തൃശ്ശൂർ: തൃശ്ശൂരിന്റെ ജനകീയവും പാരമ്പര്യപരവുമായ ആഘോഷമായ പുലിക്കളിയെ അധിക്ഷേപിക്കുന്ന തരത്തിൽ എഴുത്തുകാരനും നടനുമായ വി.കെ. ശ്രീരാമൻ നടത്തിയ പരാമർശങ്ങൾ അത്യന്തം അപലപനീയമാണെന്ന് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് പറഞ്ഞു.
തലമുറകളായി തൃശ്ശൂരിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായ പുലിക്കളി വെറുമൊരു വിനോദമല്ല. ആയിരക്കണക്കിന് കലാകാരന്മാരുടെയും സംഘാടകരുടെയും അധ്വാനവും തൃശ്ശൂർ ജനതയുടെ ആവേശവും ചേർന്നുനിൽക്കുന്ന നാടിന്റെ അഭിമാനമാണ്. അത്തരമൊരു ജനകീയ കലാരൂപത്തെയും അതിനായി പ്രവർത്തിക്കുന്ന കലാകാരന്മാരെയും പരിഹസിക്കുന്ന സമീപനം ഒരിക്കലും അംഗീകരിക്കാനാവില്ല.
പുലിക്കളിയെ പ്രോത്സാഹിപ്പിക്കുന്നതിനും കലാകാരന്മാർക്ക് പിന്തുണ നൽകുന്നതിനും കേന്ദ്രസർക്കാർ പോലും മുന്നോട്ടുവരുന്ന ഈ ഘട്ടത്തിൽ, അതിനെ അപകീർത്തിപ്പെടുത്തുന്ന ഇത്തരം പരാമർശങ്ങൾ ഉണ്ടാകുന്നത് ഗൗരവമായി കാണേണ്ടതാണ്. ശ്രീരാമന്റെ പ്രസ്താവനയ്‌ക്ക് പിന്നിൽ ഏതെങ്കിലും തരത്തിലുള്ള ഗൂഢലക്ഷ്യമോ ആസൂത്രിത നീക്കമോ ഉണ്ടോയെന്ന കാര്യവും പരിശോധിക്കപ്പെടേണ്ടതുണ്ടെന്ന് ജസ്റ്റിൻ ജേക്കബ് പറഞ്ഞു.
വ്യക്തിപരമായ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ ഒരു നാടിന്റെ സംസ്കാരത്തെയും പാരമ്പര്യത്തെയും അതിന്റെ കലാകാരന്മാരെയും അവഹേളിക്കാനുള്ള അവകാശം ആർക്കുമില്ല. അതിനാൽ വി.കെ. ശ്രീരാമൻ തന്റെ പരാമർശം ഉടൻ പിൻവലിക്കുകയും തൃശ്ശൂർ ജനതയോടും പുലിക്കളി കലാകാരന്മാരോടും പരസ്യമായി മാപ്പ് പറയുകയും വേണം. അല്ലാത്തപക്ഷം ഇത്തരം അധിക്ഷേപ പരാമർശങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയരുമെന്നും, തൃശ്ശൂരിന്റെ സാംസ്കാരിക പൈതൃകത്തെ അപമാനിക്കുന്ന നിലപാടുകൾക്ക് ജനങ്ങൾ ഉചിതമായ മറുപടി നൽകുമെന്നും ജസ്റ്റിൻ ജേക്കബ് മുന്നറിയിപ്പ് നൽകി.
പുലിക്കളി തൃശ്ശൂരിന്റെ അഭിമാനമാണ്. ആ അഭിമാനത്തെ അപമാനിക്കാൻ ആരെയും അനുവദിക്കില്ലെന്നും ജസ്റ്റിൻ ജേക്കബ് വ്യക്തമാക്കി
















