
ന്യൂദല്‍ഹി: വന്ദേമാതരം മുഴുവന്‍ ഭാഗങ്ങളും ചൊല്ലണമെന്ന് പാര്‍ലമെന്‍റ് തീരുമാനിച്ചിരിക്കെ, ആ പാര്‍ലമെന്‍റ് നിയമത്തെ ചവറ്റുകൊട്ടയില്‍ എറിയാന്‍ സോണിയാഗാന്ധിക്ക് കഴിയുമോ എന്ന ചോദ്യമുയര്‍ത്തി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സ്മൃതി ഇറാനി. കോൺഗ്രസ് ആസ്ഥാനത്ത് സ്വാതന്ത്ര്യദിന പരിപാടിയിൽ വന്ദേമാതരം മുഴുവനായി ഗായകസംഘം ആലപിക്കുമ്പോൾ ഇടയില്‍വെച്ച് അത് നിര്‍ത്താന്‍ ആവശ്യപ്പെട്ട സോണിയ ഗാന്ധിയുടെ പ്രതികരണത്തെയും സ്മൃതി ഇറാനി ചോദ്യം ചെയ്തു.ഇന്ത്യാ ടുഡേയ്‌ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു സ്മൃതി ഇറാനിയുടെ ഈ പ്രതികരണം.
1950-ൽ ഇന്ത്യയുടെ ആദ്യ രാഷ്‌ട്രപതി രാജേന്ദ്ര പ്രസാദ് ഭരണഘടനാ അസംബ്ലിയിൽ ജനഗണമനയ്‌ക്ക് നല്‍കുന്ന അതേ അതേ ബഹുമാനം വന്ദേമാതരത്തിന് നൽകണമെന്ന് പ്രസ്താവിചിട്ടുണ്ട്. അങ്ങിനെയിരിക്കെ ജനഗണമനയുടെ അതേ ബഹുമാനം വന്ദേമാതരത്തിന് നല്‍കേണ്ടതുണ്ടോ എന്ന എങ്ങിനെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തീരുമാനിക്കാൻ കഴിയുമെന്നും സ്മൃതി ഇറാനി ചോദിച്ചു.കോൺഗ്രസ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിന പരിപാടിക്കിടെ സോണിയാഗാന്ധി വന്ദേമാതരത്തിലെ അഞ്ചാമത്തെയും ആറാമത്തെയും ഖണ്ഡികകള്‍ പാടാന്‍ തുടങ്ങിയപ്പോള്‍ അത് നിര്‍ത്താന്‍ ആവശ്യപ്പെട്ട സംഭവത്തിന് തൊട്ടുപിന്നാലെ, 1937 ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയുടെ പ്രമേയത്തിന് അനുസൃതമായി, പാർട്ടി പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകൾ പാടിയാല്‍ മതിയെന്ന് പാർട്ടി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രസ്താവിച്ചിരുന്നു.
“ഇന്ത്യൻ പാർലമെന്റ് ഒരു പ്രത്യേക വിഷയത്തിൽ അഭിപ്രായപ്പെടുകയും അതിൽ നിയമനിർമ്മാണം നടത്തുകയും ചെയ്തുകഴിഞ്ഞാൽ, ആ നിയമം ചവറ്റുകുട്ടയിൽ എറിയാൻ സോണിയ ഗാന്ധിക്ക് ഈ രാജ്യത്ത് എന്തെങ്കിലും പ്രത്യേക അവകാശമുണ്ടോ?”- സ്മൃതി ഇറാനി ചോദിച്ചു.
സ്വാതന്ത്ര്യദിനത്തിൽ പാർട്ടി ആസ്ഥാനത്ത് വന്ദേമാതരം ആലപിക്കുമ്പോൾ സോണിയ ഗാന്ധി കോൺഗ്രസ് മേധാവി മല്ലികാർജുൻ ഖാർഗെയോട് വന്ദേമാതരം ആലപിക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെടുന്നതിന്റെ വീഡിയോ പരാമർശിച്ചുകൊണ്ട്, ഗാനത്തിലെ അഞ്ചാമത്തെയും ആറാമത്തെയും ഖണ്ഡങ്ങളിൽ ദുർഗ്ഗാദേവിയെയോ ലക്ഷ്മിയെയോ സരസ്വതിയേയോ ആരാധിക്കുന്നതില്‍ സോണിയാഗാന്ധിക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് സ്മൃതി ഇറാനി ചൂണ്ടിക്കാട്ടി. .
“അപ്പോൾ ശ്രീമതി സോണിയാ ഗാന്ധിക്ക് എന്താണ് പ്രശ്‌നം – മാ ഭാരതിയോ അതോ ദുർഗ്ഗാ ദേവിയോ?” സ്മൃതി ഇറാനി ചോദിച്ചു.