ന്യൂദല്‍ഹി: സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും തമ്മിലുള്ള വൈദ്യുതി വിതരണം സുഗമവും കാര്യക്ഷമവും ആക്കാനും വൈദ്യുതി ശേഖരിക്കാനുമുള്ള ഹരിത ഊര്‍ജ്ജ ഇടനാഴി പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. 1,86,405 കോടിയുടെ കേന്ദ്രപദ്ധതി വഴി 135 ജിഗാവാട്ട് വരെയുള്ള പുനരുപയോഗ ഊര്‍ജ്ജമാണ് വിതരണം ചെയ്യുക. പദ്ധതി 2032-2033 ഓടെ പൂര്‍ത്തിയാക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കിയ ഗ്രീന്‍ എനര്‍ജി കോറിഡോര്‍ അന്തര്‍-സംസ്ഥാന പ്രസരണ ശൃംഖല ശക്തമാക്കും. പിഎം ധാരാ(പി എം ഡവലപ്പിങ്ങ് ഹര്‍മണൈസ്ഡ് ആന്‍ഡ് ആക്‌സിലറേറ്റഡ് റിന്യൂവബിള്‍ എനര്‍ജി അക്‌സസ്) എന്നാണ് പേര്.
പുനരുപയോഗ ഊര്‍ജ്ജത്തിലെ അനിശ്ചിതത്വം, വിതരണ ശൃംഖലയിലെ തിരക്ക്, തിരക്കേറിയ സമയത്തെ വൈദ്യുതി ലഭ്യതക്കുറവ് എന്നിവ പരിഹരിക്കാനും, സൗരോര്‍ജ്ജം ലഭിക്കാത്ത സമയങ്ങളിലും വൈദ്യുതി ലഭ്യമാക്കാനും 50 ജിഗാവാട്ട് ശേഷിയുളള ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റങ്ങള്‍ സ്ഥാപിക്കുകയാണ് മറ്റൊരു പ്രധാന ലക്ഷ്യം.
1,86,405 കോടിയില്‍ 1,36,378 കോടി അന്തര്‍-സംസ്ഥാന പ്രസരണ ശൃംഖലയുടെ വികസനത്തിനാണ്. ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റങ്ങള്‍ക്കാണ് 50,000 കോടി. ആകെ ചെലവില്‍ 54,082 കോടിയും കേന്ദ്രം നല്‍കും.















