പ്രദക്ഷിണം എന്നാല്‍ വലംവെക്കലാണ്. വലംവെക്കുക എന്നാല്‍, പ്രത്യേകിച്ച് ഉത്തരാര്‍ദ്ധഗോളത്തില്‍, ക്ലോക്കിന്റെ സൂചി കറങ്ങുന്ന ദിശയില്‍ സഞ്ചരിക്കുക എന്നാണ്. ഭൂമിയുടെ ഉത്തരാര്‍ദ്ധഗോളത്തില്‍ ഇതൊരു സ്വാഭാവിക പ്രതിഭാസമാണ്. നിങ്ങള്‍ സൂക്ഷ്മമായി ശ്രദ്ധിച്ചാല്‍, ഭൂമധ്യരേഖയ്‌ക്ക് മുകളിലുള്ള പല പ്രകൃതിദത്ത പ്രതിഭാസങ്ങളും വലത്തോട്ടും (ക്ലോക്ക് വൈസ്), അതിന് താഴെയുള്ളവ ഇടത്തോട്ടും (ആന്റി-ക്ലോക്ക് വൈസ്) കറങ്ങുന്നത് കാണാം. കാറ്റിന്റെയോ വെള്ളത്തിന്റെയോ കാര്യത്തില്‍ മാത്രമല്ല, ഊര്‍ജ്ജ സംവിധാനം പോലും പ്രവര്‍ത്തിക്കുന്നത് ഇത്തരത്തിലാണ്.
അതുകൊണ്ടാണ് ഉത്തരാര്‍ദ്ധഗോളത്തില്‍ ഊര്‍ജ്ജസ്വലമായ ഒരു സ്ഥലമുണ്ടെങ്കില്‍, അവിടെനിന്ന് പ്രയോജനം നേടാനോ ഊര്‍ജ്ജം ആഗിരണം ചെയ്യാനോ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ അതിന് ചുറ്റും ഘടികാരദിശയില്‍ പ്രദക്ഷിണം വയ്‌ക്കണം എന്ന് പറയുന്നത്.
കൂടുതല്‍ പ്രയോജനം ലഭിക്കണമെങ്കില്‍ നിങ്ങളുടെ മുടി നനഞ്ഞിരിക്കണം. അതിലും കൂടുതല്‍ പ്രയോജനം വേണമെങ്കില്‍ വസ്ത്രങ്ങളും നനഞ്ഞിരിക്കണം. കാരണം ശരീരം വളരെ വേഗം ഉണങ്ങിപ്പോകും. വസ്ത്രങ്ങള്‍ വളരെ നേരം ഈര്‍പ്പത്തോടെ നിലനില്‍ക്കും. അതിനാല്‍ ഒരു പവിത്രീകരിച്ച ഇടത്തെ പ്രദക്ഷിണം ചെയ്യുമ്പോള്‍ നനഞ്ഞ വസ്ത്രങ്ങളാണ് അഭികാമ്യം. അപ്പോഴാണ് നിങ്ങള്‍ക്ക് ആ ഊര്‍ജ്ജം ഏറ്റവും മികച്ച രീതിയില്‍ സ്വീകരിക്കാന്‍ കഴിയുന്നത്.
അതുകൊണ്ടാണ് എല്ലാ ക്ഷേത്രങ്ങളിലും ‘കല്യാണി’ എന്ന് വിളിക്കപ്പെടുന്ന ഒരു ജലാശയം (ക്ഷേത്രക്കുളങ്ങള്‍) ഉണ്ടായിരുന്നത്. പവിത്രമായ ഇടത്തിലെ ഊര്‍ജ്ജം സാധ്യമായ ഏറ്റവും മികച്ച രീതിയില്‍ സ്വീകരിക്കുന്നതിനായി, അവിടെ മുങ്ങി നിവര്‍ന്ന് നനഞ്ഞ വസ്ത്രങ്ങളോടെ ക്ഷേത്രത്തില്‍ പ്രവേശിക്കേണ്ടതുണ്ട്. എന്നാല്‍ ഇന്ന് മിക്ക കുളങ്ങളും ഒന്നുകില്‍ വറ്റിപ്പോയി, അല്ലെങ്കില്‍ അവ അഴുക്കടിഞ്ഞു കിടക്കുകയാണ്.
ഊര്‍ജ്ജത്തിന്റെ ചുഴി
നിങ്ങള്‍ ഘടികാരദിശയില്‍ പ്രദക്ഷിണം ചെയ്യുമ്പോള്‍, ചില പ്രകൃതിദത്ത ശക്തികള്‍ക്കൊപ്പമാണ് നിങ്ങള്‍ നീങ്ങുന്നത്. പവിത്രീകരിച്ച ഇടം ഒരു ചുഴി പോലെയാണ് പ്രവര്‍ത്തിക്കുന്നത്, അതായത് അവ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുകയും ഒപ്പം ആകര്‍ഷിക്കുകയും ചെയ്യുന്നു. ഈ രണ്ടു രീതിയിലും, നമ്മുടെ സത്തയും ദൈവികതയും തമ്മിലുള്ള ഒരു ലയനം സംഭവിക്കുന്നു. നമ്മുടെ സംസ്‌കാരത്തില്‍ ദൈവത്തെ കാണുകയോ, സ്വര്‍ഗ്ഗത്തില്‍ പോയി അവിടുത്തെ മടിയില്‍ ഇരിക്കാനോ ഉള്ള സങ്കല്‍പ്പങ്ങളൊന്നുമില്ല.
ഇവിടെത്തന്നെ, സ്വയം ദൈവമായി മാറാനാണ് നാം ആഗ്രഹിക്കുന്നത് നാം വളരെ ഉയര്‍ന്ന ലക്ഷ്യങ്ങളുള്ള മനുഷ്യരാണ്. ദൈവീകതയെ കാണുന്നതിലല്ല നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ദൈവീകതയെ സാക്ഷാത്കരിക്കാനും ദൈവമായി മാറാനുമാണ് നാം ആഗ്രഹിക്കുന്നത്.
പവിത്രീകരിച്ച ഒരു ഇടത്ത് ഉണ്ടായിരിക്കുക എന്നതിന്റെ ആശയം, ഈ ആന്തരിക ലയനം നിരന്തരം സംഭവിക്കാന്‍ അനുവദിക്കുക എന്നതാണ്, അങ്ങനെ ക്രമേണ ഈ ജീവനുള്ള ശരീരം തന്നെ ഒരു ദിവ്യരൂപമായി മാറും. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഈ ശരീരത്തെ ഒരു മൃഗത്തെപ്പോലെ നിലനിര്‍ത്താം. അല്ലെങ്കില്‍ ഇതിനെ ഒരു പവിത്ര രൂപമോ ദൈവീകമോ ആക്കി മാറ്റാം.
പ്രതിഷ്ഠിക്കപ്പെട്ട ഒരു സ്ഥലത്തിന് ചുറ്റും ഘടികാരദിശയില്‍ പ്രദക്ഷിണം വയ്‌ക്കുന്നത് ഈ സാധ്യതയെ സ്വീകരിക്കാനുള്ള ലളിതമായ ഒരു വഴിയാണ്. പ്രത്യേകിച്ച് ഭൂമധ്യരേഖ മുതല്‍ മുപ്പത്തിമൂന്ന് ഡിഗ്രി അക്ഷാംശം വരെയുള്ള പ്രദേശങ്ങളില്‍ ഇത് വളരെ ശക്തമാണ്. അതുകൊണ്ടാണ് നാം മിക്ക ക്ഷേത്രങ്ങളും ഈ മേഖലയ്‌ക്കുള്ളില്‍ സ്ഥാപിച്ചത്, കാരണം ഇവിടെയാണ് നിങ്ങള്‍ക്ക് പരമാവധി പ്രയോജനം ലഭിക്കുന്നത്. നിങ്ങള്‍ വടക്കോട്ട് പോകുന്തോറും ക്ഷേത്രങ്ങള്‍ പ്രധാനമായും ഭക്തിക്കായി സ്ഥാപിച്ചതാണെന്ന് വ്യക്തമായി കാണാന്‍ സാധിക്കും. എന്നാല്‍ തെക്കന്‍ പ്രദേശങ്ങളിലേക്ക് വരുമ്പോള്‍, ഭക്തിയെന്ന ഘടകമുണ്ടെങ്കിലും, ഏറ്റവും പ്രധാനപ്പെട്ട കാര്യം, അവ ശാസ്ത്രീയമായി നിര്‍മ്മിക്കപ്പെട്ടതാണ് എന്നതാണ്.
പല ക്ഷേത്രങ്ങളും നിര്‍മ്മിക്കാന്‍ പല തലമുറകളിലെ ആളുകള്‍ വേണ്ടിവന്നു. ഉദാഹരണത്തിന്, രാഷ്‌ട്രകൂടന്മാര്‍ നിര്‍മ്മിച്ച എല്ലോറയിലെ കൈലാസ നാഥ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് 135 വര്‍ഷത്തെ അദ്ധ്വാനം വേണ്ടിവന്നു. അതായത് നാല് തലമുറയിലെ ആളുകള്‍ ഒരേ പ്ലാനില്‍, ഒരു മാറ്റവും വരുത്താതെ ജോലി ചെയ്തു.
അതിന് വേറിട്ടൊരു തരം മാനവികബോധം ആവശ്യമാണ്. ഇന്ന്, നമ്മുടെ ആളുകള്‍ക്ക് ഏത് കാര്യം നല്‍കിയാലും അതില്‍ അവരുടെ വക എന്തെങ്കിലും ഒരു പരിഷ്‌കാരം അവര്‍ കൊണ്ടുവരും. അത് എത്ര വിഡ്ഢിത്തമാണെങ്കിലും ശരി, എല്ലാറ്റിലും തങ്ങളുടെ മുദ്ര പതിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇത്രയും വലിയ ക്ഷേത്രങ്ങള്‍ പണിതുയര്‍ത്തിയെങ്കിലും, ‘ഞാനാണ് ഇത് ചെയ്തത്’ എന്ന് പറയാന്‍ ആരും ഒരിടത്തും സ്വന്തം പേര് കൊത്തി വച്ചില്ല.
നിര്‍മ്മാണം പൂര്‍ത്തിയാക്കാതെ അവര്‍ ജോലി ചെയ്തു മരിച്ചു. അടുത്ത തലമുറ അത് ഏറ്റെടുത്തു, പണിതു, പൂര്‍ത്തിയാക്കാതെ മരിച്ചു. അടുത്ത തലമുറ വന്നു, അവര്‍ പണിതു, മരിച്ചു. ആരെങ്കിലും ഇത് പൂര്‍ത്തിയാക്കുമെന്ന് അവര്‍ക്കറിയാമായിരുന്നു.
ഇത് വേറിട്ടൊരു തരം മാനവികതയാണ്. അത്തരം ആളുകളെ സൃഷ്ടിക്കാന്‍ നാം ആഗ്രഹിക്കുന്നു, കാരണം മനുഷ്യരാശിക്ക് ശരിക്കും മൂല്യമുള്ള കാര്യങ്ങള്‍ ചെയ്യുന്നവര്‍ അവരാണ്. ദൈവതുല്യരായ അത്തരം മാനവരെ സൃഷ്ടിക്കാനാണ് നാം ആഗ്രഹിക്കുന്നത്. ദൈവതുല്യര്‍ എന്ന് ഞാന്‍ പറയുമ്പോള്‍ – ഇത് എത്ര മഹത്തായ ഒരു സൃഷ്ടിയാണ്, എന്നാല്‍ സൃഷ്ടികര്‍ത്താവ് എവിടെയെങ്കിലും അദ്ദേഹത്തിന്റെ ഒപ്പ് കൊത്തി വച്ചിട്ടുണ്ടോ? ഇല്ല. ഇവിടെയിരുന്ന് ഒരു സൃഷ്ടികര്‍ത്താവ് ഉണ്ടോ ഇല്ലയോ എന്ന് തര്‍ക്കിക്കാന്‍ തക്കവിധം അദ്ദേഹം മാറിനില്‍ക്കുകയാണ് ചെയ്യുന്നത്.സദ്ഗുരു വിശദീകരിക്കുന്നു.
















