കൊച്ചി: സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേയ്‌ക്ക് നയിക്കാന്‍ എം.എ. സാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായെന്ന് ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍. കേരളത്തിന്റെ സാമൂഹിക മണ്ഡലത്തില്‍ ദേശീയ പ്രസ്ഥാനങ്ങളുടെ മുദ്ര പതിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ച വ്യക്തിത്വമാണ് എം.എ. സാര്‍.
പുരോഗമനക്കാരും ഇടതുപക്ഷക്കാരും മാത്രമാണ് കേരളത്തിന്റെ സാഹിത്യകാരന്മാര്‍ എന്ന് ചിന്തിച്ചിരുന്ന കാലത്ത്, ആ ദിശയിലൂടെ യാത്ര ചെയ്തിരുന്നവരെ ദേശീയതയുടെ വഴിയിലേയ്‌ക്ക് നയിക്കാന്‍ എം.എ. സാറിന്റെ സമ്പര്‍ക്കവും അദ്ദേഹത്തിന്റെ നേതൃപാടവവും ഉപകരിച്ചു. മുന്നില്‍ വന്നുനില്‍ക്കാതെ പിന്നില്‍ നിന്നുകൊണ്ട് എല്ലാ കാര്യങ്ങളെയും വേണ്ട രീതിയില്‍ നിയന്ത്രിച്ചു കൊണ്ടുപോകാന്‍ സാധിച്ചുവെന്നത് അദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകതയായിരുന്നു. സാഹിത്യരംഗത്തെ പ്രമുഖ വ്യക്തികളെ കൂട്ടിച്ചേര്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പലരെയും തപസ്യയുടെ ഭാഗമാക്കുകയും ചെയ്തു.
അങ്ങനെ സാഹിത്യരംഗത്തും കലാരംഗത്തും ഇടതുപക്ഷക്കാരല്ലാത്തവര്‍ക്കും നിലനില്‍ക്കാന്‍ സാധിക്കുമെന്ന തിരിച്ചറിവ് സൃഷ്ടിക്കാന്‍ എം.എ. സാറിന്റെ പ്രസ്ഥാനങ്ങളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയുമായി. സംഘപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്‌ക്ക് അദ്ദേഹം നല്‍കിയ സംഭാവന അമൂല്യമാണെന്നും അദ്ദേഹം അനുസ്മരിച്ചു.
വിലമതിക്കാനാവാത്ത സേവനം: ശ്രീറാം
ജീവിതം മുഴുവനും സമാജത്തിനായി സമര്‍പ്പിച്ച വ്യക്തിത്വമായിരുന്നു എം.എ. സാറിന്റേതെന്ന് ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര പ്രചാര്‍ പ്രമുഖ് ശ്രീറാം. അദ്ദേഹത്തിന്റെ ചിന്തയും വാക്കും പ്രവര്‍ത്തിയും സംഘമായിരുന്നു. അതുകൊണ്ടുതന്നെ ജീവിതത്തിലെ ഓരോ നിമിഷവും സമാജത്തിന്റെ നന്മയ്‌ക്കായി മാറ്റിവെച്ച മഹത്തായ വ്യക്തിത്വമായിരുന്നു. ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്തങ്ങള്‍ ആത്മാര്‍ത്ഥതയോടെയും കൃത്യനിഷ്ഠയോടെയും നിര്‍വഹിച്ചു. വ്യക്തിജീവിതത്തിനപ്പുറം സമൂഹത്തിനും രാഷ്‌ട്രത്തിനുമായി പ്രവര്‍ത്തിക്കുന്നതിന്റെ മാതൃകയാണ് അദ്ദേഹത്തിന്റെ ജീവിതം. എം.എ. സാറിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും വരും തലമുറയിലെ സ്വയംസേവകര്‍ക്ക് എന്നും പ്രചോദനമായി നിലനില്‍ക്കും. സംഘപ്രസ്ഥാനത്തിനും സമാജത്തിനും അദ്ദേഹം നല്‍കിയ സേവനങ്ങള്‍ വിലമതിക്കാനാകാത്തതാണെന്നും ശ്രീറാം പറഞ്ഞു.
















