. കാരണം മുല്ലപ്പെരിയാര്‍ അണക്കെട്ടിന് 127 വര്‍ഷം പഴക്കമുണ്ട്. എന്ത് ശാസ്ത്രീയമായ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ അണക്കെട്ട് പൊട്ടില്ലെന്ന് പറയുന്നത്? ഓരോ മഴക്കാലത്തും അണക്കെട്ട് നിറഞ്ഞുകവിയുന്നു. മഹാദുരന്തം സംഭവിക്കാനുള്ള സാധ്യത എപ്പോഴുമുണ്ട്. അങ്ങനെ സംഭവിച്ചാല്‍ അഞ്ച് ജില്ലകളിലെ ജനങ്ങള്‍ ഒലിച്ചുപോകും. ഇത് മുന്‍കൂട്ടി കണ്ട് ഒഴിവാക്കേണ്ട ഉത്തരവാദിത്വം, ഭരിക്കുന്നത് ആരായാലും കേരളത്തിലെ സര്‍ക്കാരിനുണ്ട്. തമിഴ്നാടിന്റെ പ്രശ്നം കൃഷിയാണ്. വെള്ളം കിട്ടിയില്ലെങ്കില്‍ രണ്ട് ജില്ലകളിലെ കൃഷി നശിക്കുമത്രേ. ഇതിനുവേണ്ടി കേരളത്തിലെ ലക്ഷക്കണക്കിനാളുകളുടെ ജീവന്‍ ബലിനല്‍കണമെന്നോ? മുല്ലപ്പെരിയാറിലെ ജലബോംബ് നിര്‍വീര്യമാക്കിയേ മതിയാവൂ.