കൊച്ചി: ബാലഗോകുലത്തിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും സ്‌നേഹത്തോടെയും സമര്‍പ്പണത്തോടെയും മാര്‍ഗനിര്‍ദേശം നല്‍കിയ കാരണവരെയാണ് നഷ്ടമായിരിക്കുന്നതെന്ന് ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ വ്യക്തമാക്കി.
കുട്ടികള്‍ വെറും നാളത്തെ പൗരന്മാരല്ലെന്നും, ഭാരതത്തിന്റെ സംസ്‌കാരവും പാരമ്പര്യവും മൂല്യങ്ങളും അടുത്ത തലമുറയിലേക്ക് പകര്‍ന്നുനല്‍കേണ്ട ഉത്തരവാദിത്തമുള്ളവരാണെന്നും എം.എ. സാര്‍ വിശ്വസിച്ചു. ബാലഗോകുലത്തെ അദ്ദേഹം ഒരു സംഘടനാപരമായ പ്രവര്‍ത്തനം എന്നതിലുപരി, കുട്ടികളുടെ മനസില്‍ ഭാരതീയതയുടെ വിത്തുകള്‍ പാകുന്ന മഹത്തായ സാംസ്‌കാരിക പ്രസ്ഥാനമായാണ് കണ്ടത്.
ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ മുതല്‍ ബാലഗോകുലത്തിന്റെ വിവിധ പരിപാടികള്‍ വരെ കുട്ടികളെ മുന്‍നിരയില്‍ നിര്‍ത്തുന്നതിലും അവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിലും എം.എ. സാറിന്റെ സാന്നിധ്യവും മാര്‍ഗനിര്‍ദ്ദേശവും എന്നുമുണ്ടായിരുന്നു. സ്വന്തം സംസ്‌കാരത്തെ അറിയാനും ആചാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും മഹത്വം മനസിലാക്കാനും സമൂഹത്തോട് ഉത്തരവാദിത്തമുള്ളവരായി വളരാനും അദ്ദേഹം കുട്ടികള്‍ക്ക് നല്‍കിയ പ്രചോദനം വിലമതിക്കാനാവാത്തതാണ്.കാലം മാറി. കുട്ടികളുടെ ലോകവും മാറി. സാങ്കേതികവിദ്യയും പുതിയ ജീവിതശൈലികളും അവരുടെ മുന്നില്‍ പുതിയ സാധ്യതകളും വെല്ലുവിളികളും തുറന്നിടുന്നു. എന്നാല്‍ ഈ മാറ്റങ്ങള്‍ക്കിടയിലും കുട്ടികളുടെ മനസില്‍ നന്മയും സംസ്‌കാരവും ദേശബോധവും മാനവികതയും വളര്‍ത്തണമെന്ന എം.എ. സാറിന്റെ ആശയം ഇന്നും ഏറെ പ്രസക്തമാണ്. അതിനായി തന്റെ ജീവിതത്തിന്റെ ഒരു വലിയ ഭാഗം സമര്‍പ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹം.
എം.എ. സാറിന്റെ വിയോഗം ബാലഗോകുലത്തിനും കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും തീരാനഷ്ടമാണ്. എന്നാല്‍ അദ്ദേഹം കുട്ടികളുടെ മനസില്‍ പകര്‍ന്നുനല്‍കിയ മൂല്യങ്ങളും, ബാലഗോകുലത്തിന്റെ വളര്‍ച്ചക്കായി നല്‍കിയ നിസ്വാര്‍ത്ഥ സംഭാവനകളും, അനേകം തലമുറകളുടെ ഓര്‍മകളില്‍ എന്നും ജീവിക്കും.
















