കെ. ലക്ഷ്മിനാരായണന്‍
(സംസ്‌കാര്‍ ഭാരതി ദേശീയ സമിതിയംഗം)
കൊച്ചി: കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഞാന്‍ എം.എ. സാറിനെ അവസാനമായി കണ്ടത്. പ്രാന്തകാര്യാലയത്തിലെ മുറിയില്‍ കയറി കാല്‍തൊട്ടു വണങ്ങി ഞാന്‍ അടുത്തിരുന്നു. എന്നിട്ട് ചോദിച്ചു, 1984ല്‍ ആദ്യമായി സാര്‍ എന്റെ വീട്ടില്‍ വന്നത് ഓര്‍ക്കുന്നുണ്ടോ? അന്ന് സാറിനൊപ്പം മഹാരാജാസ് കോളജ് പ്രിന്‍സിപ്പലായിരുന്ന ശശി സാറും ഉണ്ടായിരുന്നു. തപസ്യയുടെ ഒരു യൂണിറ്റ് എറണാകുളത്ത് തുടങ്ങണമെന്ന് സാര്‍ എന്നോട് പറഞ്ഞു. എറണാകുളത്ത് വിശാല ഹിന്ദു സമ്മേളനം കഴിഞ്ഞ സമയമായിരുന്നു. വിശ്വഹിന്ദു പരിഷത്തിന്റെ ഒരു യൂണിറ്റ് തുടങ്ങാനുള്ള ആലോചന നടക്കുന്ന സമയം.
കലയും സാഹിത്യവുമായി വലിയ ബന്ധമൊന്നുമില്ലാത്ത എനിക്ക് വിശ്വഹിന്ദു പരിഷത്തല്ലേ ചേര്‍ന്നതെന്ന് ഞാന്‍ സംശയം പ്രകടിപ്പിച്ചു. സാര്‍ സമ്മതിച്ചില്ല. അതിനുശേഷം തപസ്യയുടെ യൂണിറ്റ് തുടങ്ങുകയും ചെയ്തു. നാല് പതിറ്റാണ്ട് മുന്‍പ് നടന്ന ഇക്കാര്യം ഞാന്‍ പറഞ്ഞപ്പോള്‍ എം.എ. സാറിന് അതെല്ലാം ഓര്‍മവരികയും, ശരിയാണെന്ന് സമ്മതിക്കുകയും ചെയ്തു.
അന്ന് സാറിന്റെ നിര്‍ദേശപ്രകാരം തപസ്യയുടെ ഭാഗമായ ഞാന്‍ 42 വര്‍ഷമായി ആ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നു.
അടൂരില്‍ നടക്കുന്ന തപസ്യയുടെ പഠനശിബിരത്തെക്കുറിച്ച് എന്തെങ്കിലും നിര്‍ദേശമുണ്ടോ എന്നും ഞാന്‍ സാറിനോട് ചോദിച്ചു. അപ്പോള്‍ സാറ് ഒരു നിമിഷം ആലോചിച്ചു. എന്നിട്ട് പറഞ്ഞു, മഹാകവി അക്കിത്തത്തെയും സ്വര്‍ഗീയ പരമേശ്വര്‍ജിയെയും സ്മരിക്കുന്ന രീതിയില്‍ ഒരു പരിപാടി തപസ്യ നടത്തണം. ശ്രമിക്കാം എന്നു ഞാന്‍ പറഞ്ഞു. ഒരു സെല്‍ഫി എടുത്ത് ഒരിക്കല്‍ കൂടി ആ കാല്‍ തൊട്ടുവണങ്ങി ഞാന്‍ ഇറങ്ങി. എം.എ. സാറില്‍ ആ സമയത്ത് ഒരു ഓര്‍മക്കുറവും ഞാന്‍ കണ്ടില്ല. സാറിനെ അന്ന് കാണാനും അനുഗ്രഹം വാങ്ങാനും കഴിഞ്ഞത് ഒരു ഭാഗ്യമായി ഞാന്‍ കരുതുന്നു. അദ്ദേഹത്തിന് ഹൃദയംഗമമായ ആദരാഞ്ജലി അര്‍പ്പിക്കുന്നു.
















