
തൃശ്ശൂര്‍: തൃശൂരിന്റെ പരമ്പരാഗത പൈതൃക കലാരൂപമായ പുലികളിയെ കടുത്ത ഭാഷയിൽ വിമര്‍ശിച്ച നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പുലികളി സംഘങ്ങളും കലാസ്നേഹികളും പ്രതിഷേധവുമായി രംഗത്ത്. എന്നാൽ, പ്രതിഷേധം ശക്തമായിട്ടും താൻ ഉന്നയിച്ച നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതായി ശ്രീരാമൻ വ്യക്തമാക്കി.
പുരുഷന്മാർക്ക് മാറും വയറും വളരുന്നത് ഒരു രൂപവൈകൃതമാണെന്നും ആ വൈകൃതത്തെ കലയുടെ പേരിൽ അവതരിപ്പിക്കുന്നത് ആഭാസമാണെന്നുമാണ് ശ്രീരാമൻ ഫേസ്ബുക്കിൽ കുറിച്ചത്. കണ്ടാൽ ഓക്കാനം വരുന്ന ഇത്തരം ഒരു കലാവൈകൃതം ലോകത്ത് വേറെവിടെയും കാണാനാകില്ലെന്നും അദ്ദേഹം പരിഹസിച്ചു.
വയറ്റിൽ വരച്ച ചിത്രങ്ങൾ കുലുക്കി കാണിക്കുന്നത് ജുഗുപ്സാവഹമാണെന്ന് പറഞ്ഞ ശ്രീരാമൻ, ‘നാട്യശാസ്ത്രത്തിൽ ശാർദൂല വിക്രീഡിതം എന്ന് പരാമർശിച്ച കുംഭകുലുക്കി കളിയാണിത്’ എന്ന് സുബ്രൻ സ്വാമി പറഞ്ഞതായി കളിയാക്കുകയും ചെയ്തു.
ശ്രീരാമന്റെ പോസ്റ്റിനെതിരെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിലും പുറത്തും ഉയരുന്നത്. പുലികളി കലാകാരന്മാരെ ശാരീരികമായി അധിക്ഷേപിക്കുന്നതാണ് ഈ പരാമർശമെന്ന് പുലികളി സംഘങ്ങൾ ആരോപിച്ചു.
പുലികളിയെ അധിക്ഷേപിച്ചതിലൂടെ നടൻ വി കെ ശ്രീരാമൻ നടത്തിയത് ക്രിമിനൽ കുറ്റമാണെന്ന് സീതാറാം മിൽ ദേശം പുലിക്കളി സംഘാടക സമിതി ജനറൽ സെക്രട്ടറി കെ കേശവദാസ് പറഞ്ഞു. പുലികളിയെ അധിക്ഷേപിച്ച് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് പ്രേതിഷേധാർഹം. പോസ്റ്റ് പിൻവലിച്ച് കലാകാരന്മാരോടും പൊതു സമൂഹത്തോടും മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിവിധ കലകളുടെ സമന്വയമാണ് പുലികളി. മെയ്യെഴുത്ത് ലോകം അംഗീകരിച്ച ഒരു കലാരൂപമാണ്. ഗിന്നസ് ബുക്കിൽ പോലും ഇടം നേടിയ കലാരൂപമാണ്. വി കെ ശ്രീരാമന്റെ ഉദ്ദേശം മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കേന്ദ്രമന്ത്രി സുരേഷ്‌ഗോപി പ്രധാനമന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ട് പുലിക്കളിയെ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്താനും സഹായം ലഭ്യമാക്കാനും ശ്രമിച്ചിരുന്നു. അതിന്റെ ഫലമായി കേന്ദ്രം പ്രഖ്യാപിച്ച ധനസഹായം തൃശ്ശൂരിന്റെ പുലിക്കളി സംഘങ്ങള്‍ക്ക് 24 ലക്ഷം രൂപ കൈമാറുകയും ചെയ്തു. തൃശ്ശൂരിന്റെ കലയും കലാകാരന്മാരും രാഷ്‌ട്രീയത്തിന് മുകളിലാണ്. ഒരു കലാരൂപത്തെയും അതിന്റെ കലാകാരന്മാരെയും രാഷ്‌ട്രീയ താല്‍പര്യങ്ങളുടെ പേരില്‍ ബുദ്ധിമുട്ടിക്കരുതെന്നും അദ്ദേഹം അന്ന് പറഞ്ഞു.