കോട്ടയം: പാലാ നഗരസഭയില്‍ നാളെ നടക്കുന്ന ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ രണ്ട് കോണ്‍ഗ്രസുകാര്‍ തമ്മില്‍ ഏറ്റുമുട്ടും. സിപിഎം, മാണി ഗ്രൂപ്പ്, വിമത കോണ്‍ഗ്രസ് വിഭാഗത്തിന്‌റെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസുകാരിയായ ആക്ടിങ് ചെയര്‍പേഴ്‌സണ്‍ മായാ രാഹുല്‍ മല്‍സരിക്കുമ്പോള്‍, കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി റിയ ചീരാന്‍കുഴിയാണ് മല്‍സരിക്കുക.
മായാ രാഹുല്‍ കോണ്‍ഗ്രസ് വിമതയായിട്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. എന്നാല്‍ പിന്നീട് പാര്‍ട്ടി അവരെ തിരിച്ചെടുത്തു. ഇതിനിടെ മുന്‍ അദ്ധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടത്തെ പുറത്താക്കുന്നതില്‍ ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന് മുഖ്യ പങ്ക് വഹിച്ചതും മായാ രാഹുലാണ്. കൈപ്പത്തി ചിനത്തില്‍ അല്ല മായ ജയിച്ചത് എന്നതിനാല്‍ കോണ്‍ഗ്രസുകാരിയാണെങ്കിലും അവരുടെ സ്വാര്‍ത്ഥ നീക്കങ്ങള്‍ നിസ്‌സഹായമായി നോക്കി നില്‍ക്കാനേ പാര്‍ട്ടിക്കു കഴിയുന്നുള്ളൂ. ഈ സാഹചര്യത്തിലാണ് ഡിസിസി നേതൃത്വം നാളെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത്. നാളെ നടക്കുന്ന തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് വിമതരായ നാല് കൗണ്‍സിലര്‍മാര്‍ക്കും നിര്‍ണായകമാണ്. നിലവില്‍ ഇവര്‍ മായാ രാഹുലിനൊപ്പം ഇടതുപക്ഷത്ത് നിലയുറപ്പിച്ചിരിക്കുകയാണെങ്കിലും കോണ്‍ഗ്രസിലേക്ക് മടങ്ങി വരണമെന്ന ആഗ്രഹക്കാരാണ്. കഴിഞ്ഞതവണ വിപ്പ് ലംഘിച്ച് വോട്ട് ചെയ്തതിന്റെ പേരിലാണ് ഇവര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടത്. എന്നാല്‍ ഇവര്‍ക്കെതിരായ കൂറുമാറ്റ നടപടികളൊന്നും കോണ്‍ഗ്രസ് ആരംഭിച്ചിട്ടില്ല. ഈ ഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ ഇവര്‍ വോട്ട് ചെയ്യുമോ എന്നാണ് അറിയാനുള്ളത്. എതിര്‍ത്ത് വോട്ടു ചെയ്താല്‍ ഇവര്‍ക്കെതിരെ കൂറുമാറ്റ നിരോധനനിയമം കൂടുതല്‍ ശക്തമാകും.
വിമത കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരോട് ഒരു വിട്ടുവീഴ്ചയുമില്ലെന്ന നിലപാടാണ് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പ്രകടിപ്പിച്ചത്. ഇവരെ വെട്ടിലാക്കാന്‍ വേണ്ടിയാണ് കോണ്‍ഗ്രസ് സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ നിലവില്‍ പുറത്താക്കപ്പെട്ട ഈ അംഗങ്ങള്‍ക്ക് വിപ്പു നല്‍കാന്‍ കോണ്‍ഗ്രസിന് എങ്ങിനെ കഴിയും എന്നതാണ് പ്രധാന ചോദ്യം.
















