തിരുവനന്തപുരം: എബിവിപി പ്രതിനിധി സംഘം കേരളം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുമായി ലോക്ഭവനിലെത്തി കൂടിക്കാഴ്ച നടത്തി കേരള, കാലടി സര്‍വകലാശാല വിഷയങ്ങളുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് നിവേദനങ്ങള്‍ നല്‍കി.
കേരള സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ചാന്‍സലറായ ഗവര്‍ണറെ ധരിപ്പിച്ചു. എല്‍എല്‍ബി വിദ്യാര്‍ഥികളുടെ പുനര്‍മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചു. സമയബന്ധിതമായ പുനര്‍മൂല്യനിര്‍ണയം, അതുമായി ബന്ധപ്പെട്ട റീഫണ്ട് നയം എന്നിവ ഉറപ്പാക്കാനുള്ള ഇടപെടല്‍ നടത്തണമെന്നും അഭ്യര്‍ത്ഥിച്ചു. പുനര്‍മൂല്യനിര്‍ണയത്തില്‍ അഞ്ച് ശതമാനത്തില്‍ അധികം മാര്‍ക്ക് വ്യത്യാസമുണ്ടെങ്കില്‍ റീഫണ്ട് അനുവദിക്കുന്ന രീതിയില്‍ സര്‍വകലാശാല നിയമത്തില്‍ മാറ്റം വരുത്താന്‍ ചാന്‍സലറുടെ ശക്തമായ ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ടു.
കാലടി ആദിശങ്കരാചാര്യ സര്‍വകലാശാലയില്‍ പ്രതീകാത്മകമായി വിസി ഡോ. സിസ തോമസിന്റെ ശവസംസ്‌കാര ചടങ്ങ് നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ അപരിഷ്‌കൃത സമരാഭാസത്തിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. എബിവിപി സംസ്ഥാന അധ്യക്ഷന്‍ ഡോ. വൈശാഖ് സദാശിവന്‍, സംസ്ഥാന സംഘടനാ സെക്രട്ടറി എന്‍സിടി ശ്രീഹരി, തിരുവനന്തപുരം വിഭാഗ് സംഘടനാ സെക്രട്ടറി കെ.എം. വിഷ്ണു, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ബി.എസ്. അഭിനന്ദ് എന്നിവരടങ്ങിയ പ്രതിനിധി സംഘമാണ് ഗവര്‍ണറെ കണ്ടത്.
















