തിരുവനന്തപുരം:ശബരിമല,പമ്പ എന്നിവിടങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തദ്ദേശസ്വയംഭരണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ലീന്‍ കേരള കമ്പനിയും ധാരണാ പത്രം ഒപ്പിട്ടു.തിരുവനന്തപുരത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പ്രസിഡന്റ് കെ ജയകുമാറിന്റെ സാന്നിധ്യത്തിലാണ് ധാരണ പത്രം ഒപ്പു വച്ചത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി ദേവസ്വം കമ്മീഷണര്‍ ബി സുനില്‍കുമാര്‍റും ക്ലീന്‍ കേരള കമ്പനിക്കായി മാനേജിംഗ് ഡയറക്ടര്‍ ജി കെ സുരേഷ് കുമാറുമാണ് ധാരണാ പത്രത്തില്‍ ഒപ്പിട്ടത്. മാലിന്യം നീക്കം ചെയ്യല്‍ ഉടന്‍ തന്നെ ആരംഭിക്കും.
ഉപയോഗശൂന്യമായ ലോഹ വസ്തുക്കളും ലോഹ അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിന് ക്ലീന്‍ കേരള കമ്പനിക്ക് കരാര്‍ നല്‍കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നു.ക്ലീന്‍ കേരള കമ്പനിക്ക് ലോഹാവശിഷ്ടങ്ങള്‍ ശേഖരിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയതിനെ തുടര്‍ന്നായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടി.
നേരത്തേ ദേവസ്വം ബോര്‍ഡ് നേരിട്ട് ലേലം ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഉദ്യോഗസ്ഥരും കരാറുകാരും ഒത്തുകളിച്ചെന്ന് ആരോപണമുണ്ടായിരുന്നു.തുടര്‍ന്നാണ് കരാര്‍ ക്ലീന്‍ കേരള കമ്പനിക്ക് നല്‍കാന്‍ തീരുമാനിച്ചത്.
















