തിരുവനന്തപുരം: ദിവ്യാംഗരുടെ ദേശീയ സംഘടനയായ സമദൃഷ്ടി ക്ഷമതാ വികാസ് ഏവം അനുസന്ധാന്‍ മണ്ഡല്‍ (സക്ഷമ) സമത്വം, സ്വാശ്രയത്വം, സാങ്കേതികവിദ്യ, തൊഴില്‍ അവസരങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിധം അഞ്ച് ദിവസത്തെ ‘ദേശീയ സക്ഷം ഉത്സവ്’ സംഘടിപ്പിക്കും. ജനുവരി 20 മുതല്‍ 24 വരെ തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനിയിലാണ് പരിപാടിയെന്ന് സംഘാടകസമിതി ചെയര്‍മാന്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദിവ്യാംഗരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിവിധ മേഖലകളെ ഒരുമിച്ച് കൊണ്ടുവരുന്നതിനും, ശാസ്ത്ര സാങ്കേതിക മേഖലയിലെ പുരോഗതി അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് എടുത്തുകാണിക്കുന്നതിനും ‘സക്ഷം ഉത്സവ്’ വേദിയൊരുക്കും. സക്ഷമയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വ്യവസായം, അക്കാദമിക് മേഖല, ഗവേഷകര്‍, ആരോഗ്യ സംരക്ഷണ പുനരധിവാസ വിദഗ്ധര്‍, സ്റ്റാര്‍ട്ടപ്പുകള്‍, എന്‍ജിഒകള്‍, ദിവ്യാംഗര്‍ എന്നിവരുടെയും സംഗമമാകും മേള. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളും സ്ഥാപനങ്ങളും വികസിപ്പിച്ചെടുത്ത അനുഭവം, അറിവ്, വൈദഗ്ധ്യം, സാങ്കേതികവിദ്യകള്‍ എന്നിവ ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് ഉത്സവത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.
പരിപാടിയോടനുബന്ധിച്ച് മെഗാ ഇന്‍ക്ലൂസീവ് എക്‌സ്‌പോ, ദേശീയ സെമിനാറുകള്‍, നൈപുണ്യ വികസന ശില്പശാലകള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവയും സംഘടിപ്പിക്കും. ദിവ്യാംഗരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും മുഖ്യധാരാ സമൂഹത്തില്‍ അവരുടെ സജീവ പങ്കാളിത്തം സാധ്യമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള വിവിധ ആശയങ്ങള്‍, സംരംഭങ്ങള്‍, ഉത്പന്നങ്ങള്‍, സേവനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അവബോധവും നല്‍കും. ദിവ്യാംഗരുടെ ദൈനംദിന ജീവിതം കൂടുതല്‍ സ്വതന്ത്രവും സൗകര്യപ്രദവുമാക്കുന്നതിനായി രൂപകല്‍പന ചെയ്തിട്ടുള്ള സാങ്കേതികവിദ്യകളും ഉല്പന്നങ്ങളും മെഗാ ഇന്‍ക്ലൂസീവ് എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കും.
ദിവ്യാംഗരുടെ തൊഴില്‍, സംരംഭകത്വ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിലും മേള ശ്രദ്ധ കേന്ദ്രീകരിക്കും. തൊഴിലുടമകള്‍, വൈദഗ്ധ്യമുള്ള ഉേദ്യാഗാര്‍ത്ഥികള്‍, നൈപുണ്യ വികസന സ്ഥാപനങ്ങള്‍, സംരംഭകത്വ പരിപാടികള്‍ എന്നിവ തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നതിലൂടെ സാമ്പത്തിക ശാക്തീകരണത്തിനും സ്വാശ്രയത്വത്തിനും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ദിവ്യാംഗരുടെ കഴിവുകളും സര്‍ഗാത്മകതയും പ്രദര്‍ശിപ്പിക്കുന്ന വിവിധ സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഓഫീസ് ഓഫ് ചീഫ് കമ്മിഷണര്‍ ഫോര്‍ പേഴ്‌സണ്‍സ് വിത്ത് ഡിസെബിലിറ്റീസ്, വിജ്ഞാന്‍ ഭാരതി എന്നിവയുടെയും അക്കാദമിക് പാര്‍ട്ണര്‍മാരായി കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ്, എപിജെ അബ്ദുല്‍ കലാം ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി, നൂറുല്‍ ഇസ്ലാം സെന്റര്‍ ഫോര്‍ ഹയര്‍ എഡ്യൂക്കേഷന്‍ ഡീംഡ് യൂണിവേഴ്‌സിറ്റി, സിസ എന്നിവയുടെ സഹകരണത്തോടെയുമാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സക്ഷമ സംസ്ഥാന പ്രസിഡന്റും കോട്ടയം മെഡിക്കല്‍ കോളജ് മുന്‍ സൂപ്രണ്ടുമായ ഡോ. പി. ബാലചന്ദ്രന്‍, സക്ഷമ ഉത്സവ് വൈസ് ചെയര്‍മാന്‍ ഡോ. സി. സുരേഷ്‌കുമാര്‍, ജനറല്‍ സെക്രട്ടറി ഡോ. സുനില്‍കുമാര്‍, സക്ഷമ കേരളം – തമിഴ്‌നാട് സംഘടനാ സെക്രട്ടറി പി.വി. പ്രദീപ്കുമാര്‍, സംസ്ഥാന സെക്രട്ടറി ഹരിദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
















